മദ്യശാലകള്‍ പാതയോരങ്ങളില്‍ നിന്ന് മാറ്റുന്നത് അപ്രായോഗികം

കൊച്ചി: വിദേശ മദ്യവില്‍പ്പന ശാലകള്‍ ദൂരപരിധി നിയമം പാലിക്കേണ്ടതുള്ളതിനാല്‍ ദേശീയ, സംസ്ഥാന പാതയോരങ്ങളില്‍ നിന്നു മറ്റിടങ്ങളിലേക്ക് മാറ്റുന്നത് അപ്രായോഗികമെന്ന് സര്‍ക്കാര്‍ ഹൈക്കോടതിയില്‍. ബിവറേജസ് കോര്‍പറേഷന് കീഴിലെ മദ്യവില്‍പ്പനശാലകള്‍ നീക്കാന്‍ നടപടിയെടുക്കണമെന്ന ഹൈക്കോടതിയുടെ ഇടക്കാല ഉത്തരവിന്‍മേലാണ് മറ്റൊരിടത്തേക്ക് മാറ്റുന്നത് ബുദ്ധിമുട്ടാണെന്ന് സര്‍ക്കാര്‍ അറിയിച്ചത്. നികുതി വകുപ്പ് അഡീ. സെക്രട്ടറി സുരേഷ്‌കുമാറാണ് സര്‍ക്കാരിന് വേണ്ടി സത്യവാങ്മൂലം നല്‍കിയത്. കരുനാഗപ്പള്ളിയില്‍ ദേശീയ പാതയോരത്ത് പ്രവര്‍ത്തിക്കുന്ന മദ്യവില്‍പ്പന കേന്ദ്രം അപകടത്തിനിടയാക്കുന്നതായി ചൂണ്ടിക്കാട്ടി കെ പി മുഹമ്മദ് നല്‍കിയ ഹരജിയാണ് കോടതിയുടെ പരിഗണനയിലുള്ളത്.

നിയമപ്രകാരം ആരാധനാലയങ്ങള്‍, വിദ്യാഭ്യാസ സ്ഥാപനങ്ങള്‍, ശ്മശാനങ്ങള്‍ എന്നിവിടങ്ങളില്‍ നിന്ന് 200 മീറ്റര്‍ അകലെ മാത്രമേ മദ്യ വില്‍പ്പന ശാലകള്‍ ആരംഭിക്കാന്‍ അനുമതി ലഭിക്കൂ. ഇത്തരം സ്ഥലങ്ങള്‍ കിട്ടിയാലും നാട്ടുകാരുടെ എതിര്‍പ്പു മൂലം പലപ്പോഴും തദ്ദേശ സ്ഥാപനങ്ങളുടെ നോ ഒബ്ജക്ഷന്‍ സര്‍ട്ടിഫിക്കറ്റ് ലഭിക്കില്ല. അതിനാല്‍, ഒരിടത്ത് പ്രശ്‌നങ്ങളില്ലാതെ പ്രവര്‍ത്തിക്കുന്ന വില്‍പ്പനശാല നിര്‍ത്തലാക്കിയാല്‍ പിന്നീട് മറ്റൊരിടത്ത് തുടങ്ങാനാവുമെന്ന് ഉറപ്പില്ല. സംസ്ഥാനത്ത് ബിവറേജസ് കോര്‍പറേഷനു കീഴില്‍ 292ഉം കണ്‍സ്യൂമര്‍ഫെഡിന് കീഴില്‍ 40ഉം മദ്യ വില്‍പ്പനശാലകളാണ് പ്രവര്‍ത്തിക്കുന്നത്. ഇതില്‍ 103 എണ്ണമാണ് ദേശീയ, സംസ്ഥാന പാതയോരങ്ങളിലുള്ളതെന്ന് സത്യവാങ്മൂലത്തില്‍ പറയുന്നു.  സംസ്ഥാനത്തിന്റെ പ്രത്യേക ഭൂപ്രകൃതിയും നാഗരിക സ്വഭാവവും വില്‍പ്പനശാലകള്‍ മാറ്റി സ്ഥാപിക്കുന്നതിന് തടസ്സമാണ്. 600 കിലോമീറ്ററോളം നീളമുള്ള സംസ്ഥാനത്തിന്റെ വീതി 100 കിലോമീറ്റര്‍ മാത്രമാണ്.

ഈ സാഹചര്യത്തില്‍ ദേശീയപാതയോരത്ത് പ്രവര്‍ത്തിക്കുന്ന മദ്യശാലകള്‍ മാറ്റി സ്ഥാപിക്കണമെന്ന കേന്ദ്ര ഉപരിതല ഗതാഗത മന്ത്രാലയത്തിന്റെ നിര്‍ദേശം നടപ്പാക്കാന്‍ ബുദ്ധിമുട്ടാണെന്ന് അറിയിച്ചിട്ടുണ്ട്. മദ്യനയത്തിന്റെ ഭാഗമായി വര്‍ഷം തോറും പത്ത് ശതമാനം വീതം മദ്യശാലകള്‍ അടച്ചുപൂട്ടാനുള്ള തീരുമാനം സര്‍ക്കാര്‍ എടുത്തിട്ടുണ്ട്. വര്‍ഷം തോറും പൂട്ടുന്ന പത്ത് ശതമാനം വില്‍പ്പനശാലകളില്‍ പാതയോരങ്ങളിലുള്ളവക്ക് മൂന്‍ഗണന നല്‍കാനാണ് തീരുമാനമെന്നും സര്‍ക്കാര്‍ സമര്‍പ്പിച്ച സത്യവാങ്മൂലത്തില്‍ പറയുന്നു.
Next Story

RELATED STORIES

Share it