wayanad local

മനംനിറച്ച് ബാണാസുര പുഷ്‌പോല്‍സവം

കല്‍പ്പറ്റ: ബാണാസുരസാഗര്‍ ഡാമിലെ പുഷ്‌പോല്‍സവത്തിന് തിരക്കേറിയതോടെ കൂടുതല്‍ സൗകര്യങ്ങളൊരുക്കി അധികൃതര്‍. പുഷ്‌പോല്‍സവം കാണികളുടെ മനംനിറച്ച് ഒരു മാസം പിന്നിട്ടു. കഴിഞ്ഞ രണ്ടാഴ്ചയായി ശരാശരി പ്രതിദിനം എണ്ണായിരത്തിലധികം സന്ദര്‍ശകര്‍ ബാണാസുരയിലെത്തുന്നുണ്ട്. വൈവിധ്യങ്ങളായ പൂക്കളുടെ കൂടാരമൊരുക്കി ഏവരെയും പൂക്കളുടെ ലോകത്തേക്ക് കൂട്ടിക്കൊണ്ടു പോവുകയാണ് ഈ വസന്തോല്‍സവം.
ഹൈഡല്‍ ടൂറിസംവകുപ്പ്, ചീരക്കുഴി നഴ്‌സറി, നാഷനല്‍ യൂത്ത് പ്രമോഷന്‍ കൗണ്‍സില്‍ എന്നിവയുടെ സംയുക്താഭിമുഖ്യത്തില്‍ 31 വരെയാണ് പുഷ്‌പോല്‍സവം നടക്കുന്നത്. മണ്ണുകൊണ്ട് നിര്‍മിച്ച രാജ്യത്തെ ഏറ്റവും വലിയ അണക്കെട്ടാണ് ബാണാസുരസാഗര്‍ ഡാം. സ്പില്‍വേ ഒഴികെ പൂര്‍ണമായി മണ്ണുകൊണ്ട് നിര്‍മിതം. രാജ്യത്തെ ഒഴുകി നടക്കുന്ന ആദ്യ സോളാര്‍ പാടവും ബാണാസുര ഡാമിന് സ്വന്തം. നൂറിലധികം വ്യത്യസ്തയിനം പൂക്കള്‍, ഇരുനൂറില്‍പരം ജറബറ പൂക്കള്‍, നാനൂറിലികം റോസാപ്പൂക്കള്‍, എഴുപതിലധികം ഡാലിയ, നാല്‍പതിലധികം ജമന്തികള്‍, ആന്തൂറിയം, പോയെന്‍സാറ്റിയ, ഡയാന്തസ്, ഹൈഡ്രജിയ, പെറ്റോണിയ, ഓര്‍ക്കിഡ്‌സ്, വെര്‍ട്ടിക്കല്‍ ഗാര്‍ഡന്‍ എന്നിവ പുഷ്‌പോല്‍സവത്തിലുണ്ട്.
ചെടികളുടെയും പൂക്കളുടെയും വില്‍പന സ്റ്റാള്‍, ഫഌവര്‍ഷോ, ഫുഡ് ഫെസ്റ്റിവെല്‍, വിപണന മേള, അമ്യൂസ്‌മെന്റ് പാര്‍ക്ക്, കലാപരിപാടികള്‍ എന്നിവയും സഞ്ചാരികളെ ആകര്‍ഷിക്കുന്നു. ജൈവ പച്ചക്കറി കൃഷി പോല്‍സാഹിപ്പിക്കുന്നതിനുള്ള പ്രത്യേക സ്റ്റാളുകളും അതിലൂടെ വിത്തുകളും ലഭ്യമാക്കുന്നുണ്ട്.
അവധിക്കാലത്തോടനുബന്ധിച്ച് പ്രവേശന നിരക്കില്‍ വൈകുന്നേരങ്ങളില്‍ ഇളവ് നല്‍കിയിട്ടുണ്ടെന്ന് അധികൃതര്‍ അറിയിച്ചു. ബോട്ടിങ്, കുതിര സവാരി, ത്രീഡി ഷോ, ചില്‍ഡ്രന്‍ പാര്‍ക്ക് എന്നിവയ്‌ക്കെല്ലാം വന്‍ തിരക്കാണ് കഴിഞ്ഞ ഒരാഴ്ചയായി അനുഭവപ്പെടുന്നത്.
Next Story

RELATED STORIES

Share it