Pathanamthitta local

മധുമലയില്‍ ബിവറേജസിന്റെ മദ്യവില്‍പന ശാല തുറന്നു



പത്തനംതിട്ട: നാട്ടുകാരുടെ രാപകല്‍ ഉപരോധത്തിനിടെ മധുമലയില്‍ ബിവറേജസിന്റെ മദ്യവില്‍പ്പന ശാല തുറന്നു. തപസ്യ ഹോളോബ്രിക്‌സിന്റെ കെട്ടിടത്തിലാണ് ഇന്നലെ രാവിലെ 11ഓടെ കച്ചവടം ആരംഭിച്ചത്. ഇവിടേക്ക് മദ്യക്കുപ്പികള്‍ രഹസ്യമായി എത്തിച്ച് വില്‍പന നടത്തുകയായിരുന്നു. ബിവറേജസിന്റെ ബോര്‍ഡ് വയ്ക്കാതെയാണ് കച്ചവടം. മദ്യവുമായി വന്ന ലോറി നാട്ടുകാര്‍ തടഞ്ഞിട്ട് മുദ്രാവാക്യം വിളിക്കുന്നതിനിടെ കെട്ടിടത്തില്‍ നിന്ന് ആളുകള്‍ മദ്യം വാങ്ങി പുറത്തേക്കു വന്നു. ഇതു കണ്ട് പ്രകോപിതരായ സ്ത്രീകളകടക്കമുളള സമരക്കാര്‍ മഴ വകവയ്്ക്കാതെ വെട്ടിപ്രം പൂക്കോട് റോഡ് ഉപരോധിച്ചു. കെട്ടിടത്തിന്റെ കവാടം നാട്ടുകാര്‍ ഉപരോധിക്കുന്നതിനാല്‍ ഇവിടേക്ക് വാഹനം എത്താന്‍ കഴിയില്ല. ഹോളോ ബ്രിക്‌സ് കമ്പനിയുടെ വാഹനം മാത്രമാണ് അകത്തേക്ക് കടത്തിവിട്ടത്. ഇതില്‍ മദ്യക്കുപ്പികളുടെ പാക്കറ്റുകള്‍ രഹസ്യമായി എത്തിക്കുകയായിരുന്നുവെന്ന് ആക്ഷേപമുയര്‍ന്നു. ഇത് നിയമവിരുദ്ധമാണെന്ന് സമരസമിതി ആരോപിച്ചു. സമീപത്തെ പറമ്പിലൂടെയെത്തിയാണ് ആളുകള്‍ മദ്യം വാങ്ങിക്കൊണ്ടു പോയത്. ഇലന്തൂര്‍ ബ്‌ളോക്ക് പഞ്ചായത്ത് പ്രസിഡന്റ് എം ബി സത്യന്‍, ഗ്രാമപ്പഞ്ചായത്തംഗങ്ങളായ എം എസ് സിജു, ജയ്‌മോന്‍, സീമാസജി എന്നിവരും ഉപരോധത്തില്‍ പങ്കെടുത്തു. ജില്ലാ കലക്ടറെ വിവരമറിയച്ചതിനെ തുടര്‍ന്ന് തഹസില്‍ദാര്‍ സ്ഥലം സന്ദര്‍ശിച്ചു. ഇതിനിടെ, ആറന്‍മുള എസ്്‌ഐ എത്തി സമരക്കാര്‍ റോഡില്‍ നിന്ന് മാറണമെന്ന് ആവശ്യപ്പെട്ടത് വാക്കേറ്റമുണ്ടാക്കി. ബസ്സുകളും മറ്റ് വാഹനങ്ങളും സമരക്കാര്‍ കടത്തിവിട്ടു. കഴിഞ്ഞ ദിവസം എക്‌സൈസ് കമ്മീഷണറെ കണ്ട് പരാതി കൊടുത്തപ്പോള്‍ മധുമലയില്‍ മദ്യവില്‍പന കേന്ദ്രം തുറക്കില്ലെന്ന് ഉറപ്പുനല്‍കിയതാണെന്ന് പ്രതിഷേധ യോഗത്തില്‍ എം ബി സത്യന്‍ പറഞ്ഞു. എസ്എന്‍ഡിപി യോഗം ശാഖാ പ്രസിഡന്റ് എം കെ ശ്രീലാല്‍, വൈസ് പ്രസിഡന്റ് കെ ചക്രപാണി, ഫാ. സോജി വര്‍ഗീസ് സംസാരിച്ചു.
Next Story

RELATED STORIES

Share it