wayanad local

മദ്യശാലയ്‌ക്കെതിരായ സമരം: ആദിവാസികള്‍ക്ക് നോട്ടീസ്

മാനന്തവാടി: വള്ളിയൂര്‍ക്കാവ് റോഡിലെ ബിവറേജസ് ഔട്ട്‌ലെറ്റിനെതിരേ സമരം നടത്തുന്ന ആദിവാസികള്‍ക്ക് ഹൈക്കോടതി നോട്ടീസ്. ബിവറേജസ് കോര്‍പറേഷന്‍ കോഴിക്കോട് റീജ്യനല്‍ മാനേജര്‍ നല്‍കിയ പരാതിയെത്തുടര്‍ന്നാണ് സമരക്കാര്‍ക്കും പോലിസ് മേധാവികള്‍ക്കും ഒരു മാസത്തിനകം വിശദീകരണം ആവശ്യപ്പെട്ടുകൊണ്ട് കോടതി നോട്ടീസ് അയച്ചത്. എന്നാല്‍, കോടതിയെ തെറ്റിദ്ധരിപ്പിക്കുന്ന വിവരങ്ങള്‍ നല്‍കി റിട്ട് ഫയല്‍ ചെയ്ത് സമരക്കാരെ കേസിലുള്‍പ്പെടുത്തി സമരത്തില്‍ നിന്നു പിന്മാറ്റാനുള്ള ശ്രമങ്ങളാണ് ബിവറേജസ് നടത്തുന്നതെന്ന് ആക്ഷേപമുണ്ട്.
നിയമാനുസൃതം പ്രവര്‍ത്തിച്ചുവരുന്ന മാനന്തവാടിയിലെ ബിവറേജസ് ഔട്ട്‌ലെറ്റിന്റെ 100 മീറ്ററിനുള്ളില്‍ ആദിവാസി ഫോറം പ്രവര്‍ത്തകര്‍ ബഹളംവച്ചു കൊണ്ടുള്ള ധര്‍ണ നടത്തുന്നതായും ഔട്ട്‌ലെറ്റിലെത്തുന്ന മദ്യം ഇറക്കാന്‍ കഴിയാതെ വില്‍പന തടസ്സപ്പെട്ടതായും കാണിച്ച് മാനന്തവാടി പോലിസില്‍ ബിവറേജസ് മാനേജര്‍ പരാതി നല്‍കിയിരുന്നു. എന്നാല്‍, ഈ പരാതി പ്രകാരം നടപടികളൊന്നുമെടുത്തില്ലെന്നും ധര്‍ണ പിന്നീട് ഉപരോധ സമരമാക്കാന്‍ സാധ്യതയുണ്ടെന്നും ഹൈക്കോടതിയില്‍ നല്‍കിയ റിട്ടില്‍ ചുണ്ടിക്കാണിച്ചിട്ടുണ്ട്.
ഇതു പരിഗണിച്ചാണ് സംസ്ഥാന പോലിസ് മേധാവി, ജില്ലാ പോലിസ് മേധാവി, മാനന്തവാടി ഡിവൈഎസ്പി, മാനന്തവാടി എസ്‌ഐ, ആദിവാസി ഫോറം പ്രവര്‍ത്തകരായ മാച്ചി, സുശീല സമരത്തിന് പിന്തുണ നല്‍കിവരുന്ന റസിഡന്‍ഷ്യല്‍ അസോസിയേഷന്‍ പ്രവര്‍ത്തകരായ പടയന്‍ റഷീദ്, മുഹമ്മദ്കുട്ടി എന്നിവരോടാണ് ഹൈക്കോടതി ഒരു മാസത്തിനകം വിശദീകരണം ആവശ്യപ്പെട്ടിരിക്കുന്നത്. നിയമപ്രകാരം പ്രവര്‍ത്തിക്കുന്ന ബിവറേജസിന് മുന്നിലെ സമരം കാരണം നിത്യേന വന്‍ നഷ്ടമാണ് കോര്‍പറേഷന് വന്നിരിക്കുന്നതെന്നും സമരത്തിന് പിന്നില്‍ ടൗണിലെ തന്നെ ബിയര്‍, വൈന്‍ പാര്‍ലര്‍ ഉടമകള്‍ക്ക് ബന്ധമുള്ളതായി പറയപ്പെടുന്നതായും ഹൈക്കോടതിയില്‍ നല്‍കിയ റിട്ടില്‍ പറയുന്നു. പോലിസില്‍ പരാതി നല്‍കിയിട്ടും മദ്യം വാങ്ങാനെത്തുന്നവരുടെ കണ്ണില്‍പ്പെടാതെ സമരക്കാരെ മാറ്റുന്നതിനും പോലിസ് തയ്യാറാവുന്നില്ലെന്നും ബിവറേജസ് കോര്‍പറേഷന്‍ ഹൈക്കോടതിയില്‍ നല്‍കിയ പരാതിയില്‍ പറയുന്നു.
എന്നാല്‍, ഭയപ്പെടുത്തി പിന്‍വലിപ്പിക്കാനുള്ള ശ്രമങ്ങള്‍ക്കു കീഴടങ്ങില്ലെന്ന ഉറച്ച നിലപാടിലാണ് സമരക്കാര്‍.
Next Story

RELATED STORIES

Share it