Flash News

മധ്യപ്രദേശില്‍ കര്‍ഷകരെ പോലിസ് വിവസ്ത്രരാക്കി മര്‍ദിച്ചു



ഭോപാല്‍: വിവിധ ആവശ്യങ്ങളുന്നയിച്ച് സമരം ചെയ്ത കര്‍ഷകരെ സ്റ്റേഷനിലെത്തിച്ച് മധ്യപ്രദേശ് പോലിസ് വിവസ്ത്രരാക്കി മര്‍ദിച്ചു. മണിക്കൂറുകളോളം അര്‍ധ നഗ്‌നരാക്കി പോലിസ് സ്‌റ്റേഷനില്‍ ഇരുത്തിയ കര്‍ഷകരെ ഇവിടെനിന്നു പുറത്തിറങ്ങിയ ശേഷമാണ് വസ്ത്രം ധരിക്കാന്‍ അനുവദിച്ചത്. കര്‍ഷക സമരത്തിനിടെയുണ്ടായ പോലിസ് വെടിവയ്പില്‍ ഈ വര്‍ഷം ജൂണില്‍ അഞ്ച് കര്‍ഷകര്‍ കൊല്ലപ്പെട്ട മധ്യപ്രദേശിലെ ബന്ദര്‍ഘണ്ഡിലാണ് സംഭവം.കര്‍ഷകര്‍ അര്‍ധ നഗ്‌നരായി പോലിസ് സ്‌റ്റേഷനില്‍ ഇരിക്കുന്നതിന്റെയും വസ്ത്രം തോളിലിട്ട് സ്‌റ്റേഷന് പുറത്ത് പോവുന്നതിന്റേയും ഫോട്ടോ കോണ്‍ഗ്രസ് പാര്‍ട്ടിയാണ് പുറത്തുവിട്ടത്. ജില്ലാ ഭരണകൂട കാര്യാലയത്തിനുമുന്നില്‍ തങ്ങളുടെ ആവശ്യങ്ങള്‍ ഉന്നയിച്ച് സമരം ചെയ്യുകയായിരുന്നു കര്‍ഷകര്‍. പോലിസ് സ്‌റ്റേഷനില്‍വച്ച് തങ്ങളെ പോലിസ് മര്‍ദിച്ചതായും വസ്ത്രം അഴിപ്പിച്ചതായും കര്‍ഷകര്‍ പറഞ്ഞു. സമരത്തെ നേരിടാന്‍ പോലിസ് ലാത്തി വീശുകയും കണ്ണീര്‍വാതകം പ്രയോഗിക്കുകയും ചെയ്തിരുന്നു. എന്നാല്‍, പ്രതിഷേധ പരിപാടി സംഘടിപ്പിച്ചത് കോണ്‍ഗ്രസ് അജണ്ടയോടെയാണെന്നും പോലിസുകാര്‍ക്കെതിരേ കല്ലെറിഞ്ഞതിനാലാണ്് സമരക്കാരെ അറസ്റ്റ് ചെയ്തതെന്നുമാണ് പോലിസ് ഭാഷ്യം. കോണ്‍ഗ്രസ് മനപ്പൂര്‍വം പ്രശ്‌നങ്ങളുണ്ടാക്കാന്‍ ശ്രമിക്കുകയാണെന്നാണ് സംഭവത്തെകുറിച്ച് മധ്യപ്രദേശ് മുഖ്യമന്ത്രി ശിവരാജ് സിങ് ചൗഹാന്‍ പ്രതികരിച്ചത്. സംഭവത്തില്‍ മനുഷ്യാവകാശ കമ്മീഷനെ സമീപിക്കുമെന്ന് കോണ്‍ഗ്രസ്സും വിവസ്ത്രരാക്കിയതിനെക്കുറിച്ച് അന്വേഷിച്ച് നടപടിയെടുക്കുമെന്ന് മധ്യപ്രദേശ് അഭ്യന്തരമന്ത്രി ഭൂപേന്ദ്ര സിങും പറഞ്ഞു.
Next Story

RELATED STORIES

Share it