മദ്യവ്യവസായത്തിന് ജലം നല്‍കരുതെന്ന ഹരജി തള്ളി; വിഷയം സര്‍ക്കാരിന്റെ നയവുമായി ബന്ധപ്പെട്ടത്: സുപ്രിംകോടതി

ന്യൂഡല്‍ഹി: കടുത്ത വരള്‍ച്ചയുടെ വെളിച്ചത്തില്‍ മദ്യ നിര്‍മാണശാലകള്‍ക്കുള്ള ജലവിതരണം പൂര്‍ണമായി നിര്‍ത്താന്‍ മഹാരാഷ്ട്ര സര്‍ക്കാരിനു നിര്‍ദേശം നല്‍കണമെന്നാവശ്യപ്പെട്ടു സമര്‍പ്പിച്ച ഹരജി സുപ്രിംകോടതി തള്ളി.
ജസ്റ്റിസുമാരായ പി സി പന്ത്, ഡി വൈ ചന്ദ്രചൂഡ് എന്നിവരടങ്ങിയ അവധിക്കാല ബെഞ്ചാണ് ഹരജി തള്ളിയത്. വിഷയം സര്‍ക്കാരിന്റെ നയവുമായി ബന്ധപ്പെട്ടതാണെന്നും അതിലിടപെടാന്‍ കോടതിക്കു കഴിയില്ലെന്നും ബെഞ്ച് വ്യക്തമാക്കി. സഞ്ജയ് ഭാസ്‌കര്‍ റാവുവാണ് സുപ്രിംകോടതിയെ സമീപിച്ചത്. ഹരജിക്കാരന്‍ പ്രശസ്തിക്കു വേണ്ടിയാണ് ഹരജി നല്‍കിയതെന്നു കോടതി വിമര്‍ശിച്ചു. മദ്യനിര്‍മാണശാലകള്‍ക്കു ജലവിതരണം 60 ശതമാനം കുറച്ചുകൊണ്ട് ബോംബെ ഹൈക്കോടതിയുടെ ഔറംഗാബാദ് ബെഞ്ച് ഉത്തരവ് പുറപ്പെടുവിച്ചിട്ടുണ്ട്. എന്തുകൊണ്ടാണ് ഈ ഇടക്കാല ഉത്തരവിനെതിരേ ഹൈക്കോടതിയെ സമീപിക്കാതിരുന്നത്?-ഹരജിക്കാരനോട് കോടതി ചോദിച്ചു.
ഇതെല്ലാം നയപരമായ തീരുമാനങ്ങളാണ്. എല്ലാത്തിനും ഒരു സമതുലനം ആവശ്യമാണ്. കോടതി ഇതില്‍ ഇടപെട്ടാല്‍ അതു ഭരണത്തില്‍ ഇടപെടുന്നതിനു തുല്യമാവും-കോടതി പറഞ്ഞു.
ജലസംഭരണികളിലെ ജലവിതാനം സ്ഥിരമായി പരിശോധിക്കാന്‍ മഹാരാഷ്ട്ര ജലവിഭവ നിയന്ത്രണ അതോറിറ്റിക്ക് ബോംബെ ഹൈക്കോടതി നിര്‍ദേശം നല്‍കി. വരള്‍ച്ച ബാധിത സംസ്ഥാനത്ത് കുടിവെള്ളം മതിയായതോതില്‍ വിതരണം ചെയ്യുന്നതിനു വേണ്ടിയാണിത്.
Next Story

RELATED STORIES

Share it