Flash News

മദ്യലോബി ഇടതു സര്‍ക്കാരിനെ വിലയ്‌ക്കെടുത്തു : അബ്ദുല്‍ മജീദ് ഫൈസി



കോഴിക്കോട്: സംസ്ഥാനത്ത് ബാറുകള്‍, ബിയര്‍-വൈന്‍ പാ ര്‍ലറുകള്‍ എന്നിവ ആരംഭിക്കുന്നതിനു തദ്ദേശ സ്ഥാപനങ്ങളുടെ എന്‍ഒസി വേണമെന്ന വ്യവസ്ഥ ഓര്‍ഡിനന്‍സിലൂടെ എടുത്തുകളഞ്ഞത് ഇടതു സര്‍ക്കാരിനെ മദ്യലോബികള്‍ വിലയ്‌ക്കെടുത്തതിന്റെ തെളിവാണെന്ന് എസ്ഡിപിഐ സംസ്ഥാന സെക്രേട്ടറിയറ്റ് അഭിപ്രായപ്പെട്ടു. കേരളത്തില്‍ മദ്യശാലകളുടെ വര്‍ധന തടയുന്നതില്‍ പ്രധാന പങ്കുവഹിച്ചത് തദ്ദേശ സ്ഥാപനങ്ങള്‍ക്ക് ഉണ്ടായിരുന്ന ഈ അധികാരമാണ്. ഇനി എക്‌സൈസ് വകുപ്പിന്റെ മാത്രം അനുമതിയില്‍ സംസ്ഥാനത്ത് വ്യാപകമായി മദ്യശാലകള്‍ ആരംഭിക്കാനാവും. സംസ്ഥാനത്തെ കടുത്ത അരാജകത്വത്തിലേക്ക് തള്ളിവിടുന്ന ഈ തീരുമാനത്തില്‍ നിന്നും ഇടതു സര്‍ക്കാര്‍ പിന്മാറണം. ജനങ്ങള്‍ക്ക് കുടിവെള്ളം എത്തിക്കുന്നതിനു കാണിക്കാത്ത ജാഗ്രതയും ആവേശവുമാണ് ഇടതു സര്‍ക്കാര്‍ മദ്യമൊഴുക്കാന്‍ കാണിക്കുന്നത്. പാതയോരങ്ങളിലെ മദ്യശാലകള്‍ അടച്ചുപൂട്ടിയപ്പോള്‍ സംഭവിച്ച ഗുണപരമായ മാറ്റങ്ങള്‍ക്കു നേരെ സര്‍ക്കാര്‍ ബോധപൂര്‍വം കണ്ണടയ്ക്കുകയാണ്. ഇടതുപക്ഷത്തെ പിന്തുണച്ച സ്ത്രീകള്‍ അടക്കമുള്ള ജനലക്ഷങ്ങളുടെ താല്‍പര്യങ്ങളെ മറികടന്ന് മദ്യമുതലാളിമാര്‍ക്കു വേണ്ടി നിലകൊള്ളുകയാണ് സര്‍ക്കാര്‍. കുടുംബത്തിലെ സമാധാനാന്തരീക്ഷം തകര്‍ക്കുന്ന ഗുരുതരമായ പ്രത്യാഘാതങ്ങള്‍ സൃഷ്ടിക്കുന്ന തീരുമാനത്തില്‍ നിന്നു സര്‍ക്കാര്‍ പിന്മാറണമെന്നും സെക്രേട്ടറിയറ്റ് ആവശ്യപ്പെട്ടു. എസ്ഡിപിഐ സംസ്ഥാന പ്രസിഡന്റ് പി അബ്ദുല്‍ മജീദ് ഫൈസി അധ്യക്ഷത വഹിച്ചു. വൈസ് പ്രസിഡന്റ് മൂവാറ്റുപുഴ അഷ്‌റഫ് മൗലവി, ജനറല്‍ സെക്രട്ടറിമാരായ എം കെ മനോജ് കുമാര്‍, അജ്മല്‍ ഇസ്മായീല്‍, സെക്രട്ടറിമാരായ റോയി അറക്കല്‍, പി കെ ഉസ്മാന്‍ എന്നിവര്‍ പങ്കെടുത്തു.
Next Story

RELATED STORIES

Share it