kasaragod local

മധ്യവയസ്‌കന്റെ മരണം കൊലപാതകം; ഭാര്യയും കാമുകനും പിടിയില്‍



ശ്രീകണ്ഠപുരം: വീട്ടിനുള്ളില്‍ മധ്യവയസ്‌കനെ ദുരൂഹ സാഹചര്യത്തില്‍ മരിച്ച നിലയില്‍ കണ്ടെത്തിയ സംഭവം കൊലപാതകമാണെന്നു പോലിസ്. ഭാര്യയെയും കാമുകനെയും പോലിസ് പിടികൂടി. പാറക്കടവ് ഓര്‍ത്തഡോക്‌സ് പള്ളിക്കു സമീപം താമസിക്കുന്ന കരിക്കോട്ടക്കരി സ്വദേശി തോണിപ്പാറയില്‍ ബാബു(52)വിന്റെ മരണമാണ് കൊലപാതകമാണെന്ന് തെളിഞ്ഞത്. കഴിഞ്ഞ ദിവസം രാവിലെയാണ് ബാബുവിനെ കിടപ്പുമുറിയില്‍ മരിച്ച നിലയില്‍ കണ്ടെത്തിയത്. അയല്‍വാസികളുടെ സംശയത്തെ തുടര്‍ന്നു പോസ്റ്റ്‌മോര്‍ട്ടം നടത്തിയപ്പോഴാണ് കൊലപാതകം തെളിഞ്ഞത്. കഴുത്തില്‍ തോര്‍ത്തുമുണ്ട് മുറുക്കി ശ്വാസം മുട്ടിച്ച് കൊലപ്പെടുത്തിയതാണെന്ന റിപോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ ബാബുവിന്റെ ഭാര്യ ജിന്‍സി ആനി(39)യെ ചോദ്യം ചെയ്തപ്പോഴാണ് കൊലപാതകവിവരം പുറത്തായത്. കാമുകനും ഇവരുടെ വീടിന് സമീപം താമസിക്കുന്നയാളുമായ ജോബി(40)യുടെ സഹായത്തോടെയാണ് കൊലപ്പെടുത്തിയതെന്നാണു ആനിയുടെ മൊഴി. കരിക്കോട്ടക്കരി സ്വദേശിയായ ബാബു വര്‍ഷങ്ങള്‍ക്കു മുമ്പ് പാറക്കടവിലെത്തി താമസിക്കുകയായിരുന്നു. നേരത്തേ ടാപ്പിങ് തൊഴിലാളിയായിരുന്ന ബാബു കുറച്ചു കാലമായി പയ്യാവൂരില്‍ കോഴിക്കടയിലാണു ജോലി ചെയ്യുന്നത്. നേരത്തേ ഗള്‍ഫില്‍ ജോലി ചെയ്തിരുന്ന ജിന്‍സി ആനിയും പെയിന്റിങ് തൊഴിലാളിയായ ജോബിയും ഏറെക്കാലമായി അടുപ്പത്തിലാണെന്ന് ചോദ്യംചെയ്യലില്‍ സമ്മതിച്ചിട്ടുണ്ട്. ആനി-ബാബു ദമ്പതികളുടെ മക്കളായ ജിബിന്‍ വിദേശത്തും എബിന്‍ കോട്ടയത്തും ജോലി ചെയ്യുകയാണ്. ഷിബിന്‍ എറണാകുളത്ത് വിദ്യാര്‍ഥിയാണ്. ആനിയുടെ അവിഹിക ബന്ധം ബാബുവിന്റെ ശ്രദ്ധയില്‍പെട്ടതിനെ ചൊല്ലി വീട്ടില്‍ വഴക്കുണ്ടാവാറുള്ളതായി പരിസരവാസികള്‍ പറഞ്ഞു. തളിപ്പറമ്പ് ഡിവൈഎസ്പിയുടെ നിര്‍ദേശപ്രകാരം ശ്രീകണ്ഠപുരം സിഐയുടെ ചുമതല വഹിക്കുന്ന ആലക്കോട് സിഐ ഇ പി സുരേഷന്‍, പയ്യാവൂര്‍ എസ്‌ഐ ഉഷാദേവി എന്നിവരാണ് പ്രതികളെ കസ്റ്റഡിയിലെടുത്തത്. പരിയാരം മെഡിക്കല്‍ കോളജ് ആശുപത്രിയിലാണ് പോസ്റ്റ് മോര്‍ട്ടം നടത്തിയത്.
Next Story

RELATED STORIES

Share it