മദ്യോപയോഗം; പ്രായപരിധി 23 ആയി ഉയര്‍ത്തും

തിരുവനന്തപുരം: മദ്യം ഉപയോഗിക്കാനുള്ള പ്രായപരിധി 21ല്‍ നിന്ന് 23 ആയി ഉയര്‍ത്താന്‍ മന്ത്രിസഭാ തീരുമാനം. ഇതിനായി അബ്കാരി നിയമത്തില്‍ ഭേദഗതി വരുത്താന്‍ ഓര്‍ഡിനന്‍സ് പുറപ്പെടുവിക്കുന്നതിന് ഗവര്‍ണറോട് ശുപാര്‍ശ ചെയ്യും. കള്ളില്‍ മായം ചേര്‍ക്കുന്നതിനുള്ള ശിക്ഷ കുറയ്ക്കാനും തീരുമാനിച്ചു. ജാമ്യമില്ലാക്കുറ്റം പിന്‍വലിച്ച് ശിക്ഷ പരമാവധി ആറു മാസം തടവും 25,000 രൂപ പിഴയുമായാണ് കുറച്ചത്. മുമ്പ് 50,000 രൂപയായിരുന്നു പിഴ. പരാതികള്‍ തീര്‍പ്പാക്കുന്നതിന്റെ ഭാഗമായി മൊഴിയെടുക്കുന്നതിന് ഏതു വ്യക്തിയെയും വിളിച്ചുവരുത്താന്‍ വനിതാ കമ്മീഷന് അധികാരം നല്‍കുന്ന രീതിയില്‍ ബന്ധപ്പെട്ട നിയമം ഭേദഗതി ചെയ്യും. ഇതുസംബന്ധിച്ച കരടു ബില്ലിന് മന്ത്രിസഭ അംഗീകാരം നല്‍കി. നിലവിലുള്ള കേരള വനിതാ കമ്മീഷന്‍ നിയമപ്രകാരം സാക്ഷിയെ വിളിച്ചുവരുത്താനും സാക്ഷിയുടെ സാന്നിധ്യം ഉറപ്പാക്കാനുമുള്ള അധികാരം മാത്രമേ കമ്മീഷനുള്ളൂ. സംസ്ഥാനത്ത് 20 ചെറുകിട ജലവൈദ്യുത പദ്ധതികള്‍ നടപ്പാക്കുന്നതിന് സ്വകാര്യ സംരംഭകര്‍ക്ക് അനുമതി നല്‍കും. 2012ലെ ചെറുകിട ജലവൈദ്യുത നയം അനുസരിച്ച് ഇന്‍ഡിപെന്‍ഡന്റ് പവര്‍ പ്രൊജക്ട് വിഭാഗത്തിലാണ് പദ്ധതികള്‍ അനുവദിക്കുന്നത്. സര്‍ക്കാരുമായി കരാര്‍ ഒപ്പുവയ്ക്കുന്ന തിയ്യതി മുതല്‍ 30 വര്‍ഷത്തേക്കാണ് അനുമതി. പദ്ധതികള്‍ പൂര്‍ത്തിയാവുന്ന മുറയ്ക്ക് സ്റ്റേറ്റ് റഗുലേറ്ററി കമ്മീഷന്‍ നിരക്കു നിശ്ചയിക്കും.
Next Story

RELATED STORIES

Share it