മധ്യകേരളം വാഴുമെന്ന് എല്‍ഡിഎഫ്; വീഴില്ലെന്ന് യുഡിഎഫ്

ടോമി മാത്യു

കൊച്ചി: നിയമസഭാ തിരഞ്ഞെടുപ്പില്‍ അന്തിമ പോളിങ് ശതമാനം പുറത്തുവന്നതോടെ മധ്യകേരളം ഇത്തവണ ആരു പിടിക്കുമെന്നാണ് രാഷ്ട്രീയ കേരളം ഉറ്റു നോക്കുന്നത്. 2011ലെ തിരഞ്ഞെടുപ്പില്‍ യുഡിഎഫിനെ കൈയയച്ചു സഹായിച്ചതില്‍ പ്രധാന പങ്കുവഹിച്ചത് മധ്യകേരളമായിരുന്നു.
2011ലെപ്പോലെ ഇത്തവണയും മുന്നേറ്റമുണ്ടാവുമെന്ന് യുഡിഎഫ് പ്രതീക്ഷിക്കുമ്പോള്‍ ഇക്കുറി മധ്യകേരളത്തില്‍ എല്‍ഡിഎഫ് വാഴുമെന്നാണ് ഇടതു നേതാക്കളുടെ വിലയിരുത്തല്‍. 2011ലെ തിരഞ്ഞെടുപ്പില്‍ പാലക്കാട് 75.6, തൃശൂര്‍ 74.9, എറണാകുളം 77.6, കോട്ടയം 73.8, ഇടുക്കി 71.1 ശതമാനമായിരുന്നു പോളിങ്. ഈ അഞ്ചു ജില്ലകളിലും ഇക്കുറി പോളിങ് ശതമാനത്തില്‍ കാര്യമായ വര്‍ധനവ് ഉണ്ടായിട്ടുണ്ട്.
തിരഞ്ഞെടുപ്പ് കമ്മീഷന്‍ പുറത്തുവിട്ട അന്തിമ കണക്കുപ്രകാരം പാലക്കാട് 78.37, തൃശൂര്‍ 77.74, എറണാകുളം 79.77, കോട്ടയം 76.9, ഇടുക്കി 73.59 എന്നിങ്ങനെയാണ് അന്തിമ പോളിങ് ശതമാനം. 2011ല്‍ അഞ്ചു ജില്ലകളിലെ 53 സീറ്റില്‍ യുഡിഎഫ് 31ഉം എല്‍ഡിഎഫ് 22ഉം സീറ്റുകള്‍ നേടി. പാലക്കാട് 12ല്‍ ഏഴും തൃശൂരില്‍ 13ല്‍ ഏഴും ഇടുക്കിയിലെ അഞ്ചില്‍ മൂന്നും നേടി എല്‍ഡിഎഫ് മുന്നിലെത്തിയപ്പോള്‍ എറണാകുളത്ത് 14ല്‍ 11ഉം കോട്ടയത്ത് ഒമ്പതില്‍ ഏഴും നേടി യുഡിഎഫ് മുന്നില്‍ എത്തി.
എറണാകുളത്തും കോട്ടയത്തും നേടിയ വ്യക്തമായ ഭൂരിപക്ഷത്തിന്റെ അടിസ്ഥാനത്തിലാണ് അന്നത്തെ തിരഞ്ഞെടുപ്പില്‍ മധ്യകേരളത്തിലാകെ യുഡിഎഫിന് മേധാവിത്വം ലഭിച്ചത്. ഈ രണ്ടു ജില്ലകളില്‍ മാത്രം 2011ല്‍ എല്‍ഡിഎഫിനെക്കാള്‍ 13 സീറ്റുകളുടെ ഭൂരിപക്ഷം യുഡിഎഫിന് ലഭിച്ചു. എന്നാല്‍, അന്നുണ്ടായിരുന്നതില്‍ നിന്ന് വ്യത്യസ്തമായി ഇത്തവണയുണ്ടായ പുതിയ രാഷ്ട്രീയ സമവാക്യങ്ങള്‍ കാര്യമായി പ്രതിഫലിക്കുമെന്നും ഇത് ഗുണം ചെയ്യുമെന്നുമാണ് എല്‍ഡിഎഫിന്റെ കണക്കുകൂട്ടല്‍.
പാലക്കാട് പോളിങ് ശതമാനം വര്‍ധിച്ചെങ്കിലും കഴിഞ്ഞ തവണത്തേതില്‍നിന്നു കാര്യമായ മാറ്റമുണ്ടാവില്ലെന്നാണ് പൊതുവെ വിലയിരുത്തല്‍. നിലവിലെ സീറ്റുകള്‍ നിലനിര്‍ത്തുന്നതിനൊപ്പം ഒരു സീറ്റ് എല്‍ഡിഎഫില്‍നിന്നു പിടിച്ചെടുക്കുമെന്നാണ് യുഡിഎഫ് പറയുന്നത്. പാലക്കാട്, മലമ്പുഴ മണ്ഡലങ്ങളൊഴിക മറ്റൊരിടത്തും ബിജെപി-ബിഡിജെഎസ് കൂട്ടുകെട്ട് ബാധിക്കില്ലെന്നാണ് ഇരു മുന്നണികളുടെയും വിലയിരുത്തല്‍.
ഇടുക്കിയില്‍ ഇത്തവണ വന്‍ മുന്നേറ്റം നടത്തുമെന്ന് എല്‍ഡിഎഫ് അവകാശപ്പെടുമ്പോള്‍ മുഴുവന്‍ സീറ്റും പിടിക്കുമെന്നാണ് യുഡിഎഫ് പറയുന്നത്. എന്നാല്‍, കേരളാ കോണ്‍ഗ്രസ്സിലെ പിളര്‍പ്പ് യുഡിഎഫിന്റെ വിജയത്തെ ബാധിക്കുമെന്നാണ് വിലയിരുത്തല്‍. ഫ്രാന്‍സിസ് ജോര്‍ജിന്റെ നേതൃത്വത്തില്‍ രൂപീകരിച്ച ജനാധിപത്യ കേരളാ കോണ്‍ഗ്രസ്സിന്റെ വരവ് എല്‍ഡിഎഫിന് ഗുണം ചെയ്യുമെന്നാണ് കണക്കൂകൂട്ടല്‍. ഫ്രാന്‍സിസ് ജോര്‍ജ് മല്‍സരിച്ച ഇടുക്കി മണ്ഡലത്തിലാണ് ഇത്തവണ ഏറ്റവും കൂടുതല്‍ പോളിങ് നടന്നത്. 76.35 ശതമാനം.
ബാര്‍ കോഴ ആരോപണത്തെ തുടര്‍ന്ന് മന്ത്രിസ്ഥാനം രാജിവച്ച കെ എം മാണിയെ ഇത്തവണ പാലാ കൈവിടുമെന്നാണ് എക്‌സിറ്റ് പോള്‍ ഫലം പറയുന്നതെങ്കിലും വിജയം ഉറപ്പാണെന്ന് മാണി അവകാശപ്പെടുന്നു. മാണി ഗ്രൂപ്പില്‍ നിന്നും രാജിവെച്ച പി സി ജോര്‍ജിന് പൂഞ്ഞാറില്‍ ഇടതുമുന്നണി സീറ്റ് നിഷേധിച്ചതോടെ അദ്ദേഹം സ്വതന്ത്രനായി പോരാട്ടത്തിനിറങ്ങുകയായിരുന്നു. നിര്‍ണായക സ്വാധീനമുള്ള എസ്ഡിപിഐയുടെ പിന്തുണയും പി സി ജോര്‍ജിനായിരുന്നു.
ജനാധിപത്യ കേരളാ കോണ്‍ഗ്രസ്സിന്റെ വരവ് കോട്ടയം ജില്ലയിലും ഗുണകരമാവുമെന്നാണ് എല്‍ഡിഎഫ് വിലയിരുത്തല്‍. കഴിഞ്ഞ തവണ വൈക്കവും ഏറ്റുമാനൂരും മാത്രമാണ് എല്‍ഡിഎഫിന് ലഭിച്ചത്. ഇത്തവണ ഈ രണ്ടു സീറ്റുകള്‍ക്കൊപ്പം ഒന്നോ രണ്ടോ സീറ്റുകള്‍കൂടി അധികം നേടാന്‍ സാധിക്കുമെന്നാണ് എല്‍ഡിഎഫ് കണക്കുകൂട്ടല്‍. വൈക്കത്താണ് ഇത്തവണയും ഏറ്റവും കൂടുതല്‍ പോളിങ്. ഏറ്റവും കുറവ് കടുത്തുരുത്തിയില്‍.
ഇത്തവണ എറണാകുളം ജില്ലയില്‍ വന്‍ തോതില്‍ ഇടതു മുന്നേറ്റമുണ്ടാവുമെന്നാണ് എക്‌സിറ്റ്‌പോള്‍ ഫലം. മന്ത്രിമാരായ കെ ബാബു, അനൂപ് ജേക്കബ്, വി കെ ഇബ്രാഹിംകുഞ്ഞ് എന്നിവര്‍ പരാജയപ്പെടുമെന്നാണ് പ്രവചനം. ജില്ലയില്‍ കഴിഞ്ഞ തവണ 14ല്‍ 11 സീറ്റ് നേടിയ യുഡിഫ് ഇത്തവണ മൂന്നു സീറ്റില്‍ മാത്രമൊതുങ്ങുമെന്നും എക്‌സിറ്റ്‌പോള്‍ പ്രവചിക്കുന്നു. കെ ബാബു മല്‍സരിച്ച തൃപ്പൂണിത്തുറയും അനൂപ് ജേക്കബിന്റെ പിറവവും ഇബ്രാഹികുഞ്ഞ് മല്‍സരിച്ച കളമശ്ശേരിയും യുഡിഎഫ് വിമതന്‍ മല്‍സരിച്ച കൊച്ചിയും ഉള്‍പ്പെടെ 10 മണ്ഡലങ്ങളില്‍ കടുത്ത പോരാട്ടമാണ് നടന്നത്. ഇവിടെ എന്തും സംഭവിക്കാമെന്നതാണ് അവസ്ഥ. എസ്ഡിപിഐയും ബിഡിജെഎസും പിടിക്കുന്ന വോട്ടുകള്‍ ഇവിടെ നിര്‍ണായകമാവും.
തൃശൂര്‍ ഇത്തവണ എല്‍ഡിഎഫ് തൂത്തുവാരുമെന്നാണ് എക്‌സിറ്റ്‌പോള്‍ പ്രവചനം. കഴിഞ്ഞ തവണ ഒരു സീറ്റിന്റെ മൂന്‍തൂക്കമായിരുന്നു എല്‍ഡിഎഫിന് ലഭിച്ചത്. ഇത്തവണ 13 സീറ്റില്‍ 12ഉം എല്‍ഡിഎഫ് നേടുമെന്നും യുഡിഎഫ് ഒരു സീറ്റില്‍ ഒതുങ്ങുമെന്നുമാണ് എക്‌സിറ്റ്‌പോള്‍ ഫലം. തൃശൂര്‍ മണ്ഡലത്തിലെ യുഡിഎഫ് സ്ഥാനാര്‍ഥി പത്മജ വേണുഗോപാലിനെ എല്‍ഡിഎഫിലെ വി എസ് സുനില്‍കുമാര്‍ തോല്‍പ്പിക്കുമെന്നും എക്‌സിറ്റ്‌പോള്‍ ഫലം പറയുന്നു. യഥാര്‍ഥ ഫലം വരുമ്പോള്‍ ജില്ലയില്‍ എല്‍ഡിഎഫ് പരാജയപ്പെടുന്ന കാഴ്ചയായിരിക്കും കാണാന്‍ കഴിയുകയെന്നും യുഡിഎഫ് വന്‍ വിജയം നേടുമെന്നും യുഡിഎഫ് കേന്ദ്രങ്ങള്‍ അവകാശപ്പെടുന്നു.
Next Story

RELATED STORIES

Share it