മധു കൊല്ലപ്പെട്ട സംഭവം: ആദിവാസികള്‍ ഭീതിയിലെന്ന് പോലിസ്

കൊച്ചി: പാലക്കാട് അട്ടപ്പാടിയില്‍ മധു എന്ന ആദിവാസി യുവാവ് ആള്‍ക്കൂട്ട ആക്രമണത്തിന് ഇരയായി കൊല്ലപ്പെട്ട സംഭവത്തിന് ശേഷം അഗളിയിലെ ആദിവാസികള്‍ ഭീതിയിലും സംഭ്രാന്തിയിലുമാണ് കഴിയുന്നതെന്ന് പോലിസ് ഹൈക്കോടതിയെ അറിയിച്ചു. സംഭവത്തിനു ശേഷം ഈ മേഖലയില്‍ ഗുരുതരമായ ക്രമസമാധാനപ്രശ്‌നവും ഉരുത്തിരിഞ്ഞിട്ടുണ്ട്. ആദിവാസികളും അല്ലാത്തവരും തമ്മിലുള്ള ശത്രുതയും വര്‍ധിച്ചിട്ടുള്ളതായി അന്വേഷണ ഉദ്യോഗസ്ഥന്‍ ടി കെ സുബ്രഹ്മണ്യ ന്‍ നല്‍കിയ വിശദീകരണ പത്രികയില്‍ പറയുന്നു. കേസിലെ പ്രതികള്‍ സമര്‍പ്പിച്ച ജാമ്യഹരജിയിലാണ് പോലിസിന്റെ വിശദീകരണം.
ഫെബ്രുവരി 22ന് നടന്ന സംഭവത്തില്‍ 16 പ്രതികളാണുള്ളത്. ഇവര്‍ക്കെതിരേ പട്ടിക വിഭാഗക്കാര്‍ക്കെതിരായ അതിക്രമങ്ങള്‍ തടയല്‍ നിയമം ഉള്‍പ്പെടെ വിവിധ വകുപ്പുകള്‍ ചേര്‍ത്താണ് കേസെടുത്തിട്ടുള്ളത്. പ്രകോപനമില്ലാതെയായിരുന്നു മധുവിന് നേരെ അതിക്രമം നടത്തിയതെന്ന് കണ്ടെത്തിയിട്ടുണ്ട്. പോസ്റ്റ്‌മോര്‍ട്ടം റിപോര്‍ട്ടില്‍ മര്‍ദനം സംബന്ധിച്ച തെളിവുണ്ട്. മുക്കാലിയിലെ ആള്‍ക്കൂട്ടത്തിലുണ്ടായിരുന്നവരും തന്നെ പോലിസ് ജീപ്പിലേക്ക് കയറ്റിയവരും മര്‍ദിച്ചതായി മധു പറഞ്ഞുവെന്ന് അഡീഷനല്‍ എസ്‌ഐ പ്രസാദ് വര്‍ക്കി മൊഴിനല്‍കിയിരുന്നു. ഇവരുടെ പേരുകള്‍ എഴുതിയെടുക്കുകയും ചെയ്തു. മധു മോഷണം നടത്തിയെന്ന് ആരോപണമുള്ള കടയുടെ ഉടമകളുടെ പേരുകളും ഇതിനിടയില്‍ എഴുതിയെടുത്തതായി അന്വേഷണത്തില്‍ ബോധ്യമായി. ഇതുവരെ 161 സാക്ഷികളെ വിസ്തരിച്ചു. എട്ടു പേരില്‍ നിന്ന് മൊഴികളെടുത്തു. അഞ്ച് വാഹനങ്ങളും ആറ് മൊബൈല്‍ ഫോണുകളും മധുവിനെ അടിക്കാന്‍ ഉപയോഗിച്ച വടിയും പിടിച്ചെടുത്തിട്ടുണ്ട്. ദൃക്‌സാക്ഷികളുടെ മൊഴിയെടുക്കാന്‍ നടപടി ആരംഭിച്ചു.
കേസിലെ സാക്ഷികളിലേറെയും പ്രതികളുടെ താമസ സ്ഥലത്ത് തന്നെ ഉള്ളവരാണ്. ചില സാക്ഷികള്‍ പ്രതികളുടെ ബന്ധുക്കളുമാണ്. അതിനാല്‍, ജാമ്യത്തില്‍ വിട്ടാല്‍ സാക്ഷികളെ സ്വാധീനിക്കാനുള്ള സാധ്യതയുണ്ട്. നിലവിലെ അവസ്ഥയില്‍ പ്രതികളുടെ ജീവനും അപായ ഭീഷണിയുണ്ട്. ഈ സാഹചര്യത്തില്‍ കേസിന്റെ ഗൗരവവും മറ്റും പരിഗണിച്ച് ജാമ്യഹരജികള്‍ തള്ളണമെന്ന് പോലിസിന്റെ വിശദീകരണത്തില്‍ ആവശ്യപ്പെടുന്നു. കേസ് പരിഗണിച്ച കോടതി ഹരജി വീണ്ടും മെയ് 30ന് പരിഗണിക്കാന്‍ മാറ്റി.
Next Story

RELATED STORIES

Share it