wayanad local

മദ്‌റസാ കെട്ടിടത്തിന് ഭീഷണിയായി മണ്ണെടുപ്പ്; നാട്ടുകാര്‍ കരാറുകാരനെ തടഞ്ഞുവച്ചു

മാനന്തവാടി: മദ്‌റസാ കെട്ടിടത്തിനും പള്ളിക്കും ഭീഷണിയായി റോഡ് നിര്‍മാണത്തിന് മണ്ണ് നീക്കംചെയ്ത് രണ്ടു മാസം പിന്നിട്ടിട്ടും സുരക്ഷാഭിത്തി നിര്‍മിക്കാത്തതില്‍ പ്രതിഷേധിച്ച് നാട്ടുകാര്‍ കരാറുകാരനെയും വാഹനങ്ങളും തടഞ്ഞുവച്ചു.
വെള്ളമുണ്ട പഞ്ചായത്തിലെ തരുവണ നടയ്ക്കല്‍-ഉപ്പുന്നട കോക്കടവ് നിര്‍മാണത്തിനായി കോക്കടവ് മുസ്‌ലിം പള്ളിയോട് ചേര്‍ന്ന ഭാഗത്താണ് മണ്ണ് നീക്കം ചെയ്തത്. തൊട്ടടുത്ത ദിവസം തന്നെ കരിങ്കല്‍ഭിത്തി നിര്‍മിക്കുമെന്ന ഉറപ്പിലായിരുന്നു നാട്ടുകാരുടെ സഹകരണത്തോട് എക്‌സ്‌കവേറ്റര്‍ ഉപയോഗിച്ച് അഞ്ചു മീറ്ററോളം ഉയരത്തില്‍ മണ്ണ് നീക്കം ചെയ്തത്. വേനല്‍മഴയില്‍ റോഡിലൂടെ വെള്ളം പള്ളിമുറ്റത്തേക്കും വരാന്തയിലേക്കും ഒലിച്ചിറങ്ങുകയാണ്.
ഇതിനിടെ, റോഡിന്റെ മറ്റൊരു ഭാഗം സോളിങ് നടത്താനായി ഇന്നലെ രാവിലെ വാഹനങ്ങളുമായെത്തിയപ്പോള്‍ നാട്ടുകാര്‍ തടയുകയായിരുന്നു. എക്‌സ്‌കവേറ്റര്‍, റോഡ് റോളര്‍, ടിപ്പര്‍, ജീപ്പ് എന്നിവയാണ് നാട്ടുകാര്‍ തടഞ്ഞുവച്ചത്. തുടര്‍ന്ന് സ്ഥലത്തെത്തിയ കരാറുകാരനെയും തടഞ്ഞു. വിവരമറിഞ്ഞെത്തിയ വെള്ളമുണ്ട പോലിസ് ഇരുകൂട്ടരുമായി സംസാരിച്ചു. ഇന്ന് സുരക്ഷാഭിത്തി നിര്‍മാണം ആരംഭിക്കുമെന്ന് ഉറപ്പുനല്‍കിയ ശേഷമാണ് നാട്ടുകാര്‍ പ്രതിഷേധം അവസാനിപ്പിച്ചത്. 2013ലാണ് പ്രധാനമന്ത്രിയുടെ ഗ്രാമീണ്‍ സഡക് യോജന പ്രകാരം നടയ്ക്കല്‍-കോക്കടവ് റോഡ് പണി ആരംഭിച്ചത്.
3.17 കിലോമീറ്റര്‍ ദൂരം നവീകരണത്തിനായി 2.45 കോടി രൂപയ്ക്കാണ് കരാര്‍ നല്‍കിയത്. രണ്ടു വര്‍ഷം കൊണ്ട് പൂര്‍ത്തിയാവേണ്ട പ്രവൃത്തി മൂന്നു വര്‍ഷം പിന്നിട്ടിട്ടും എങ്ങുമെത്തിയിട്ടില്ല.
Next Story

RELATED STORIES

Share it