മധുവിന്റെ കൊലപാതകം: തെളിവെടുപ്പു നടത്തി

പാലക്കാട്: മോഷണക്കുറ്റം ആരോപിച്ച് ആദിവാസി യുവാവ് മധുവിനെ മര്‍ദ്ദിച്ച് കൊലപ്പെടുത്തിയ കേസില്‍ പോലിസ് കസ്റ്റഡിയില്‍ കഴിയുന്ന പ്രതികളില്‍ രണ്ടുപേരെ ഊരിലെത്തിച്ച് തെളിവെടുത്തു. മരയ്ക്കാര്‍, ഷംസുദ്ദീന്‍ എന്നിവരെയാണു തെളിവെടുപ്പിനായി കൊണ്ടുവന്നത്.
ചിണ്ടക്കി ആണ്ടിയളക്കരയിലെ ഗുഹയ്ക്കു സമീപം നടത്തിയ തെളിവെടുപ്പില്‍ മധുവിനെ തല്ലാന്‍ ഉപയോഗിച്ച മരക്കഷ്ണം പോലിസ് കണ്ടെത്തി. ഇന്നലെ രാവിലെ ആറോടെ തണ്ടര്‍ ബോള്‍ട്ടിന്റെ സുരക്ഷയില്‍ ആരംഭിച്ച തെളിവെടുപ്പ് ഒന്നര മണിക്കൂര്‍ നീണ്ടുനിന്നു. സുരക്ഷാ കാരണങ്ങളാലാണു കൂടുതല്‍ പേരെ തെളിവെടുപ്പിനു കൊണ്ടുവരാതിരുന്നത്. മറ്റുള്ളവരെ പിന്നീടു കസ്റ്റഡിയില്‍ വാങ്ങി തെളിവെടുപ്പു നടത്തും. ഗുഹയ്ക്ക് സമീപത്ത് നിന്ന് മധു പാചകം ചെയ്യാന്‍ ഉപയോഗിച്ച അടുപ്പ്, പാത്രങ്ങള്‍, ഭക്ഷ്യസാധനങ്ങള്‍, വസ്ത്രങ്ങള്‍ എന്നിവയും പോലിസ് കണ്ടെത്തി. വനത്തില്‍ തേക്ക് മരങ്ങള്‍ മുറിക്കുന്നതിനു കരാറെടുത്ത സ്വകാര്യവ്യക്തിയുടെ ഡ്രൈവറായ മരയ്ക്കാരാണ് മധുവിന്റെ വാസസ്ഥലം പ്രതികള്‍ക്കു കാണിച്ചു കൊടുത്തതെന്നാണ് പോലിസ് ഭാഷ്യം. മുക്കാലിയില്‍ കൊണ്ടുവന്നപ്പോള്‍ മര്‍ദനത്തിനിടെ മധുവിന്റെ തല കാണിക്ക വഞ്ചിയില്‍ ഇടിച്ചതായും പ്രതികള്‍ അന്വേഷണ സംഘത്തോടു വെളിപ്പെടുത്തി. ചിത്രങ്ങളും സെല്‍ഫിയും പകര്‍ത്തിയത് ഉബൈദാണെന്നും വീഡിയോ പകര്‍ത്തിയത് അനീഷ് ആണെന്നും പ്രതികള്‍ പറഞ്ഞു.
Next Story

RELATED STORIES

Share it