kannur local

മദ്യലഹരിയില്‍ ഓട്ടോ തകര്‍ത്തു; പോലിസുകാരന്‍ അറസ്റ്റില്‍

ശ്രീകണ്ഠപുരം: മദ്യലഹരിയില്‍ ഓടിച്ച കാര്‍ ഗുഡ്‌സ് ഓട്ടോയില്‍ ഇടിച്ചശേഷം അതേ ഗുഡ്‌സ് ഓട്ടോ അടിച്ചുതകര്‍ക്കുകയും ഡ്രൈവറെ മര്‍ദിക്കുകയും ചെയ്ത സിവില്‍ പോലിസ് ഓഫിസര്‍ അറസ്റ്റില്‍. കണ്ണൂര്‍ ക്രൈംബ്രാഞ്ചിലെ സിവില്‍ പോലിസ് ഓഫിസര്‍ ഐച്ചേരി സ്വദേശി തെക്കേവീട്ടില്‍ പ്രദീപനെയാണ് അറസ്റ്റ് ചെയ്തത്. കഴിഞ്ഞ ദിവസം രാത്രി 8ഓടെ കാവുമ്പായി-ചൂണ്ടപ്പറമ്പ് റോഡില്‍ മസ്ജിദിന് സമീപമാണ് സംഭവം.
മദ്യലഹരിയില്‍ പ്രദീപന്‍ ഓടിച്ച കാര്‍ കാവുമ്പായിലെ ഉപ്പാലക്കണ്ടി ഷഫീഖിന്റെ കെഎല്‍ 59 ആര്‍ 4011 ഗുഡ്‌സ് ഓട്ടോയിലിടിച്ചു. ഇതേ ചൊല്ലി വാക്കേറ്റം നടക്കുന്നതിനിടെ പോലിസൂകാരന്‍ ഷഫീഖിനെ മര്‍ദ്ദിക്കുകയും ഗുഡ്‌സ് ഓട്ടോ അടിച്ചുതകര്‍ക്കുകയുമായിരുന്നു. ഇതോടെ സമീപവാസികള്‍ തടിച്ചുകൂടി പോലിസുകാരനെ തടഞ്ഞുവച്ചു.
വിവരമറിഞ്ഞെത്തിയ ശ്രീകണ്ഠപുരം എസ്‌ഐ ടി പി രാധാകൃഷ്ണനും സംഘവുമാണ്പ്രദീപനെ കസ്റ്റഡിയിലെടുത്തത്. മദ്യപിച്ച് വാഹനമോടിച്ചതിനും ഓട്ടോ ഡ്രൈവറെ മര്‍ദിച്ചതിനും ഓട്ടോ തകര്‍ത്തതിനും കേസെടുത്തിട്ടുണ്ട്. കൂടെത വകുപ്പുതല നടപടിക്കും സാധ്യതയുണ്ട്. ഇതുസംബന്ധിച്ച് സിഐ മേലുദ്യോഗസ്ഥര്‍ക്കും രഹസ്യാന്വേഷണ വിഭാഗം എസ്പിക്കും റിപോര്‍ട്ട് നല്‍കിയിട്ടുണ്ട്.
Next Story

RELATED STORIES

Share it