wayanad local

മദ്യശാലയ്‌ക്കെതിരായ ആദിവാസികളുടെ സമരത്തിനിടെ സംഘര്‍ഷം

മാനന്തവാടി: ബീവറേജസ് കോര്‍പറേഷന്‍ ഔട്ട്‌ലെറ്റിന് മുന്നില്‍ ആദിവാസികള്‍ നടത്തുന്ന സമരത്തിനിടെ സംഘര്‍ഷവും വാക്കേറ്റവും കയ്യാങ്കളിയും. അളവില്‍ കൂടുതല്‍ മദ്യം നല്‍കിയെന്നാരോപിച്ച് സമരക്കാര്‍ വില്‍പനകേന്ദ്രം ഉപരോധിച്ചതിനെ തുടര്‍ന്നാണ് മദ്യം വാങ്ങാനെത്തിയവരും, സമരക്കാരും, പോലിസും തമ്മില്‍ സംഘര്‍ഷമുണ്ടായത്.
കഴിഞ്ഞ 67 ദിവസമായി വള്ളിയൂര്‍ക്കാവ് റോഡില്‍ പ്രവര്‍ത്തിക്കുന്ന വിദേശമദ്യ വില്‍പനശാലക്കെതിരെയുള്ള ആദിവാസി ഫോറം പ്രവര്‍ത്തകരുടെ സമരത്തിനിടെയാണ് ഇന്നലെ സംഘര്‍ഷമുണ്ടായത്. നിശ്ചിത അളവില്‍ കൂടുതല്‍ മദ്യം ഔട്ട്‌ലറ്റില്‍ നിന്നും വില്‍പ്പന നടത്തിയെന്നാരോപിച്ചായിരുന്നു ഉച്ചയോടെ ധര്‍ണ്ണ നടത്തിയിരുന്ന ആദിവാസികള്‍ കേന്ദ്രം ഉപരോധിക്കാന്‍ ആരംഭിച്ചത്. കൈക്കുഞ്ഞുമായെത്തിയ അമ്മമാരുള്‍പ്പടെ പത്തോളം പേരായിരുന്നു ഉപരോധസമരം നടത്തിയത്. വില്‍പ്പനകേന്ദ്രം അധികൃതര്‍ പോലീസില്‍ വിവരമറിയിച്ചതിനെ തുടര്‍ന്ന് മുക്കാല്‍ മണിക്കൂര്‍ കഴിഞ്ഞായിരുന്നു പോലീസ് സ്ഥലത്തെത്തിയത്. ഇതിനിടയില്‍ മദ്യം വാങ്ങാനെത്തിയവരും സമരക്കാരും തമ്മില്‍ വാക്കേറ്റമുണ്ടായി. പോലിസ് സ്ഥലത്തെത്തിയതോടെ സമരക്കാരെ അറസ്റ്റുചെയ്ത് വാഹനത്തില്‍ കയറ്റുന്നതിനിടെ മദ്യം വാങ്ങാനെത്തിയവര്‍ സമരക്കാരെ തള്ളിവീഴ്ത്തി ഔട്ട്‌ലറ്റിനുള്ളിലേക്ക് പ്രവേശിച്ചതാണ് സംഘര്‍ഷത്തിനിടയാക്കിയത്. തുടര്‍ന്ന് സമരക്കാരും പോലിസും തമ്മില്‍ വാക്കേറ്റവും സംഘര്‍ഷവുമുണ്ടായി. പിന്നീട് മദ്യം വാങ്ങാനെത്തിയവരെ മുഴുവന്‍പേരെയും ദൂരെ മാറ്റിയശേഷം സമരക്കാരെ അറസ്റ്റുചെയ്ത് നീക്കുകയായിരുന്നു.
ഇതിനിടയില്‍ സമരത്തിന് പിന്തുണ നല്‍കിയവരെ പോലീസ് ഭീഷണിപ്പെടുത്തിയതായും പരാതിയുയര്‍ന്നു. 67 ദിവസമായി തുടരുന്ന ബീവറേജസ് വിരുദ്ധ സമരത്തില്‍ ഒരുദിവസം മാത്രമാണ്, ഇതിനുമുമ്പ് ഉപരോധ സമരം നടത്തിയിരുന്നത്. അധികൃതരെ അറിയിക്കാതെ നടത്തിയ രണ്ടാമത്തെ ഉപരോധ സമരത്തിനിടെയാണ് ഇന്നലെ സംഘര്‍മുണ്ടായത്. വരും ദിവസങ്ങളിലും ഉപരോധ സമരങ്ങളുണ്ടാകുമെന്നാണ് സമരക്കാര്‍ പറയുന്നത്. എന്നാല്‍ ഹൈക്കോടതി നിര്‍ദേശപ്രകാരം മദ്യഷാപ്പ് പ്രവര്‍ത്തിക്കാനുള്ള സാഹചര്യം ഒരുക്കുമെന്നാണ് പോലിസിന്റെ വിശദീകരണം. മാനന്തവാടി എസ് ഐ. വിനോദ് വലിയാറ്റൂരിന്റെ നേതൃത്വത്തിലുള്ള സംഘമാണ് സമരക്കാരെ അറസ്റ്റുചെയ്ത് നീക്കിയത്.
Next Story

RELATED STORIES

Share it