മധു: അധികാരികളുടെ പങ്കും അന്വേഷിക്കണം-എന്‍സിഎച്ച്ആര്‍ഒ

കോഴിക്കോട്: ദലിത്-ആദിവാസി-മുസ്‌ലിംകള്‍ക്കുമേല്‍ രാജ്യത്തു നിലനില്‍ക്കുന്ന അതിക്രമത്തിന്റെ പരിച്ഛേദമാണ് അട്ടപ്പാടിയില്‍ ആള്‍ക്കൂട്ടത്തിന്റെ മര്‍ദനത്തില്‍ കൊല്ലപ്പെട്ട ആദിവാസി യുവാവ് മധു. സംഭവത്തില്‍ അധികാരികളുടെ കുറ്റകരമായ ഇടപെടലിനെക്കുറിച്ച്പ്രത്യേക ഏജന്‍സിയെക്കൊണ്ട് അന്വേഷിപ്പിക്കണമെന്നും അതിനു സര്‍ക്കാര്‍ തയ്യാറാവണമെന്നും മധുവിന്റെ അമ്മയെയും സഹോദരിമാരെയും സന്ദര്‍ശിച്ചശേഷം എന്‍സിഎച്ച്ആര്‍ഒ സംഘം ആവശ്യപ്പെട്ടു.
അട്ടപ്പാടിയിലെ 'മാന്യരായ' പെരുങ്കള്ളന്‍മാരെയും സ്ഥിരം കുറ്റവാളികളെയും സംരക്ഷിക്കുന്നതിനു വേണ്ടിയാണ് മധുവിനെ ബലിയാടാക്കിയതെന്ന് മധുവിന്റെ അമ്മ മല്ലിയും സഹോദരിമാരായ ചന്ദ്രികയും സരസുവും സംഘത്തോട് വ്യക്തമാക്കി. മധുവിന് മാവോവാദികളുമായി ബന്ധമുള്ളതായും അവര്‍ക്കു വേണ്ടിയാണ് അരിയും സാധനങ്ങളും മോഷ്ടിക്കുന്നതെന്നുമുള്ള നുണക്കഥകള്‍ ഇപ്പോള്‍ പ്രചരിക്കുന്നുണ്ട്. വനം ഉദ്യോഗസ്ഥരും പോലിസും ഉണ്ടാക്കിയ തിരക്കഥയാണ് ഇതിനു പിന്നില്‍. കാടിനു തീയിടുന്നതും മധുവാണെന്ന് വനം ഉദ്യോഗസ്ഥര്‍ ആരോപിച്ചിരുന്നു. എന്നാല്‍, മധു കൊല്ലപ്പെട്ട ദിവസവും കാട് കത്തിയിരുന്നു. ഇതോടെ വനംവകുപ്പിന്റെ ആരോപണം കള്ളമാണെന്നു തെളിഞ്ഞു.
മധുവിനെ കൊന്ന കേസില്‍ പ്രതികളായവരില്‍ ചിലര്‍ നിരപരാധികളാണെന്നും വനം ഉദ്യോഗസ്ഥരുടെയും പോലിസിന്റെയും കുറ്റകരമായ ഇടപെടലാണ് മധുവിന്റെ ജീവനെടുക്കാന്‍ കാരണമായതെന്നും എന്‍സിഎച്ച്ആര്‍ഒ സംഘത്തിന്റെ അന്വേഷണത്തില്‍ ബോധ്യമായി. മധുവിനു മേല്‍ മോഷണക്കുറ്റം ആരോപിച്ച് പോലിസിന് കൈമാറിയപ്പോള്‍ തൊണ്ടിമുതല്‍ ഹാജരാക്കുന്നതിന് പ്രതികളായ ചിലരുടെ കടയില്‍ നിന്ന് പോലിസ് വിലകൊടുത്ത് സാധനങ്ങള്‍ വാങ്ങിച്ചതായി വ്യക്തമാക്കിയിട്ടുണ്ട്. മറ്റാരുടെയോ സൈ്വരവിഹാരത്തിനു തടസ്സമായതുകൊണ്ടാവാം മധുവിനെ പിടികൂടാന്‍ ആള്‍ക്കൂട്ടം ഉല്‍സാഹിച്ചതെന്നും സംശയമുണ്ട്. റിസര്‍വ് വനത്തിലേക്ക് ആള്‍ക്കൂട്ടത്തെ കയറ്റിവിട്ടതിനു പിന്നില്‍ ഗൂഢാലോചനയും ദുരൂഹതയുമുണ്ട്. അതുകൊണ്ട് ഒരു സ്‌പെഷ്യല്‍ ടീം ഇതുസംബന്ധിച്ച് അന്വേഷണം നടത്തി ദുരൂഹതകള്‍ നീക്കണമെന്ന് എന്‍സിഎച്ച്ആര്‍ഒ സംസ്ഥാന പ്രസിഡന്റ് വിളയോടി ശിവന്‍കുട്ടിയും ജനറല്‍ സെക്രട്ടറി ടി കെ അബ്ദുസ്സമദും ആവശ്യപ്പെട്ടു.
ഭൂമിയുമായി ബന്ധപ്പെട്ട കൊലപാതകങ്ങളാണ് അട്ടപ്പാടിയില്‍ അധികവും നടന്നതെന്നു വ്യക്തമായി. ആദിവാസികളെയും കുടിയേറ്റക്കാരെയും പരസ്പരം ശത്രുക്കളാക്കി മുതലെടുക്കുന്ന എന്‍ജിഒ പ്രവര്‍ത്തനം അട്ടപ്പാടിയില്‍ ഒരു വന്‍ വിപത്തായി മാറിയിട്ടുണ്ട്. മാനസികനില തകരാറിലായവര്‍ ഏകദേശം 500 പേരുണ്ട്. കൃത്യമായും 50നും 75നും ഇടയിലുള്ളവരാണ് ചികില്‍സയ്ക്കു വിധേയരാവുന്നതെന്ന് ട്രൈബല്‍ സൂപ്പര്‍ സ്‌പെഷ്യാലിറ്റി ആശുപത്രി സൂപ്രണ്ട് ഡോ. പ്രഭുദാസ് സംഘത്തോട് വ്യക്തമാക്കി. ഏകോപനസമിതി സെക്രട്ടറി എ എം ഷാനവാസ്, സംസ്ഥാനസമിതിയംഗം കെ കാര്‍ത്തികേയന്‍ എന്നിവരും സംഘത്തിലുണ്ടായിരുന്നു. മുക്കാലിയിലും മധുവിന്റെ കടുകമണ്ണ ഊരിലും വസ്തുതാന്വേഷണം നടത്തിയാണു സംഘം മടങ്ങിയത്.
Next Story

RELATED STORIES

Share it