Alappuzha local

മദ്യ ദുരന്തം; റെഡ് അലര്‍ട്ട് പ്രഖ്യാപിച്ചു

ആലപ്പുഴ: റെഡ് അലര്‍ട്ടിന്റെ ഭാഗമായി നടത്തിയ 38 റെയ്ഡില്‍ ഏഴുപേരെ അറസ്റ്റ് ചെയ്തു. നിയമസഭ തിരഞ്ഞെടുപ്പിനോടനുബന്ധിച്ച് സംസ്ഥാനത്ത് മദ്യദുരന്തമുണ്ടാവാന്‍ സാധ്യത ഉണ്ടെന്ന പോലിസ്-ഇന്റലിജന്‍സ് റിപോര്‍ട്ടിനെതുടര്‍ന്ന് ജില്ലയില്‍ എക്‌സൈസ് വകുപ്പ് റെഡ് അലര്‍ട്ട് പ്രഖ്യാപിച്ച് പ്രവര്‍ത്തനം ശക്തമാക്കി.
റെഡ് അലര്‍ട്ട് പ്രഖ്യാപിച്ച സാഹചര്യത്തില്‍ ലൈസന്‍സുള്ള സ്ഥാപനങ്ങളില്‍ നിരന്തര പരിശോധന നടത്താനും സംശയിക്കുന്ന കള്ള് ഷാപ്പുകളില്‍ പ്രത്യേക പരിശോധന നടത്താനും രഹസ്യനിരീക്ഷണത്തിനായി ഷാഡോ എക്‌സൈസ്/ ഇന്റലിജന്‍സ് വിഭാഗം/ മഫ്തിയിലുള്ള പോലിസ് ഉദ്യോഗസ്ഥരെയും നിയോഗിക്കാന്‍ ജില്ലാ കലക്ടര്‍ ആര്‍ ഗിരിജ നിര്‍ദേശം നല്‍കി. പോലിസ്- എക്‌സൈസ്- റവന്യൂ വകുപ്പുകള്‍ ചേര്‍ന്നു സംയുക്ത പരിശോധനകള്‍ ശക്തിപ്പെടുത്തിയിട്ടുണ്ട്. സ്പിരിറ്റ്, വ്യാജ മദ്യം എന്നിവ ശേഖരിച്ച് വയ്ക്കാന്‍ സാധ്യതയുള്ള എല്ലാ കേന്ദ്രങ്ങളിലും റെയ്ഡ് നടത്തും.
ജില്ലാ കലക്ടറുടെ നിര്‍ദേശപ്രകാരം പോലിസ്-എക്‌സൈസ്- റവന്യൂ വകുപ്പുകള്‍ ചേര്‍ന്നുളള സംയുക്ത പരിശോധനകള്‍ കഴിഞ്ഞ ദിവസം ജില്ലയില്‍ 14 സ്ഥലങ്ങളില്‍ നടത്തി. റെഡ് അലര്‍ട്ടിന്റെ ഭാഗമായി 38 റെയ്ഡുകളില്‍ ഏഴ് അബ്കാരി കേസുകളില്‍ നിന്നായി ഏഴു പ്രതികളെ അറസ്റ്റ് ചെയ്തു. 4.5 ലിറ്റര്‍ ചാരായവും 2.1 ലിറ്റര്‍ ഐഎംഎഫ്എല്ലും, 100.8 ലിറ്റര്‍ അരിഷ്ടവും, 5.75 ലിറ്റര്‍ ബിയറും കെണ്ടടുത്തു.
ചാരായം സൂക്ഷിച്ചുവന്ന മാവേലിക്കര താലൂക്കില്‍, വളളികുന്നം വില്ലേജില്‍ ഗാനാഭവനത്തില്‍ ലക്ഷ്മണന്‍ എന്നയാളെയും വിദേശമദ്യം വില്‍പന നടത്തിവന്ന കുറ്റത്തിന് മാവേലിക്കര താലൂക്ക്, മേനാപ്പള്ളി മുറിയില്‍, വളയത്ത് വടക്കേതില്‍ രാധാകൃഷ്ണന്‍ എന്നിവരെ അറസ്റ്റുചെയ്തു കോടതിയില്‍ ഹാജരാക്കി റിമാന്‍ഡ് ചെയ്തു. കള്ളുഷാപ്പ് ലൈസന്‍സ് നിബന്ധനകള്‍ക്ക് വിരുദ്ധമായി പ്രവര്‍ത്തിച്ച കുറ്റത്തിന് റ്റി എസ് നമ്പര്‍ 85, പൊങ്ങ കള്ളുഷാപ്പിനെതിരെ അബ്കാരി നിയമപ്രകാരം നടപടികള്‍ സ്വീകരിച്ചു. അബ്കാരി കുറ്റകൃത്യങ്ങളെക്കുറിച്ച് പരാതികള്‍ വില്ലേജ് തലത്തില്‍ സ്വീകരിക്കാന്‍ എല്ലാ വില്ലേജ് ഓഫിസര്‍മാര്‍ക്കും ജില്ലാ കലക്ടര്‍ നിര്‍ദേശം നല്‍കി.
പൊതുജനങ്ങള്‍ക്ക് മദ്യ/മയക്കുമരുന്ന് സംബന്ധിച്ചു പരാതികള്‍ അസിസ്റ്റന്റ് എക്‌സൈസ് കമ്മീഷണര്‍ (എന്‍ഫോഴ്‌സ്‌മെന്റ്), ആലപ്പുഴ - 9496002864, എന്ന നമ്പറില്‍ അറിയിക്കാം. പരാതികളിന്മേല്‍ അടിയന്തിരനടപടികള്‍ സ്വീകരിക്കുവാനും ബന്ധപ്പെട്ട ഉദ്യോഗസ്ഥര്‍ക്ക് ജില്ലാ കലക്ടര്‍ നിര്‍ദേശം നല്‍കി.
Next Story

RELATED STORIES

Share it