മധ്യപ്രദേശ് ഉപതിരഞ്ഞെടുപ്പ് ഇന്ന് ; ബിജെപിക്ക് നിര്‍ണായകം

ഭോപാല്‍: മധ്യപ്രദേശില്‍ രത്‌ലം ജാബുവ ലോക്‌സഭാ സീറ്റിലേക്കും ദേവാസ് നിയമസഭാ സീറ്റിലേക്കും ഇന്നും വോട്ടെടുപ്പ് നടക്കും. ബിഹാര്‍ നിയമസഭാ തിരഞ്ഞെടുപ്പിലേറ്റ കനത്ത പരാജയത്തിനു ശേഷം നടക്കുന്ന ഈ ഉപതിരഞ്ഞെടുപ്പ് ബിജെപിക്ക് അഗ്നിപരീക്ഷയാണ്. അന്തരിച്ച എം പി ദിലീപ് സിങ് ഭൂരിയയുടെ മകള്‍ നിര്‍മല്‍ ഭൂരിയയെ ആണ് രത്‌ലമില്‍ ബിജെപി സ്ഥാനാര്‍ഥിയാക്കിയിരിക്കുന്നത്.
ദിലീപ്‌സിങ് മരിച്ചതിനെ തുടര്‍ന്നാണ് രത്‌ലമില്‍ തിരഞ്ഞെടുപ്പ് വേണ്ടിവന്നത്. നിര്‍മല്‍ ഭൂരിയ നിലവില്‍ പെത്‌ലാവാദിലെ എംഎല്‍എയാണ്. നിര്‍മലിനെ സ്ഥാനാര്‍ഥിയാക്കുക വഴി സഹതാപതരംഗമാണ് ബിജെപി ലക്ഷ്യമാക്കുന്നത്. ദേവാസിലും ബിജെപി എംഎല്‍എ അന്തരിച്ചതിനെ തുടര്‍ന്നാണ് ഉപതിരഞ്ഞെടുപ്പ് വേണ്ടിവന്നത്. ദേവാസിന്റെ മുന്‍ രാജാവ് തുകോജി റാവു പവാറിന്റെ വിധവ ഗായത്രിരാജെ പുവാര്‍ ആണ് ഇവിടെ ബിജെപി സ്ഥാനാര്‍ഥി. രണ്ടു മണ്ഡലങ്ങളില്‍ കോണ്‍ഗ്രസ് ഒത്തൊരുമയോടെയാണ് ബിജെപിയെ നേരിടുന്നത്.
സംവരണനയം പുനപ്പരിശോധിക്കണമെന്ന ആര്‍എസ്എസ് തലവന്‍ മോഹന്‍ ഭാഗവതിന്റെ പ്രസ്താവനയാണ് കോണ്‍ഗ്രസ് വന്‍ പ്രചാരണായുധമാക്കിയത്. കോണ്‍ഗ്രസ്സിന്റെ പ്രചാരണത്തിനു മറുപടി പറയാന്‍ ബിജെപി നന്നെ ക്ലേശിക്കുന്നുണ്ട്.
താന്‍ മുഖ്യമന്ത്രിയായിരിക്കുവോളം ആര്‍ക്കും സംവരണം നിര്‍ത്താനാവില്ലെന്നാണ് ബിജെപി മുഖ്യമന്ത്രി ശിവരാജ്‌സിങ് ചൗഹാന്‍ പറയുന്നത്. രത്‌ലമില്‍ മുന്‍ കേന്ദ്രമന്ത്രി കാന്തിലാല്‍ ഭൂരിയയാണ് കോണ്‍ഗ്രസ് സ്ഥാനാര്‍ഥി. കോണ്‍ഗ്രസ്സിന്റെ ഒട്ടേറെ ദേശീയനേതാക്കള്‍ ഉപതിരഞ്ഞെടുപ്പിന്റെ പ്രചാരണത്തിനെത്തിയിരുന്നു. ചൊവ്വാഴ്ചയാണ് വോട്ടെണ്ണല്‍.
Next Story

RELATED STORIES

Share it