kannur local

മദ്യവിപത്തിനെതിരേ ഒറ്റയാള്‍ സമരവുമായി വീട്ടമ്മ

തലശ്ശേരി: മദ്യവിപത്തിനെതിരേ ഒറ്റയാള്‍ സമരവുമായി വീട്ടമ്മ രംഗത്ത്. മുഴപ്പിലങ്ങാട് കുളം ബസാറിനു സമീപത്തെ ഷിംന നിവാസില്‍ ഷാജിമയാണ് കുളം ബസാറില്‍ ഇന്നലെ രാവിലെ മുതല്‍ കുത്തിയിരിപ്പ് ആരംഭിച്ചത്. പ്രദേശത്തെ പരസ്യമദ്യപാനം നിര്‍ത്തണമെന്നും ഒരു ബേക്കറി കേന്ദ്രീകരിച്ചുള്ള മദ്യവിതരണം നിര്‍ത്തലാക്കണമെന്നും ആവശ്യപ്പെട്ടാണ് സമരം നടത്തുന്നത്. ഭര്‍ത്താവിന്റെ മദ്യപാനം കാരണം കുടുംബം തകര്‍ന്നെന്നും സ്വന്തം വീട്ടില്‍ ഒരു ദിവസമെങ്കിലും സമാധാനത്തോടെ ഉറങ്ങാന്‍ പ്രദേശവാസികള്‍ കൈകോര്‍ക്കണമെന്നുമാണ് ഇവരുടെ അഭ്യര്‍ഥന. കുളംബസാര്‍-ബീച്ച് റോഡ് കേന്ദ്രീകരിച്ചുള്ള പരസ്യമദ്യപാനം വഴിനടക്കാന്‍ പോലും പറ്റാത്ത വിധത്തിലായതോടെയാണു പ്രത്യക്ഷ സമരത്തിനിറങ്ങിയത്. 28 വര്‍ഷം മുമ്പ് വിവാഹതയായ ഷാജിമയുടെ ഭര്‍ത്താവ് ഓട്ടോ തൊഴിലാളിയാണ്. മദ്യപാനത്തിന്റെ കെടുതി കാരണം മാസങ്ങളായി ഇയാള്‍ ജോലിക്ക് പോവാറില്ല. പ്രതിദിനം മദ്യം വാങ്ങാന്‍ 10 രൂപ പലിശ കൊടുത്ത് 100 രൂപ കടം നല്‍കുന്ന റാക്കറ്റില്‍ തന്റെ ഭര്‍ത്താവ് കുടുങ്ങിയിട്ടുണ്ടെന്നാണ് വീട്ടമ്മയുടെ സങ്കടം. രണ്ടു മക്കളില്‍ മൂത്തയാളുടെ വിവാഹം കഴിഞ്ഞു. രണ്ടാമത്തെയാള്‍ പിതാവിന്റെ മദ്യപാനം കാരണം വീട്ടിലേക്ക് വരാറുമില്ല. ജീവിതം ഇത്രയും നിരാലംബമാക്കപ്പെട്ടതോടെയാണ് ഷാജിമ സമരത്തിനു നിര്‍ബന്ധിതയായത്. വ്യാജ മദ്യവില്‍പന അവസാനിപ്പിക്കുന്നതു വരെ മുഴുവന്‍ പേരും കുടുംബാംഗങ്ങളും സമരത്തില്‍ പങ്കാളികളാവണമെന്ന് ഷാജിമ പറഞ്ഞു.28 വര്‍ഷത്തെ സഹനത്തില്‍ നിന്നു താന്‍ അനുഭവിച്ച വേദനയില്‍ നിന്നാണ് താന്‍ സമരത്തിനിറങ്ങിയതെന്ന് മദ്യവില്‍പന അവസാനിപ്പാക്കന്‍ മരണം വരെ സമരത്തിനു തയ്യാറാണെന്നു പ്രഖ്യാപിക്കുന്ന ഷാജിമ പറയുന്നു. സമരം സമൂഹമാധ്യമങ്ങളിലൂടെ പ്രചരിച്ചതോടെ നിരവധി പേര്‍ സ്ഥലത്തെച്ചി. എസ്ഡിപിഐ മുഴപ്പിലങ്ങാട് പഞ്ചായത്ത് കമ്മിറ്റിയുടെ നേതൃത്വത്തില്‍ നേതാക്കള്‍ വീട്ടമ്മയുടെ സമരത്തിന് ഐക്യദാര്‍ഢ്യം പ്രഖ്യാപിക്കാനെത്തി. ടി സി നിബ്രാസ്, പി ബി മൂസക്കുട്ടി, മുസ്തഫ കൂടക്കടവ്, ടി സി അസ്്‌ലം, ടി കെ സാഹിര്‍ നേതൃത്വം നല്‍കി. പഞ്ചായത്തിലെ മദ്യ-ലഹരി മാഫിയക്കെതിരേ ബോധവല്‍ക്കരണവും സമരവും തുടരുമെന്ന് എസ്ഡിപിഐ പഞ്ചായത്ത് ഭാരവാഹികള്‍ അറിയിച്ചു.
Next Story

RELATED STORIES

Share it