malappuram local

മധ്യവയസ്‌കന്റെ ദുരൂഹമരണം; അന്വേഷണം വൈകുന്നതില്‍ നാട്ടുകാര്‍ പ്രക്ഷോഭത്തിന്

കാളികാവ്: അഞ്ചച്ചവിടി മൈലാടിയില്‍ മധ്യവയസ്‌കന്‍ ദൂരൂഹ സാഹചര്യത്തില്‍ മരിച്ച സംഭവത്തില്‍ പ്രതിഷേധമുയരുന്നു. അന്വേഷണം വൈകുന്നതിനെതിരേ നാട്ടുകാര്‍ പ്രക്ഷോഭത്തിനൊരുങ്ങുകയാണ്. സംഭവം നടന്ന് മൂന്നാഴ്ച കഴിഞ്ഞിട്ടും സംഭവത്തിലെ ദുരൂഹത നീങ്ങാത്തതാണ് പ്രതിഷേധത്തിനു കാരണം. കഴിഞ്ഞ മാസം 21നാണ് മരുദത്ത് മുഹമ്മദലി എന്ന 49 കാരന്‍ ദുരൂഹ സാഹചര്യത്തില്‍ മരിച്ചത്.
ഉറങ്ങാന്‍ കിടന്ന മുഹമ്മദലി രണ്ടുതവണ ഛര്‍ദ്ദിക്കുകയും പുലര്‍ച്ചെ മൂന്നു മണിയോടെ മരിക്കുകയുമായിരുന്നു. തുടര്‍ന്ന് സ്വാഭാവിക മരണമെന്ന നിലയില്‍ മൃതദേഹം സംസ്‌കരിക്കുകയും ചെയ്തു. എന്നാല്‍, സംഭവത്തിന്റെ നാലാംനാള്‍ മുഹമ്മദലിയുടെ ഭാര്യ ഭര്‍ത്താവിന്റെ സുഹൃത്തിന്റെ കൂടെ രണ്ടു മക്കളെയും കൂട്ടി ഒളിച്ചോടുകയും ചെയ്തു. ഇതില്‍ സംശയം തോന്നിയ ബന്ധുക്കള്‍ മരണത്തില്‍ ദുരൂഹതയുണ്ടെന്ന് കാണിച്ച് പോലിസില്‍ പരാതി നല്‍കി. തുടര്‍ന്ന് 29ന് മൃതദേഹം പുറത്തെടുത്ത് പോസ്റ്റുമോര്‍ട്ടം ചെയ്തു. ഇതിന്റെ റിപോര്‍ട്ട് ഇപ്പോഴും ലഭിച്ചിട്ടില്ലെന്നാണ് പോലിസ് പറയുന്നത്. മുഹമ്മദലി മരിക്കുന്ന രാത്രി ഭാര്യയുടെ കാമുകനും ഇവരുടെ വീട്ടിലുണ്ടായിരുന്നു. ഇയാള്‍ തെക്കന്‍ ജില്ലക്കാരനാണ്. രാത്രി ഒരുമണി വരെ ഇരുവരും മദ്യപിക്കുകയും ചെയ്തിരുന്നു. ഈ മദ്യത്തില്‍ വിഷം കലര്‍ത്തിയിരുന്നതായി ബന്ധുക്കള്‍ സംശയം ഉന്നയിക്കുന്നു.
പ്രായപൂര്‍ത്തിയാവാത്ത രണ്ട് ആണ്‍കുട്ടികളെയും കൂട്ടിയാണ് ഭാര്യ കാമുകന്റെ കുടെ പോയത്. ഈ കുട്ടികളുടെ ജീവനു ഭീഷണി ഉണ്ടാവുമോ എന്നാണ് നാട്ടുകാര്‍ക്ക് ഭയം. കുട്ടികളെയും സഹോദരിയെയും കാണാനില്ലെന്നു കാണിച്ച് ബന്ധുക്കള്‍ നല്‍കിയ പരാതിയിലും യാതൊരു നടപടിയും ഇതുവരെ ഉണ്ടായിട്ടില്ല. കോഴിക്കോട് റീജ്യനല്‍ കെമിക്കല്‍ ലാബിലാണ് പരിശോധന നടക്കുന്നത്.
പോലിസ് വിചാരിച്ചാല്‍ ഒരാഴ്ചകൊണ്ട് റിപോര്‍ട്ട് ലഭിക്കാവുന്നതാണെന്നാണ് നാട്ടുകാര്‍ പറയുന്നത്. മൂന്നാഴ്ചയായിട്ടും റിപോര്‍ട്ട് ലഭിക്കാത്തത് പോലിസിന്റെ അനാസ്ഥയായി വിലയിരുത്തപ്പെടുന്നു. അതേസമയം, പോലിസ് അന്വേഷണം നടത്തുന്നുണ്ടെന്ന് കാളികാവ് എസ്‌ഐ കുര്യാക്കോസ് തേജസിനോട് പറഞ്ഞു.
ഇവരുടെ മൊബൈല്‍ സ്വിച്ച് ഓഫായതിനാല്‍ കൃത്യമായ ലൊക്കേഷന്‍ കണ്ടെത്താനായിട്ടില്ല. ഇവര്‍ തമിഴ്‌നാട്ടിലുണ്ടെന്നാണ് പോലിസ് നിഗമനം. ജില്ലാ പോലിസ് അധികാരിയുടെ അനുമതിപത്രം ലഭിച്ചാല്‍ രണ്ടു ദിവസത്തിനുള്ളില്‍ പോലിസ് സംഘം തമിഴ്‌നാട്ടിലേക്കു പോവുമെന്നും എസ്‌ഐ പറഞ്ഞു.

Next Story

RELATED STORIES

Share it