kasaragod local

മദ്യ ദുരന്തം തടയാന്‍ അതിര്‍ത്തികളില്‍ പരിശോധന ശക്തമാക്കും

കാസര്‍കോട്: അതിര്‍ത്തി പ്രദേശങ്ങളിലൂടെ വ്യാജ മദ്യവും സ്പിരിറ്റും കടത്തുന്നത് തടയാന്‍ ഒരാഴ്ചയ്ക്കകം സംയുക്ത പരിശോധന നടത്താന്‍ ജില്ലാ കലക്ടര്‍ ഇ ദേവദാസന്റെ അധ്യക്ഷതയില്‍ ചേര്‍ന്ന ജില്ലാതല ഉദ്യോഗസ്ഥരുടെ യോഗം തീരുമാനിച്ചു.
പോലിസ്, എക്‌സൈസ്, വനം വകുപ്പ് എന്നിവരുടെ നേതൃത്വത്തില്‍ അതിര്‍ത്തികളില്‍ സംയുക്ത പരിശോധന നടത്തും. ഇതര ജില്ലകളില്‍ നിന്നും ജില്ലയിലെ കള്ള് ഷാപ്പുകളിലേക്ക് കൊണ്ടു വരുന്ന കള്ള് എക്‌സൈസ് റേഞ്ച് ഓഫിസുകളില്‍ നിന്ന് പരിശോധിച്ചതിന് ശേഷം മാത്രമേ കള്ള്ഷാപ്പുകളിലേക്ക് കൈമാറാന്‍ അനുവദിക്കുകയുള്ളൂവെന്ന് ജില്ലാ കലക്ടര്‍ പറഞ്ഞു. കടല്‍ വഴിയുള്ള സ്പിരിറ്റ് കടത്ത് തടയാന്‍ എക്‌സൈസും മറൈന്‍ എന്‍ഫോഴ്‌സ്‌മെന്റ് വിഭാഗവും സംയുക്ത പരിശോധന നടത്തും. മദ്യവില്‍പന ശാലകളിലും കള്ളഷാപ്പുകളിലും മിന്നല്‍ പരിശോധന നടത്തും. നേരത്തെ വാറ്റ്‌കേന്ദ്രങ്ങള്‍ കണ്ടെത്തിയ സ്ഥലങ്ങളിലും സ്പിരിറ്റ് പിടികൂടിയ സ്ഥലങ്ങളിലും പരിശോധന ശക്തമാക്കും.
ഇത്തരം കേസുകളില്‍ നേരത്തെ ഉള്‍പ്പെട്ട പ്രതികളെ നിരീക്ഷണ വിധേയരാക്കും. അതിര്‍ത്തി ചെക്ക് പോസ്റ്റുകളിലും ആര്‍ടിഒ വാഹന പരിശോധനകളിലും സംശയാസ്പദമായി കണ്ടെത്തുന്ന വാഹനങ്ങളെ പ്രത്യേകം നിരീക്ഷിക്കും. സംസ്ഥാനത്ത് മദ്യ ദുരന്തം സംബന്ധിച്ച് റെഡ് അലെര്‍ട്ട് പ്രഖ്യാപിച്ചിരിക്കുന്ന സാഹചര്യത്തില്‍ വ്യാജമദ്യ ദുരന്തം തടയാന്‍ പോലിസ് ജാഗ്രതാ പാലിക്കുമെന്ന് ജില്ലാ പോലിസ് മേധാവി ഡോ. എ ശ്രീനിവാസ് പറഞ്ഞു.
എക്‌സൈസ് വകുപ്പ് 722 റെയ്ഡ് നടത്തി. 117 കേസ്സെടുത്തു. 245 ലിറ്റര്‍ വിദേശ മദ്യവും 192 ലിറ്റര്‍ കര്‍ണാടക മദ്യവും 117 ലിറ്റര്‍ പോണ്ടിച്ചേരി മദ്യവും 71 ലിറ്റര്‍ ചാരായവും പിടികൂടി. വ്യാജവാറ്റിനുള്ള 1500 ലിറ്റര്‍ വാഷ് പിടിച്ചെടുത്തു. 52 ലിറ്റര്‍ ബിയറും പിടികൂടി. 341 തവണ കള്ള്ഷാപ്പുകളില്‍ പരിശോധന നടത്തിയെന്ന് അസി. എക്‌സൈസ് കമ്മീഷണര്‍ മാത്യു കുര്യന്‍ പറഞ്ഞു.
ഡിവിഷണല്‍ ഫോറസ്റ്റ് ഓഫിസര്‍ എ പി ഇംതിയാസ്, ആര്‍ടിഒ പി എച്ച് സാദിഖലി, സെക്ഷണല്‍ ഫോറസ്റ്റ് ഓഫിസര്‍ ചന്ദ്രന്‍ നായര്‍, ഇന്‍ഫര്‍മേഷന്‍ ആന്റ് പബ്ലിക് റിലേഷന്‍ വകുപ്പ് അസി. എഡിറ്റര്‍ എം മധുസൂദനന്‍ സംബന്ധിച്ചു.
Next Story

RELATED STORIES

Share it