Flash News

മധ്യപ്രദേശ് കര്‍ഷക പ്രക്ഷോഭം : കലക്ടറെ കൈയേറ്റം ചെയ്തു ; മുന്‍ എം പി കസ്റ്റഡിയില്‍



മന്ദ്‌സൗര്‍: മധ്യപ്രദേശിലെ മന്ദ്‌സൗറില്‍ സമരം ചെയ്യുന്ന കര്‍ഷകര്‍ ജില്ലാകലക്ടറെ കൈയേറ്റം ചെയ്തു. സമരക്കാരെ സാന്ത്വനിപ്പിക്കാന്‍ ശ്രമിച്ച മന്ദ്‌സൗര്‍ കലക്ടര്‍ എസ് കെ സിങാണ് കൈയേറ്റത്തിനിരയായത്. കലക്ടര്‍ക്കൊപ്പം പോലിസ് സൂപ്രണ്ട് ഓംപ്രകാശ് ത്രിപാഠിയുമുണ്ടായിരുന്നു. ചൊവ്വാഴ്ച പ്രക്ഷോഭം അക്രമാസക്തമായതിനെ തുടര്‍ന്നുണ്ടായ പോലിസ് വെടിവയ്പില്‍  മരിച്ചവരുടെ എണ്ണം ആറായി . കൊല്ലപ്പെട്ടവരുടെ കുടുംബാംഗങ്ങളെ കാണാന്‍ പുറപ്പെട്ട മന്ദ്‌സൗര്‍ മുന്‍ എംപി മീനാക്ഷി നടരാജനെ ഇന്നലെ പോലിസ് കസ്റ്റഡിയിലെടുത്തു. കാര്‍ഷികോല്‍പന്നങ്ങള്‍ക്ക് ഉയര്‍ന്ന താങ്ങുവില ഏര്‍പ്പെടുത്തണമെന്നതടക്കമുള്ള ആവശ്യങ്ങള്‍ ഉന്നയിച്ച് പശ്ചിമമധ്യപ്രദേശിലെ കര്‍ഷകര്‍ ഈ മാസം ഒന്നുമുതല്‍ പ്രക്ഷോഭത്തിലാണ്. സമരം അക്രമാസക്തമായതിനെ തുടര്‍ന്ന് മന്ദ്‌സൗര്‍ ജില്ലയിലെ പിപല്യമണ്ടി പോലിസ് സ്‌റ്റേഷന്‍ പരിധിയിലും മന്ദ്‌സൗര്‍ പട്ടണത്തിലും കര്‍ഫ്യൂ തുടരുകയാണ്. ജില്ലയുടെ മറ്റ് ഭാഗങ്ങളില്‍ നിരോധനാജ്ഞയും പ്രഖ്യാപിച്ചു. ബെര്‍ഖേദ പന്ത് മേഖലയില്‍ റോഡ് തടഞ്ഞ കര്‍ഷകരെ അനുനയിപ്പിക്കാനെത്തിയപ്പോഴാണ് കലക്ടര്‍ കൈയേറ്റത്തിനിരയായത്. എന്നാല്‍, സംഭവത്തെ കുറിച്ച് പ്രതികരിക്കാന്‍ കലക്ടര്‍ വിസമ്മതിച്ചു. അതേസമയം, കൊല്ലപ്പെട്ടവരുടെ മൃതദേഹം ബുധനാഴ്ച രാവിലെ സംസ്‌കരിച്ചു. മന്ദ്‌സൗറില്‍ സ്ഥിതി ശാന്തമാണെന്നാണ് ഉജ്ജയിന്‍ റേഞ്ച് പോലിസ് ഐ ജി വി മധുകുമാര്‍ പറഞ്ഞത്. കര്‍ഷകരോട് അനുഭാവം പ്രകടിപ്പിച്ച് കോണ്‍ഗ്രസ് ഇന്നലെ ആഹ്വാനം ചെയ്ത സംസ്ഥാന ബന്ദ് പശ്ചിമ മധ്യപ്രദേശിനെ ബാധിച്ചു. എന്നാല്‍, ഭോപാലില്‍ പെട്രോള്‍ പമ്പുകളും വിപണികളും തുറന്നു പ്രവര്‍ത്തിച്ചു. വെടിവയ്പ് സംബന്ധിച്ച മജിസ്‌ട്രേറ്റ് തല അന്വേഷണത്തിന് സര്‍ക്കാര്‍ ഉത്തരവിട്ടിട്ടുണ്ട്. കര്‍ഷകരെ അക്രമത്തിന് പ്രേരിപ്പിക്കുന്നത് കോണ്‍ഗ്രസ് ആണെന്നാണ് മുഖ്യമന്ത്രി ശിവരാജ് സിങ് ചൗഹാന്‍ ആരോപിക്കുന്നത്. മന്ദ്‌സൗര്‍, രത്്‌ല, നീമുക് ജില്ലകളില്‍ മൊബൈല്‍ ഇന്റര്‍നെറ്റ് സേവനങ്ങള്‍ക്ക് താല്‍ക്കാലിക വിലക്ക് ഏര്‍പ്പെടുത്തി. കേന്ദ്രം 1,100 സൈനികരെ മധ്യപ്രദേശിലേക്ക് നിയോഗിച്ചു.
Next Story

RELATED STORIES

Share it