Flash News

മദ്യപന്മാര്‍ വാഹനമോടിച്ച് ജീവനെടുത്തത് 4200 പേരുടെ

കെ പി ഒ  റഹ്മത്തുല്ല

മലപ്പുറം: റോഡപകടങ്ങളില്‍ പ്രധാന പങ്ക് മദ്യപാനത്തിനാണെന്നു തെളിയിക്കുന്ന രേഖകള്‍ പുറത്ത്. കഴിഞ്ഞ വര്‍ഷം മദ്യപിച്ച് വാഹനമോടിച്ചവര്‍ 4200 പേരുടെ ജീവനെടുത്തു. ഗുരുതരമായി പരിക്കേറ്റവരുടെ എണ്ണം 75,516. ആകെ മദ്യപന്മാര്‍ വരുത്തിവച്ച വാഹനാപകടങ്ങള്‍ 2,03,650 ആണ്. 2017ല്‍ ജനുവരി 1 മുതല്‍ ഡിസംബര്‍ 25 വരെയുള്ള കണക്കുകളാണ് കഴിഞ്ഞ ദിവസം ആഭ്യന്തര വകുപ്പ് പുറത്തുവിട്ടത്. ഏറ്റവും കൂടുതല്‍ അപകടങ്ങള്‍ സംഭവിച്ചത് എറണാകുളത്താണ്- 40,195 കേസുകള്‍. ഇവിടെത്തന്നെയാണ് ഏറ്റവും കൂടുതല്‍ മരണവും റിപോര്‍ട്ട് ചെയ്തിട്ടുള്ളത്- 1,216. രണ്ടാം സ്ഥാനം തിരുവനന്തപുരത്തിനാണ്. ഇവിടെ മരിച്ചത് 986 പേരാണ്. ആകെ അപകടങ്ങള്‍ 31,453. മൂന്നാം സ്ഥാനം കൊല്ലത്തിനാണ്. ഇവിടെ മരിച്ചത് 712 പേര്‍. അപകടങ്ങള്‍ 23,962. ഏറ്റവും കുറവ് മലപ്പുറത്താണ്. 485 അപകടങ്ങള്‍. മരണം സംഭവിച്ചിട്ടില്ല. മദ്യപിച്ചുള്ള ഡ്രൈവിങ് പ്രധാന പ്രശ്‌നമായി മാറുന്നുവെന്നാണ് കണക്കുകള്‍ ചൂണ്ടിക്കാട്ടുന്നത്. ആകെയുള്ള വാഹനാപകടങ്ങളില്‍ 80 ശതമാനവും മദ്യപിച്ചുള്ള വാഹനമോടിക്കല്‍ കൊണ്ട് സംഭവിക്കുന്നതാണ്. കഴിഞ്ഞ വര്‍ഷം വാഹനാപകടങ്ങളില്‍ സംസ്ഥാനത്ത് ആകെ മരിച്ചത് 5,216 പേരാണ്. ഇവരില്‍ 4200 പേര്‍ക്കും ജീവന്‍ നഷ്ടപ്പെട്ടത് മദ്യപന്മാരായ ഡ്രൈവര്‍മാര്‍ മൂലമാണ്. അല്ലാതെയുള്ള റോഡപകട മരണങ്ങള്‍ വെറും 1016 മാത്രം. മദ്യപന്മാര്‍ വരുത്തിവച്ച അപകടങ്ങളുടെ ജില്ല തിരിച്ചുള്ള കണക്ക് ഇപ്രകാരമാണ്: പത്തനംതിട്ട 16,643, ആലപ്പുഴ 23,346, കോട്ടയം  21,978, ഇടുക്കി 7368, തൃശൂര്‍ 13,575, പാലക്കാട്  7674, കോഴിക്കോട് 4331, വയനാട് 2270, കണ്ണൂര്‍ 8378, കാസര്‍കോട് 2081. പോലിസ് മദ്യപിച്ച് വാഹനമോടിച്ചതിന് കേസെടുത്ത കണക്കുകളാണിത്. മദ്യപിച്ചുള്ള ഡ്രൈവിങിന്റെ ഫലമായി ആകെ മരിച്ച 4200 പേരില്‍ മൂവായിരത്തോളം പേര്‍ യുവാക്കളും കുട്ടികളുമാണ്. അപകടങ്ങള്‍ വരുത്തിവച്ച വാഹനങ്ങളില്‍ മോട്ടോര്‍ ബൈക്കുകളും കാറുമാണ് മുന്നില്‍. അപകടമുണ്ടാക്കിയ ഡ്രൈവര്‍മാരില്‍ 75 ശതമാനവും യുവാക്കളാണെന്നും പോലിസ് കണക്കുകള്‍ പറയുന്നു. മദ്യപിച്ച് വാഹനമോടിക്കുന്നവര്‍ക്കെതിരേ കര്‍ശന നടപടികളുണ്ടായിട്ടും അപകടങ്ങള്‍ വര്‍ധിക്കുന്നുവെന്നാണ് മോട്ടോര്‍ വാഹനവകുപ്പും പോലിസും പറയുന്നത്. എന്നാല്‍, റോഡരികിലെ ബാറുകള്‍ പൂട്ടിയതിനു ശേഷം അപകടനിരക്കുകളില്‍ കുറവു വന്നതായും അവര്‍ സാക്ഷ്യപ്പെടുത്തുന്നു. കര്‍ശന നടപടികള്‍ തുടര്‍ന്നില്ലെങ്കില്‍ മദ്യപിച്ച് വാഹനമോടിക്കുന്നവര്‍ റോഡുകളില്‍ ഇനിയും കൂട്ടക്കുരുതികള്‍ സൃഷ്ടിക്കുമെന്നും വിദഗ്ധര്‍ അഭിപ്രായപ്പെടുന്നു.
Next Story

RELATED STORIES

Share it