മധു കോഡ കുറ്റക്കാരനെന്ന് സിബിഐ കോടതി

ന്യൂഡല്‍ഹി: കല്‍ക്കരിപ്പാടം അഴിമതിക്കേസില്‍ ജാര്‍ഖണ്ഡ് മുന്‍ മുഖ്യമന്ത്രി മധു കോഡയും കല്‍ക്കരി മന്ത്രാലയം മുന്‍ സെക്രട്ടറി എച്ച് സി ഗുപ്തയും കുറ്റക്കാരെന്നു ഡല്‍ഹിയിലെ പ്രത്യേക സിബിഐ കോടതി കണ്ടെത്തി. കേസില്‍ ഇരുവരും ക്രിമിനല്‍ ഗൂഢാലോചന നടത്തിയെന്നാണ് കോടതിയുടെ കണ്ടെത്തല്‍. അഴിമതി തടയല്‍ നിയമപ്രകാരവും  ഐപിസിയിലെ വിവിധ വകുപ്പുകള്‍ അനുസരിച്ചുമാണ് ഇവര്‍ക്കെതിരേ കുറ്റം ചുമത്തിയിരുന്നത്. കേസില്‍ പ്രതിചേര്‍ക്കപ്പെട്ട ജാര്‍ഖണ്ഡ് മുന്‍ ചീഫ് സെക്രട്ടറി അശോക് കുമാര്‍ ബസു, ആരോപണവിധേയനായ കൊല്‍ക്കത്ത ആസ്ഥാനമായുള്ള വിനി അയേണ്‍ ആന്റ് സ്റ്റീല്‍ ഉദ്യോഗ് ഡയറക്ടര്‍ വിഭവ് തുല്‍സ്യാന്‍, സര്‍ക്കാര്‍ ഉദ്യോഗസ്ഥരായ ബസന്ത് കുമാര്‍ ഭട്ടാചാര്യ, ബിപിന്‍ ബിഹാരി സിങ് എന്നിവരെ കോടതി വെറുതെ വിട്ടു. രാജ്ഹര കല്‍ക്കരിപ്പാടം വിനി അയേണ്‍ ആന്റ് സ്റ്റീല്‍ ഉദ്യോഗിന് അനുവദിച്ചതില്‍ ക്രമക്കേട് നടന്നുവെന്നതാണ് കേസ്. മധു കോഡയ്ക്കും എച്ച് സി ഗുപ്തയ്ക്കുമുള്ള ശിക്ഷ ഇന്നു പ്രഖ്യാപിക്കും. ഉച്ചയ്ക്ക് രണ്ടുമണിക്കാണ് വാദം നടക്കുക. കേന്ദ്രത്തില്‍ യുപിഎ അധികാരത്തിലിരുന്ന 2004-09 കാലയളവിലായിരുന്നു രാജ്ഹര നോര്‍ത്ത് കല്‍ക്കരിപ്പാടത്തിനു ഖനനാനുമതി ലഭിച്ചത്. വേണ്ടത്ര സുതാര്യതയില്ലാതെ നടന്ന കല്‍ക്കരിപ്പാടം ലേലത്തില്‍ സര്‍ക്കാര്‍ ഖജനാവിന് 1.86 ലക്ഷം കോടി രൂപയുടെ നഷ്ടം സംഭവിച്ചതായാണ് കംട്രോളര്‍ ആന്റ് ഓഡിറ്റര്‍ ജനറല്‍ (സിഎജി) കണ്ടെത്തിയിരുന്നത്. കേസുമായി ബന്ധപ്പെട്ട് 2015ല്‍ മുന്‍ പ്രധാനമന്ത്രി മന്‍മോഹന്‍ സിങില്‍ നിന്ന് സിബിഐ മൊഴിയെടുത്തിരുന്നു. കല്‍ക്കരിപ്പാടം ഇടപാടുകളില്‍ ക്രമക്കേടുകള്‍ നടന്നതായി ബോധ്യപ്പെട്ടതിനെ തുടര്‍ന്ന് 1993 മുതല്‍ അനുവദിച്ച മുന്നൂറോളം ലൈസന്‍സുകള്‍ സുപ്രിംകോടതി 2014ല്‍ റദ്ദാക്കിയിരുന്നു.
Next Story

RELATED STORIES

Share it