Flash News

മദ്യശാലകള്‍ തുടങ്ങാനുള്ള നീക്കം അപലപനീയം : ബിഷപ് തോമസ് കെ ഉമ്മന്‍



കോട്ടയം: പഞ്ചായത്ത് നഗരപാലികാ ബില്ലിലൂടെ പ്രാദേശിക ഭരണസമിതികള്‍ക്കു നല്‍കപ്പെട്ടിരുന്ന അധികാരം അട്ടിമറിച്ചുകൊണ്ട് മദ്യശാലകള്‍ തുടങ്ങാന്‍ തദ്ദേശസ്ഥാപനങ്ങളുടെ അനുമതി ഒഴിവാക്കിയ തീരുമാനം ജനദ്രോഹ നയമാണെന്ന് സിഎസ്‌ഐ മോഡറേറ്റര്‍ ബിഷപ് തോമസ് കെ ഉമ്മന്‍. പ്രാദേശികതലത്തില്‍ ജനതാല്‍പര്യങ്ങള്‍ക്കു വിരുദ്ധമായി എന്തു വിഷവും വില്‍ക്കാമെന്നുള്ള ധാര്‍ഷ്ട്യമാണ് പുതിയ ഓര്‍ഡിനന്‍സ്. കേന്ദ്രസര്‍ക്കാരും സംസ്ഥാനസര്‍ക്കാരും തമ്മില്‍ യാതൊരു വ്യത്യാസവുമില്ല. ഭരണഘടനയിലെ കൈകടത്തലാണ് ബീഫ് നിരോധനവും തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളുടെ അധികാരം കവര്‍ന്നെടുക്കലുമെന്ന് ബിഷപ് പറഞ്ഞു. ഓര്‍ഡിനന്‍സ് പിന്‍വലിക്കണമെന്നും ദേശീയ ഓര്‍ഡിനന്‍സ് പിന്‍വലിക്കണമെന്നും ദേശീയപാതയുടെ പേരുകള്‍ മാറ്റിമറിക്കുന്നതിലെ ഗൂഢാലോചന പുറത്തുകൊണ്ടുവരണമെന്നും ആവശ്യപ്പെട്ട് സിഎസ്‌ഐ ലഹരിവിരുദ്ധ സമിതി നാളെ രാവിലെ 10ന് ബേക്കര്‍ സ്‌ക്വയറില്‍ കലക്ടറേറ്റിലേക്ക് പ്രതിഷേധപ്രകടനവും ധര്‍ണയും നടത്തുമെന്ന് സെക്രട്ടറി ജോബി ജോയി ആവണക്കാട്ടില്‍ അറിയിച്ചു. തദ്ദേശസ്ഥാപനങ്ങളുടെ അവകാശങ്ങളെ കവര്‍ന്നെടുത്ത് കൂടുതല്‍ മദ്യശാലകള്‍ അടിച്ചേല്‍പ്പിക്കുന്നത് ജനങ്ങളോടുള്ള വെല്ലുവിളിയാണെന്ന് ബിഷപ് തോമസ് കെ ഉമ്മന്‍ ചൂണ്ടിക്കാട്ടി. മദ്യശാലകള്‍ തുറക്കാന്‍ ഏതറ്റംവരെയും പോവാറുള്ള സര്‍ക്കാര്‍ തീരുമാനം ലജ്ജാകരമാണ്. ഒരുവശത്ത് മദ്യവര്‍ജനം പറയുന്നവര്‍ മറുഭാഗത്ത് മദ്യമൊഴുക്കുന്നവര്‍ക്ക് കൂട്ടുനില്‍ക്കുന്നത് വഞ്ചനയാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. റവ. അലക്‌സ് പി ഉമ്മന്‍, റവ. ജേക്കബ് ജോര്‍ജ്, എം എസ് ദാനിയേല്‍, മോസസ് ചാക്കോ സംസാരിച്ചു.
Next Story

RELATED STORIES

Share it