മധ്യപ്രദേശില്‍ മുസ്‌ലിംലീഗ് നേതാക്കള്‍ ജയിലിലായിട്ട് ഒരു മാസം; കേരള നേതാക്കള്‍ തിരിഞ്ഞുനോക്കുന്നില്ല

മധ്യപ്രദേശില്‍ മുസ്‌ലിംലീഗ് നേതാക്കള്‍ ജയിലിലായിട്ട് ഒരു മാസം; കേരള നേതാക്കള്‍ തിരിഞ്ഞുനോക്കുന്നില്ല
X


സിദ്ദീഖ് കാപ്പന്‍
ന്യൂഡല്‍ഹി: ബിജെപി ഭരിക്കുന്ന മധ്യപ്രദേശില്‍ മുസ്‌ലിംലീഗിന്റെ പ്രവര്‍ത്തനത്തിനു തടയിടാന്‍ സംസ്ഥാന സര്‍ക്കാര്‍ നീക്കം. ജമ്മുവിലെ കഠ്‌വയില്‍  എട്ടുപേര്‍ ചേര്‍ന്ന് എട്ടുവയസ്സുകാരിയെ കൂട്ടമാനഭംഗത്തിനിരയാക്കി കൊലപ്പെടുത്തിയ സംഭവത്തില്‍ പ്രകടനം നടത്തിയതിന്റെ പേരിലാണ് നേതാക്കളെ അകത്താക്കിയത്.

ഏപ്രില്‍ 20ന് മുസ്‌ലിംലീഗ് കമ്മിറ്റി നടത്തിയ റാലിക്ക് ശേഷം ബുര്‍ഹാന്‍പൂര്‍ ജില്ലാ നേതാക്കളായ നാല് അഭിഭാഷകരടക്കം 35 മുസ്‌ലിംലീഗ് പ്രവര്‍ത്തകര്‍ക്കെതിരേ പോലിസ് കേസെടുത്തിരുന്നു. ഇതിന്റെ ഭാഗമായി എംഎസ്എഫ് മധ്യപ്രദേശ് സംസ്ഥാന പ്രസിഡന്റ് അഡ്വ. മുദസ്സിര്‍ അഹ്മദിനെ അറസ്റ്റ് ചെയ്ത് ജയിലിലടച്ചിട്ട് ഒരു മാസം പിന്നിട്ടു. മറ്റൊരു റാലിയിലെ ആക്രമണത്തിന്റെ പേരില്‍ തങ്ങളുടെ പ്രവര്‍ത്തകര്‍ക്കു നേരെ പോലിസ് കള്ളക്കേസെടുക്കുകയായിരുന്നുവെന്നാണ് ലീഗ് നേതാക്കള്‍ പറയുന്നത്. ലീഗ് ജില്ലാ പ്രസിഡന്റ് അഡ്വ. ഹാഫിസുദ്ദീന്‍, ബുര്‍ഹാന്‍പൂര്‍ കോര്‍പറേഷന്‍ കൗണ്‍സിലറും ലീഗ് സംസ്ഥാന ജനറല്‍ സെക്രട്ടറിയുമായ അഡ്വ. സഹീറുദ്ദിന്‍, എസ്ടിയു നേതാവ് അഡ്വ. നൂര്‍ അഹ്മദ്, മുസ്‌ലിംലീഗ് ജില്ലാ സെക്രട്ടറി അഡ്വ. ദേവനെന്ത് തെയ്ദി എന്നിവര്‍ ഒളിവിലാണ്.

ജൂണ്‍ 16ന് മുമ്പ് കീഴടങ്ങിയില്ലെങ്കില്‍ ഇവരുടെ വീടുകള്‍ ജപ്തി ചെയ്യുമെന്നു കാണിച്ച് അധികൃതര്‍ നോട്ടീസയച്ചിട്ടുണ്ട്. വിഷയത്തില്‍ കേരളത്തിലെ മുസ്‌ലിംലീഗ് നേതാക്കള്‍ ഇടപെടുന്നില്ലെന്ന ആക്ഷേപം ശക്തമാണ്. നേതാക്കന്മാരുടെ ജാമ്യത്തിനായെങ്കിലും ഇടപെടണമെന്നാണ് പാര്‍ട്ടി പ്രവര്‍ത്തകര്‍ പറയുന്നത്. ആദ്യ പടിയായി രണ്ടുലക്ഷം രൂപ കിട്ടിയാല്‍ ഈ നേതാക്കള്‍ക്ക് ജാമ്യം കിട്ടുമെന്നാണ് ഉത്തരേന്ത്യയില്‍ ലീഗിന്റെ റിലീഫ് പ്രവര്‍ത്തനങ്ങള്‍ക്ക് നേതൃത്വം നല്‍കുന്ന അബ്ദുല്‍ ലത്തീഫ് രാമനാട്ടുകര സോഷ്യല്‍ മീഡിയയിലൂടെ  അഭ്യര്‍ഥിച്ചത്.

നേതാക്കളായ അഭിഭാഷകര്‍ തന്നെ ഒളിവിലായതിനാല്‍ അവര്‍ക്ക് കോടതിയില്‍ പോവാനാവുന്നില്ലെന്നും കേസ് കീഴ്‌ക്കോടതിയില്‍ നിന്നു ഹൈക്കോടതിയിലേക്കു മാറ്റിയതിനാല്‍  ഇനി കേസ് നടത്താന്‍ബുര്‍ഹാന്‍പൂരില്‍ നിന്ന് 500 കിലോമീറ്റര്‍ അകലെയുള്ള ജബല്‍പൂരില്‍ പോവണമെന്നും കനിവുള്ളവര്‍ സഹായിക്കണമെന്നും ലീഗിന്റെ മധ്യപ്രദേശ് നേതാക്കളായ അഭിഭാഷകര്‍ക്കായി താനിതു സമര്‍പ്പിക്കുന്നുവെന്നുമാണ് ലത്തീഫിന്റെ അഭ്യര്‍ഥന.
Next Story

RELATED STORIES

Share it