മദ്യവര്‍ജന നയം അപഹാസ്യം: മദ്യവിരുദ്ധ ഏകോപന സമിതി

കൊച്ചി: മദ്യവര്‍ജനമായിരിക്കും നയം എന്നു പ്രഖ്യാപിക്കുന്നത് അപഹാസ്യമാണെന്നും സമൂഹത്തില്‍ മദ്യത്തിനെതിരേ രൂപപ്പെട്ട ജനവികാരം മാനിച്ചു ബിഹാറില്‍ സമ്പൂര്‍ണ മദ്യനിരോധനം ഏര്‍പ്പെടുത്തിയ പോലെ കേരളത്തിലും സമ്പൂര്‍ണ മദ്യനിരോധനം ഏര്‍പ്പെടുത്തണമെന്നും കേരള മദ്യവിരുദ്ധ ഏകോപനസമിതി സംസ്ഥാന നേതൃസമ്മേളനം ആവശ്യപ്പെട്ടു.
മദ്യരഹിത സമൂഹമെന്ന ലക്ഷ്യം സാക്ഷാല്‍ക്കരിക്കാന്‍ മദ്യവര്‍ജനം പോര, മദ്യനിരോധനം തന്നെ വേണം. രാഷ്ട്രീയ മുന്നണികള്‍ ഘട്ടം ഘട്ടമായി സമ്പൂര്‍ണ മദ്യനിരോധനം നയമായി പ്രഖ്യാപിക്കണം. മദ്യവര്‍ജനമായിരിക്കും നയം എന്നു പ്രഖ്യാപിക്കുന്നത് അപഹാസ്യമാണ്. മദ്യവര്‍ജനം എന്നത് ഒരു വ്യക്തി എടുക്കേണ്ട തീരുമാനമാണ്. മദ്യം നിയന്ത്രിക്കാനും നിരോധിക്കാനും സര്‍ക്കാരുകള്‍ക്കേ കഴിയൂ.
കോടികളുടെ വരുമാനം വേണ്ടെന്നു വച്ച് ബിഹാറില്‍ സമ്പൂര്‍ണ മദ്യനിരോധനം നടപ്പാക്കിയ ബിഹാര്‍ മുഖ്യമന്ത്രി നിതീഷ്‌കുമാറിനെ യോഗം അഭിനന്ദിച്ചു. സമ്പൂര്‍ണ മദ്യനിരോധനം നയമായി പ്രഖ്യാപിച്ചാണ് നിതീഷ്‌കുമാറിന്റെ നേതൃത്വത്തിലുള്ള മതേതര മുന്നണി തിരഞ്ഞെടുപ്പിനെ നേരിട്ടത്. കേരളത്തിലും സമ്പൂര്‍ണ മദ്യനിരോധന നയം മുന്നണികള്‍ പ്രഖ്യാപിക്കണമെന്നും കലൂര്‍ റിന്യൂവല്‍ സെന്ററില്‍ ചേര്‍ന്ന സംസ്ഥാന നേതൃസമ്മേളനം ആവശ്യപ്പെട്ടു. കേരള മദ്യവിരുദ്ധ ഏകോപന സമിതി സംസ്ഥാന ചെയര്‍മാന്‍ ജസ്റ്റിസ് പി കെ ഷംസുദ്ദീന്‍ സമ്മേളനം ഉദ്ഘാടനം ചെയ്തു.
Next Story

RELATED STORIES

Share it