മധുവിന്റെ കൊലപാതകം, പരിഷ്‌കൃത സമൂഹത്തിന് അപമാനമെന്ന് മുഖ്യമന്ത്രി

തിരുവനന്തപുരം: മധുവിന്റെ കൊലപാതകം പരിഷ്‌കൃത-സാക്ഷര കേരളത്തിന് അപമാനമാണെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ വ്യക്തമാക്കി. വനം ഉദ്യോഗസ്ഥരുടെ പങ്കാളിത്തം അന്വേഷിക്കാന്‍ ഉന്നത ഉദ്യോഗസ്ഥനെ ചുമതലപ്പെടുത്തിയിട്ടുണ്ട്. റിപോര്‍ട്ടില്‍ കുറ്റക്കാരെന്ന് കണ്ടെത്തിയാല്‍ കര്‍ശന നടപടിയെടുക്കും. സംഭവത്തില്‍ 16 പേരെ അറസ്റ്റ് ചെയ്ത് റിമാന്‍ഡ് ചെയ്തിട്ടുണ്ട്. കൊലപാതകം, എസ്‌സി-എസ്ടി സംരക്ഷണ നിയമങ്ങള്‍, ഐടി ആക്റ്റ്, വനനിയമം തുടങ്ങിയ വകുപ്പുകളെല്ലാം ചുമത്തി കേസെടുത്തിട്ടുണ്ട്. മധുവിന്റെ കുടുംബത്തിന് 10 ലക്ഷം രൂപ സര്‍ക്കാര്‍ സഹായം നല്‍കും.
ഇതിനു പുറമെ അതിക്രമത്തിനിരയാവുന്ന പട്ടികവര്‍ഗ വിഭാഗങ്ങള്‍ക്ക് നല്‍കുന്ന ധനസഹായത്തില്‍ നിന്ന് 8.25 ലക്ഷം രൂപയും നല്‍കും. ഇതില്‍ 4.25 ലക്ഷം രൂപ ഇതിനകം കുടുംബത്തിന് കൈമാറി. ശേഷിക്കുന്ന പണം കുറ്റപത്രം സമര്‍പ്പിച്ചാല്‍ നല്‍കും. ആള്‍ക്കൂട്ട അക്രമവും കൊലപാതകവും അംഗീകരിക്കാന്‍ കഴിയില്ല. ശക്തമായ നടപടിയെടുക്കും. യാചകരുടെ ഫോട്ടോ സോഷ്യല്‍ മീഡിയ വഴി  കുട്ടികളെ തട്ടിക്കൊണ്ടുപോവുന്നുയെന്ന നിലയില്‍ പ്രചരിപ്പിച്ച് ആക്രമിക്കുന്നുണ്ട്. ഇത്തരക്കാര്‍ക്കെതിരേയും കര്‍ശന നടപടിയെടുക്കും.
സഫീറിന്റെ കൊലപാതകത്തില്‍ തൊട്ടടുത്ത ദിവസം തന്നെ പ്രതികളെ പിടികൂടി. ആയുധവും കണ്ടെടുത്തു. ഈ രണ്ടു കേസിലും അന്വേഷണം ഊര്‍ജിതവും കുറ്റമറ്റ രീതിയിലും നടന്നുവരുകയാണെന്നു മുഖ്യമന്ത്രി പറഞ്ഞു.


Next Story

RELATED STORIES

Share it