മധുവിന്റെ മരണത്തില്‍ ഉന്നതതല അന്വേഷണം വേണം: യുഡിഎഫ്

തിരുവനന്തപുരം/കോഴിക്കോട്: അട്ടപ്പാടിയില്‍ ആദിവാസി യുവാവ് മധു മര്‍ദനമേറ്റു മരിക്കാനിടയായ സംഭവത്തില്‍ ഉന്നതതല അന്വേഷണം വേണമെന്ന് യുഡിഎഫ്. കണ്‍വീനര്‍ പി പി തങ്കച്ചന്‍. കേരളത്തില്‍ ഇപ്പോള്‍ ആര്‍ക്കും ആരെയും കൊല്ലാമെന്ന അവസ്ഥയാണ്. ആരും ചോദിക്കാനും പറയാനുമില്ല. ഇത് അരാജകത്വമാണ്. കേരളത്തിലെ ക്രമസമാധാനനില പൂര്‍ണമായും തകര്‍ന്നതായും തങ്കച്ചന്‍ പറഞ്ഞു.
സംഭവം മനുഷ്യമനസ്സാക്ഷിയെ ഞെട്ടിക്കുന്നതാണെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല പറഞ്ഞു. ഇത് കേരളീയ സമൂഹത്തിനാകെ അപമാനകരമാണ്.  മനുഷ്യജീവനു നാട്ടില്‍ യാതൊരു വിലയുമില്ലാത്ത ആപല്‍ക്കരമായ ദുരവസ്ഥ നാടിന് അപമാനകരമാണെന്ന് മുന്‍ കെപിസിസി പ്രസിഡന്റ് വി എം സുധീരന്‍ പറഞ്ഞു. ഉത്തരേന്ത്യന്‍ സംസ്ഥാനങ്ങളെ പോലും കടത്തിവെട്ടുന്ന നിലയില്‍ ജീവിക്കാനുള്ള അവകാശം നിഷേധിക്കപ്പെടുന്നവരുടെ എണ്ണം വര്‍ധിച്ചുവരുന്നത് അതീവ ആശങ്കാജനകമാ—ണെന്നും അദ്ദേഹം പറഞ്ഞു.
ഒരിക്കലും സംഭവിക്കാന്‍ പാടില്ലാത്തതും ഞെട്ടിക്കുന്നതുമാണ് ആദിവാസി യുവാവ് മധുവിന്റെ കൊലപാതകമെന്നു മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി. ഒരു തെറ്റും ചെയ്യാത്ത യുവാവാണ് കൊല്ലപ്പെട്ടത്. കേരളത്തിന് ഒരിക്കല്‍ കൂടി തല കുനിച്ചു നില്‍ക്കേണ്ട അവസ്ഥയാണ് ഉണ്ടായിരിക്കുന്നതെന്ന് ഉമ്മന്‍ചാണ്ടി പറഞ്ഞു. ഈ സംഭവത്തില്‍ പോലിസ് ആരെയോ ഭയപ്പെടുന്നുവെന്ന് സംശയിക്കുന്നതായും ഉമ്മന്‍ചാണ്ടി പറഞ്ഞു.
ആദിവാസി യുവാവ് മധുവിന്റെ കൊലപാതകം കേരളത്തിനു തീരാക്കളങ്കമാണെന്ന് കെപിസിസി അധ്യക്ഷന്‍ എം എം ഹസന്‍. കൊലപാതകത്തിന് ഉത്തരവാദികളായ ആരും രക്ഷപ്പെടാന്‍ പാടില്ല.
അട്ടപ്പാടിയില്‍ ആള്‍ക്കൂട്ട അക്രമത്തില്‍ ആദിവാസിയായ മധു കൊല്ലപ്പെട്ട സംഭവത്തില്‍ മുഖം നോക്കാതെ നടപടിയെടുക്കണമെന്ന് മുസ്‌ലിംലീഗ് നേതാവ് പി കെ കുഞ്ഞാലിക്കുട്ടി എംപി.
കേരളത്തിന് അപമാനമായ ദാരുണമായ സംഭവമാണിത്. ഇതില്‍ ഉള്‍പ്പെട്ടവരെ രാഷ്ട്രീയ നിറം നോക്കാതെ നിയമത്തിനു മുമ്പില്‍ കൊണ്ടുവന്നു നടപടിയെടുക്കണം- അദ്ദേഹം പറഞ്ഞു.മധുവിനെ ആള്‍ക്കൂട്ടം തല്ലിക്കൊന്നതായ വാര്‍ത്ത ഞെട്ടലുളവാക്കുന്നതാണെന്ന്  കെ പി എ മജീദ് പറഞ്ഞു.
Next Story

RELATED STORIES

Share it