മധ്യവയസ്‌കന്റെ മരണം കൊലപാതകം: അയല്‍വാസി അറസ്റ്റില്‍

തൊടുപുഴ: റബര്‍ തോട്ടത്തില്‍ മരിച്ച നിലയില്‍ കണ്ടെത്തിയ മധ്യവയസ്‌കന്റെ മരണം കൊലപാതകമെന്നു തെളിഞ്ഞു. സംഭവവുമായി ബന്ധപ്പെട്ട് വണ്ണപ്പുറം സ്വദേശിയും ഓട്ടോ ഡ്രൈവറുമായ സൂരജിനെ പോലിസ് അറസ്റ്റ് ചെയ്തു. ഇടുക്കി ജില്ലാ സഹകരണ ബാങ്ക് കഞ്ഞിക്കുഴി ശാഖയിലെ ജീവനക്കാരന്‍ തൊമ്മന്‍കുത്ത് പാലത്തിങ്കല്‍ ജോര്‍ജുകുട്ടിയെ ആണ് വ്യാഴാഴ്ച വണ്ണപ്പുറം ദര്‍ഭത്തൊട്ടിക്കു സമീപം റബര്‍ തോട്ടത്തില്‍ മരിച്ചനിലയില്‍ കണ്ടത്. ബുധനാഴ്ച രാത്രി കൃഷിയിടത്തിലേക്ക് പോയ ജോര്‍ജുകുട്ടി തിരികെ എത്താത്തതിനെ തുടര്‍ന്ന് നടത്തിയ അന്വേഷണത്തിലാണു മൃതദേഹം കണ്ടെത്തിയത്. കൃഷിയിടത്തിലെ മീന്‍കുളത്തിലേക്ക് പോവുന്ന വഴിയിലായിരുന്നു മൃതദേഹം. കോട്ടയം മെഡിക്കല്‍ കോളജില്‍ നടത്തിയ പോസ്റ്റ്‌മോര്‍ട്ടത്തിലാണ് സംഭവം കൊലപാതകമാണെന്ന് സ്ഥിരീകരിച്ചത്. കഴുത്തു ഞെരിച്ചും ശ്വാസം മുട്ടിച്ചുമാണ് കൊലപാതകമെന്നും പോസ്റ്റ് മോര്‍ട്ടത്തില്‍ വ്യക്തമായി. തുടര്‍ന്ന് നടത്തിയ അന്വേഷണത്തിലാണ് വണ്ണപ്പുറം സ്വദേശിയും ജോര്‍ജുകുട്ടിയുടെ  വീടിനടുത്ത് വാടകയ്ക്ക് താമസിക്കുന്നയാളുമായ സൂരജ് പിടിയിലായത്. സമീപത്തു താമസിക്കുന്ന സ്ത്രീയെ സംബന്ധിച്ച വാക്കുതര്‍ക്കമാണ് കൊലപാതകത്തില്‍ കലാശിച്ചതെന്ന് പോലിസ് പറഞ്ഞു. ജോര്‍ജുകുട്ടി റബര്‍ തോട്ടത്തിലൂടെ നടന്നുപോവുമ്പോള്‍ പിന്നില്‍ക്കൂടി ചെന്ന് കൊലപ്പെടുത്തുകയായിരുന്നുവെന്ന് സൂരജ് സമ്മതിച്ചതായി പോലിസ് പറഞ്ഞു. അന്വേഷണത്തിന്റെ ഭാഗമായി വിരലടയാള വിദഗ്ധരും സ്ഥലത്തെത്തിയിരുന്നു. ജില്ലാ ഡോഗ് സ്‌ക്വാഡിലെ സ്‌റ്റെഫി എന്ന നായയും അന്വേഷണത്തിനെത്തിയിരുന്നു. റബര്‍തോട്ടത്തിലൂടെ ഓടിയ നായ സൂരജ് താമസിക്കുന്ന വീടിനു സമീപത്താണ് നിന്നത്. ജില്ലാ പോലിസ് ചീഫ് കെ ബി വേണുഗോപാല്‍, തൊടുപുഴ ഡിവൈഎസ്പി എന്‍ എന്‍ പ്രസാദ് എന്നിവരുടെ നിര്‍ദേശപ്രകാരം കാളിയാര്‍ സിഐ ടി എ യൂനസ്, എസ്‌ഐമാരായ കുര്യാക്കോസ്, അബ്ബാസ് റാവുത്തര്‍, കരിമണ്ണൂര്‍ എസ് ഐ ക്ലീറ്റസ് കെ ജോസഫ് എന്നിവരുടെ നേതൃത്വത്തിലാണ് അന്വേഷണം നടന്നുവരുന്നത്. പ്രതിയെ ഇന്ന് കോടതിയില്‍ ഹാജരാക്കും.
Next Story

RELATED STORIES

Share it