മദ്യവില്‍പനക്കാരെ പിടികൂടാന്‍ സഹായിച്ച വനിതയെ മര്‍ദിച്ച് നഗ്നയാക്കി നടത്തി

ന്യൂഡല്‍ഹി: അനധികൃത മദ്യവില്‍പനക്കാരെ പിടികൂടാന്‍ പോലിസിനെ സഹായിച്ച വനിതയ്ക്കു ഡല്‍ഹിയില്‍ ക്രൂര മര്‍ദനം. ആം ആദ്മി പാര്‍ട്ടി സര്‍ക്കാര്‍ രൂപീകരിച്ച കമ്മ്യൂണിറ്റി പോലിസിങിന്റെ ഭാഗമായി അനധികൃത മദ്യവില്‍പനക്കാരെ പിടികൂടാനുള്ള റെയ്ഡില്‍ പങ്കെടുത്ത യുവതിക്കാണു മര്‍ദനമേറ്റത്. റെയ്ഡിന് പിന്നാലെ കോളനിയിലെ സ്ത്രീകളും പുരുഷന്‍മാരും അടങ്ങുന്ന സംഘം ഇവരെ ആക്രമിക്കുകയായിരുന്നു. കമ്പി കൊണ്ട് അടിച്ചും വസ്ത്രങ്ങള്‍ വലിച്ചുകീറിയും യുവതിയെ മര്‍ദിച്ചു. എല്ലാവര്‍ക്കും ഇതൊരു പാഠമായിരിക്കട്ടെ എന്ന താക്കീതോടെ ഇവരെ നഗ്‌നയാക്കി കോളനിയിലൂടെ നടത്തുകയും ചെയ്തു. കോളനിയിലെ പരസ്യ മദ്യവില്‍പന തടഞ്ഞതിനാണു തനിക്കു മര്‍ദനമേറ്റതെന്നു യുവതി വ്യക്തമാക്കി. യുവതിയുടെ ദൃശ്യങ്ങള്‍ ഡല്‍ഹി വനിതാ കമ്മീഷന്‍ അധ്യക്ഷ സ്വാതി മാലിവാള്‍ ഷെയര്‍ ചെയ്തതോടെയാണു സംഭവം പുറത്തറിഞ്ഞത്.യുവതിയെ മര്‍ദിച്ച 25ലധികം വരുന്ന സംഘം ഇവരെ നഗ്‌നയാക്കി നടത്തുന്നതിന്റെ ദൃശ്യങ്ങള്‍ പകര്‍ത്തി പ്രചരിപ്പിച്ചിരുന്നു. യുവതിയെ ആക്രമിക്കുന്നതു തടയാനെത്തിയ ഒരു പോലിസുകാരനും മര്‍ദനമേറ്റിരുന്നു. മര്‍ദനമേറ്റ് ആശുപത്രിയില്‍ കഴിയുന്ന യുവതിയെ  അരവിന്ദ് കേജരിവാള്‍ സന്ദര്‍ശിച്ചു. സംഭവത്തെ അപലപിച്ച കേജരിവാള്‍ ലെഫ്റ്റനന്റ് ഗവര്‍ണര്‍ അനില്‍ ബൈജാലിനോട് നടപടി ആവശ്യപ്പെട്ടിട്ടുണ്ട്. സംഭവത്തില്‍  റിപോര്‍ട്ട് നല്‍കണമെന്നു ഡല്‍ഹി വനിതാ കമ്മീഷന്‍ ഡെപ്യൂട്ടി പോലിസ് കമ്മീഷണര്‍ രജനീഷ് ഗുപ്തയ്ക്കു നിര്‍ദേശം നല്‍കി.
Next Story

RELATED STORIES

Share it