Flash News

മദ്യശാലകള്‍ക്ക് അനുമതി ; തദ്ദേശസ്ഥാപനങ്ങളുടെ അധികാരം ഇല്ലാതാക്കും



തിരുവനന്തപുരം: മദ്യശാലക ള്‍ തുറക്കുന്നതിനു തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളുടെ അനുമതി വേണമെന്ന നിയമം എടുത്തുകളയാന്‍ മന്ത്രിസഭാ തീരുമാനം. ഇതിനായി കേരള മുനിസിപ്പാലിറ്റീസ് ആക്റ്റും കേരളാ പഞ്ചായത്തീരാജ് ആക്റ്റും ഭേദഗതി ചെയ്യാനും ഇന്നലെ ചേര്‍ന്ന മന്ത്രിസഭായോഗം തീരുമാനിച്ചു. മുനിസിപ്പാലിറ്റി ആക്റ്റിലെ 447ാം വകുപ്പും പഞ്ചായത്തീരാജ് ആക്റ്റിലെ 232ാം വകുപ്പുമാണു ഭേദഗതി ചെയ്യുന്നത്. ഭേദഗതി ഓര്‍ഡിനന്‍സായി നടപ്പാക്കുന്നതിനു ഗവര്‍ണറോട് ശുപാര്‍ശ ചെയ്യും. കഴിഞ്ഞ യുഡിഎഫ് സര്‍ക്കാരിന്റെ കാലത്തായിരുന്നു മദ്യശാല തുടങ്ങാന്‍ തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളുടെ അനുമതി നിര്‍ബന്ധമാക്കിയുള്ള നിയമഭേദഗതി സര്‍ക്കാര്‍ കൊണ്ടുവന്നത്. സുപ്രിംകോടതി വിധിപ്രകാരം ദേശീയപാതയില്‍ നിന്നൊഴിവാക്കിയ മദ്യശാലകള്‍ മാറ്റിസ്ഥാപിക്കാന്‍ പല സ്ഥലങ്ങളിലും ഗ്രാമപ്പഞ്ചായത്തുകളുടെയും മുന്‍സിപ്പാലിറ്റികളുടെയും അനുമതി ലഭിക്കാത്തതിനാല്‍ കഴിഞ്ഞിരുന്നില്ല. കൂടാതെ വലിയ പ്രാദേശിക എതിര്‍പ്പുകളും ഉണ്ടായിരുന്നു. മദ്യശാലകള്‍ മാറ്റിസ്ഥാപിക്കാന്‍ കഴിയാത്തതിനാല്‍ ബിവറേജസ് കോര്‍പറേഷന്‍ വലിയ നഷ്ടത്തിലുമായി. ഈ സാഹചര്യം പരിഗണിച്ചാണു തദ്ദേശസ്വയംഭരണ സ്ഥാപനങ്ങള്‍ക്കുള്ള പ്രത്യേകാധികാരം എടുത്തുകളയാന്‍ മന്ത്രിസഭ തീരുമാനിച്ചത്. പുരാരേഖാ വകുപ്പില്‍ 3 ഹെഡ്ക്ലാര്‍ക്ക് തസ്തികകള്‍ സൃഷ്ടിക്കാനും യോഗത്തില്‍ തീരുമാനമായി. മല്‍സ്യബന്ധന തുറമുഖ വകുപ്പ് അഡീഷനല്‍ ചീഫ് സെക്രട്ടറി ജെയിംസ് വര്‍ഗീസിന് നിലവിലുള്ള ചുതമലകള്‍ക്കു പുറമെ വനം-വന്യജീവി വകുപ്പിന്റെ അധിക ചുമതലയും നികുതി (എക്‌സൈസ്) വകുപ്പിന്റെ ചുമതലയും നല്‍കി. ധനകാര്യ (റിസോഴ്‌സ്) വകുപ്പ് പ്രിന്‍സിപ്പല്‍ സെക്രട്ടറിയായ മിനാജ് ആലത്തിനു നികുതിവകുപ്പിന്റെ (എക്‌സൈസ് ഒഴികെ) അധികചുമതല നല്‍കും. ഹൗസിങ് കമ്മീഷണറായ കെ എന്‍ സതീഷിനെ ഇന്‍ഡസ്ട്രീസ് & കൊമേഴ്‌സ് വകുപ്പ് ഡയറക്ടറായി നിയമിച്ചു. നിലവിലുള്ള ചുമതലകളും തുടര്‍ന്നു വഹിക്കും. ചെങ്ങന്നൂര്‍ സബ്കലക്ടര്‍ എസ് ചന്ദ്രശേഖറിനെ തലശ്ശേരി സബ്കലക്ടറായും നിയമിച്ചു.
Next Story

RELATED STORIES

Share it