Flash News

മദ്യമൊഴുക്കി അബ്കാരി നയം : നിരോധനം പ്രായോഗികമല്ലെന്ന് സര്‍ക്കാര്‍ ; ഉപയോഗിക്കാനുള്ള കുറഞ്ഞ പ്രായം 23



തിരുവനന്തപുരം: യുഡിഎഫ് സര്‍ക്കാരിന്റെ മദ്യനയം പൊളിച്ചടുക്കി എല്‍ഡിഎഫ് സര്‍ക്കാര്‍ പുതിയ നയം പ്രഖ്യാപിച്ചു. ജൂലൈ ഒന്നു മുതല്‍ പ്രാബല്യത്തില്‍ വരുന്ന പുതിയ നയമനുസരിച്ച് സംസ്ഥാനത്ത് ത്രീസ്റ്റാറിനും അതിനു മുകളിലുമുള്ള ഹോട്ടലുകള്‍ക്ക് ബാര്‍ ലൈസന്‍സ് (എഫ്എല്‍- 3) അനുവദിക്കും. ഇവയ്ക്കു ശുദ്ധമായ കള്ള് വിതരണം ചെയ്യുന്നതിന് പ്രത്യേക അനുവാദവും നല്‍കും. എഫ്എല്‍- 3/എഫ്എല്‍- 11 ലൈസന്‍സുള്ള റസ്റ്റോറന്റുകളില്‍ ആവശ്യമുള്ള അവസരങ്ങളില്‍ പ്രത്യേക ഫീസ് ഈടാക്കി ബാങ്ക്വറ്റ് ഹാളില്‍ മദ്യം വിളമ്പുന്നതിനും അനുവാദം നല്‍കും. മദ്യം ഉപയോഗിക്കാനുള്ള കുറഞ്ഞ പ്രായപരിധി 21ല്‍ നിന്ന് 23 ആക്കി ഉയര്‍ത്തിയിട്ടുണ്ട്. വിദേശമദ്യ ചട്ടമനുസരിച്ച് നല്‍കുന്ന ബിയര്‍-വൈന്‍ പാര്‍ലറുകള്‍ ഉള്‍പ്പെടെയുള്ള മറ്റു ലൈസന്‍സുകള്‍ തുടര്‍ന്നും നല്‍കുമെന്നും നയത്തില്‍ പറയുന്നു. ബാറുകളുടെ പ്രവര്‍ത്തനസമയം രാവിലെ 11 മുതല്‍ രാത്രി 11 മണി വരെ ആയി ക്രമപ്പെടുത്തും. നിലവിലിത് രാവിലെ 9.30 മുതല്‍ രാത്രി 10 വരെയാണ്. ടൂറിസം മേഖലയില്‍ രാവിലെ 10 മുതല്‍ രാത്രി 11 മണി വരെയായിരിക്കും പ്രവര്‍ത്തനം. വിമാനത്താവളങ്ങളില്‍ അന്താരാഷ്ട്ര ലോഞ്ചുകള്‍ക്ക് പുറമെ ആഭ്യന്തര ലോഞ്ചുകളിലും മദ്യം ലഭ്യമാക്കും. ഇതോടെ സംസ്ഥാനത്ത് എല്ലായിടത്തും ഏതു സമയത്തും മദ്യം ലഭ്യമാവുമെന്ന് ഉറപ്പായിരിക്കുകയാണ്.എഫ്എല്‍-1 കെഎസ്ബിസി, കണ്‍സ്യൂമര്‍ ഫെഡ് ഔട്ട്‌ലെറ്റുകളുടെ ലൈസന്‍സ് ഫീ മൂന്നുലക്ഷത്തില്‍ നിന്ന് നാലു ലക്ഷമാക്കി. എഫ്എല്‍-3 ബാറുകളുടെ ലൈസന്‍സ് ഫീ 23 ലക്ഷത്തില്‍ നിന്ന് 28 ലക്ഷമാക്കി ഉയര്‍ത്തി. എന്നാല്‍ നാവിക ക്ലബ്, സ്വകാര്യ പാര്‍ട്ടി ആവശ്യം, എയര്‍പോര്‍ട്ട് ലോഞ്ച്, വെയര്‍ഹൗസ്, ബിയര്‍-വൈന്‍ പാര്‍ലര്‍, ബിയര്‍ റീട്ടെയില്‍ എന്നിവിടങ്ങളിലെ ഫീസ് നിരക്കില്‍ വ്യത്യാസമില്ല. ഈ വര്‍ഷം ഏപ്രില്‍ ഒന്നിന് മുമ്പ് പ്രവര്‍ത്തിച്ചിരുന്നതും സുപ്രിംകോടതി ഉത്തരവിനെ തുടര്‍ന്ന് പൂട്ടിയതുമായ ബാര്‍-വൈന്‍ കേന്ദ്രങ്ങള്‍ അതത് താലൂക്കില്‍ ദേശീയപാതയോരത്തു നിന്ന് 500 മീറ്റര്‍ മാറ്റി പുനസ്ഥാപിക്കും .  ഇവിടെ ജോലി നോക്കിയിരുന്ന എല്ലാവര്‍ക്കും തൊഴില്‍ കൊടുക്കണമെന്ന വ്യവസ്ഥയിലായിരിക്കും ബാര്‍ പുനസ്ഥാപിക്കുക. ഒരു വ്യക്തിക്ക് ഒരുസമയം ഔട്ട്‌ലെറ്റിലൂടെ വാങ്ങാവുന്ന വിദേശമദ്യത്തിന്റെ അനുവദനീയമായ അളവ് 3 ലിറ്ററായി തുടരും. ലൈസന്‍സിങ് സമ്പ്രദായത്തിലൂടെ 5 മുതല്‍ 7 വരെ കള്ളുഷാപ്പുകള്‍ ഒരു ഗ്രൂപ്പായി തിരിച്ച് നിലവിലുള്ള വ്യവസ്ഥ അനുസരിച്ച് വില്‍പന നടത്തും. ഇത്തരത്തില്‍ വില്‍പന നടത്തുമ്പോള്‍ ഒരു വ്യക്തിക്ക് 2 ഗ്രൂപ്പില്‍ കൂടുതല്‍ വില്‍പന നടത്താന്‍ പാടില്ല. കള്ളുഷാപ്പുകള്‍ 3 വര്‍ഷത്തില്‍ ഒരു തവണ വില്‍പന നടത്തും. കള്ളുഷാപ്പുകള്‍ വില്‍പന നടത്തുമ്പോള്‍ തൊഴിലാളികളുടെ സഹകരണ സംഘങ്ങള്‍ക്ക് മുന്‍ഗണന നല്‍കും. വില്‍പന പോകാത്ത കള്ളുഷാപ്പുകള്‍ കള്ളുചെത്ത്/ഷാപ്പ് തൊഴിലാളി കമ്മിറ്റികള്‍ക്കോ കള്ള് സഹകരണ സംഘങ്ങള്‍ക്കോ വാടക ഈടാക്കി നല്‍കും. കള്ളുഷാപ്പുകളുടെ വാര്‍ഷിക വാടക മാറ്റമില്ലാതെ തുടരും.ലൈസന്‍സ് അനുവദിക്കുന്ന ഘട്ടത്തില്‍ സഹകരണ സംഘങ്ങള്‍ ഇല്ലാത്ത സ്ഥലത്ത് മുന്‍വര്‍ഷം ഷാപ്പ് നടത്തിയവര്‍ക്ക് പരിഗണന നല്‍കും. ക്ഷേമനിധി കുടിശ്ശിക വരുത്തിയവര്‍ക്ക് പുതിയ ലൈസന്‍സ് അനുവദിക്കില്ലെന്നും നയം വ്യക്തമാക്കുന്നു. കള്ളുഷാപ്പുകളില്‍ ശുചിത്വം ഉറപ്പാക്കുന്നതിനും ആധുനികവല്‍ക്കരണത്തിനും വ്യവസായ തൊഴില്‍ സംരക്ഷണത്തിനും മൂല്യവര്‍ധിത ഉല്‍പന്നങ്ങള്‍ക്കും നടപടി സ്വീകരിക്കും. അബ്കാരി ചട്ടങ്ങളില്‍ കാലാനുസൃതമായ മാറ്റം വരുത്തുന്നതിന് നടപടി സ്വീകരിക്കും. കേരള സമൂഹത്തില്‍ അനിയന്ത്രിതമായി വര്‍ധിച്ചുവരുന്ന ലഹരിപദാര്‍ഥങ്ങളുടെ ഉപഭോഗം കുറച്ചുകൊണ്ടുവരുന്നതിനും നിര്‍മാര്‍ജനം ചെയ്യുന്നതിനുമായി രൂപീകരിച്ച ലഹരിവര്‍ജന മിഷന്‍ 'വിമുക്തി'യുടെ പ്രവര്‍ത്തനം സമൂഹത്തിലെ എല്ലാ വിഭാഗം ആളുകളെയും സഹകരിപ്പിച്ച് ശക്തിപ്പെടുത്തും. സംസ്ഥാനത്ത് എല്ലാ ജില്ലകളിലും ആരോഗ്യ വകുപ്പുമായി സഹകരിച്ച് ഡീ-അഡിക്ഷന്‍ സെന്ററുകള്‍ ആരംഭിക്കും. നിലവിലുള്ളത് ശക്തിപ്പെടുത്തും. മദ്യാസക്തിക്ക് അടിപ്പെട്ടവരെ പുനരധിവസിപ്പിക്കുന്നതിന് മാതൃകാ സ്‌പെഷ്യാലിറ്റി ഡീ-അഡിക്ഷന്‍ സെന്റര്‍ ആരംഭിക്കുമെന്നും നയത്തില്‍ പറയുന്നു.
Next Story

RELATED STORIES

Share it