wayanad local

മദ്യവിമുക്ത കോളനികള്‍ ലക്ഷ്യമിട്ട് 'ഗൃഹപാഠം' പദ്ധതി

കല്‍പ്പറ്റ: ആദിവാസി കോളനികളില്‍ മദ്യത്തിന്റെ ഉപയോഗം വര്‍ധിച്ചുവരുന്ന സാഹചര്യത്തില്‍ മദ്യം, മയക്കുമരുന്ന്, മുറുക്ക് തുടങ്ങിയ ലഹരി ഉപയോഗങ്ങളെക്കുറിച്ച് ബോധവല്‍ക്കരണം നടത്തി ആദിവാസികളെ ജീവിതത്തിലേക്ക് തിരിച്ചുകൊണ്ടുവരികയെന്ന ലക്ഷ്യത്തോടെ മാനന്തവാടി പോലിസിന്റെ പുതിയ പദ്ധതി 'ഗൃഹപാഠ'ത്തിന് പയ്യംപള്ളി പാടുകാണി-മുയല്‍ക്കുനി കോളനിയില്‍ തുടക്കം. മാനന്തവാടി എസ്‌ഐ വിനോദ് വലിയാറ്റൂര്‍ ഉദ്ഘാടനം ചെയ്തു. പദ്ധതി പ്രകാരം കോളനികളിലെ പത്തിനും പതിനഞ്ചിനും ഇടയില്‍ പ്രായമുള്ള കുട്ടികള്‍ക്കിടയില്‍ മദ്യം, മയക്കുമരുന്ന്, മുറുക്ക് എന്നിവയുടെ ദൂഷ്യഫലങ്ങളെക്കുറിച്ച് അവബോധം സൃഷ്ടിക്കും.
വിവിധ പരാതികളുമായെത്തിയ ആദിവാസി വീട്ടമ്മമാര്‍, കോളനികളില്‍ മദ്യം വില്ലനാവുന്നുവെന്നു ചൂണ്ടിക്കാട്ടിയതിന്റെ അടിസ്ഥാനത്തില്‍ ജില്ലാ പോലിസ് മേധാവി എം കെ പുഷ്‌കരന്റെ അനുമതിയോടെയാണ് മാനന്തവാടി പോലിസ് പദ്ധതി നടപ്പാക്കാന്‍ തീരുമാനിച്ചത്. ഇതിന്റെ ഭാഗമായി കോളനികളില്‍ എല്ലാ ഞായറാഴ്ചകളിലും വൈകീട്ട് നാലു മുതല്‍ അഞ്ചു വരെ ബോധവല്‍ക്കരണ ക്ലാസുകളും വീഡിയോ പ്രദര്‍ശനങ്ങളും നടത്തും. ക്ലാസുകള്‍ക്ക് ശേഷം മദ്യവിരുദ്ധ പ്രതിജ്ഞയെടുപ്പിക്കും.
കോളനിയിലെ പ്ലസ്ടു, ഡിഗ്രി വിദ്യാഭ്യാസം നേടിയവരാണ് ക്ലാസുകളെടുക്കുക. ഇവര്‍ക്ക് ആവശ്യമായ മാര്‍ഗനിര്‍ദേശങ്ങളും സഹായങ്ങളും പോലിസ് നല്‍കും. ഡിവൈഎസ്പി, സിഐ, എസ്‌ഐ, ജനമൈത്രി പോലിസ്, മദ്യവര്‍ജന സമിതി പ്രവര്‍ത്തകര്‍ എന്നിവരും വിവിധ വിഷയങ്ങളില്‍ ക്ലാസുകളെടുക്കും. എല്ലാ മാസവും പദ്ധതി അവലോകനം നടത്തും. പരീക്ഷണാടിസ്ഥാനത്തില്‍ ആരംഭിച്ച ഗൃഹപാഠം പദ്ധതി വിജയകരമായാല്‍ പടച്ചിക്കുന്ന് കോളനിയിലേക്കും മറ്റു ആദിവാസി കോളനികളിലേക്കും വ്യാപിപ്പിക്കാനാണ് പോലിസിന്റെ ലക്ഷ്യം. ട്രൈബല്‍ പ്രമോട്ടര്‍ മല്ലിക, കോളനി മൂപ്പന്‍ രവീന്ദ്രന്‍, ജനമൈത്രി പോലിസ് പിആര്‍ഒ, എഎസ്‌ഐ പങ്കെടുത്തു. അടിയ വിഭാഗത്തില്‍പ്പെട്ട 32ഓളം കുടുംബങ്ങളാണ് ഈ കോളനികളിലുള്ളത്. പദ്ധതിയിലൂടെ ആദിവാസി കോളനികളിലുണ്ടാവുന്ന കുടുംബ പ്രശ്‌നങ്ങള്‍ക്കും മറ്റും ഒരു പരിധിവരെ പരിഹാരമാവുമെന്ന കണക്കുകൂട്ടലിലാണ് പോലിസ്.
Next Story

RELATED STORIES

Share it