മദ്യപനെന്നു മുദ്രകുത്തി അപമാനിച്ചതിന് നഷ്ടപരിഹാരമില്ല; ഡല്‍ഹിയിലെ മലയാളി പോലിസുകാരന്റെ ഹരജി സുപ്രിംകോടതി തള്ളി

ന്യൂഡല്‍ഹി: മദ്യപനെന്നു മുദ്രകുത്തി സോഷ്യല്‍ മീഡിയയിലൂടെ അപമാനിച്ചതിന് നഷ്ടപരിഹാരം ആവശ്യപ്പെട്ട് മലയാളി പോലിസ് ഉദ്യോഗസ്ഥന്‍ സമര്‍പ്പിച്ച ഹരജി സുപ്രിംകോടതി തള്ളി. മൗലികാവകാശങ്ങള്‍ ലംഘിക്കപ്പെട്ടില്ലെന്നു കാട്ടിയാണ് സിവില്‍ ലൈന്‍ പോലിസ് സ്റ്റേഷനിലെ കോണ്‍സ്റ്റബിള്‍ പി കെ സലിം നല്‍കിയ ഹരജി തള്ളിയത്.
ഡല്‍ഹി മെട്രോയില്‍ മദ്യപിച്ചു സമനില തെറ്റിയ പോലിസുകാരന്‍ എന്ന തലക്കെട്ടില്‍ യൂട്യൂബില്‍ സലിം മെട്രോയില്‍ കാലുകളുറയ്ക്കാതെ യാത്രചെയ്യുകയും നിലതെറ്റി വീഴുകയും ചെയ്യുന്ന വീഡിയോ ആരോ പോസ്റ്റ് ചെയ്തിരുന്നു. എന്നാല്‍, മസ്തിഷ്‌കാഘാതം വന്ന് ഇടതുവശം തളര്‍ന്ന സലിം രോഗാവസ്ഥയിലായിരുന്നു മെട്രോയില്‍ യാത്രചെയ്തിരുന്നതെന്ന് പിന്നീടു തെളിഞ്ഞു. വീഡിയോ പ്രചരിച്ചതുമൂലം സലിമിനെ സസ്‌പെന്‍ഡ് ചെയ്യുകയും അന്വേഷണത്തില്‍ സത്യം വ്യക്തമായതോടെ തിരിച്ചെടുക്കുകയും ചെയ്തിരുന്നു.
ജോലിയില്‍ തിരിച്ചെടുത്തതിനാല്‍ അവകാശങ്ങളൊന്നും ലംഘിക്കപ്പെട്ടില്ലെന്ന് സുപ്രിംകോടതി ചൂണ്ടിക്കാട്ടി. മുഖ്യമന്ത്രിയായിരിക്കെ ഷീലാ ദീക്ഷിതിന്റെയും കേന്ദ്ര ആഭ്യന്തരമന്ത്രിയായിരിക്കെ പി ചിദംബരത്തിന്റെയും സുരക്ഷാ ഉദ്യോഗസ്ഥനായിരുന്നു സലിം. രോഗം മൂലം ഡസ്‌ക് ജോലിയിലേക്കു മാറ്റി. 2015 ആഗസ്ത് 19ന് ജോലിക്കിടെ രോഗം മൂര്‍ച്ഛിച്ചതിനെത്തുടര്‍ന്ന് വീട്ടിലേക്കു പോവാന്‍ മെട്രോയില്‍ കയറിയതായിരുന്നു. നിലയുറപ്പിക്കാന്‍ കഴിയാതിരുന്ന സലിം മദ്യപിച്ചതാണെന്നു കരുതി ആരും സഹായിച്ചില്ല. മെട്രോ നീങ്ങിയപ്പോള്‍ നിലതെറ്റി വീഴുകയും ചെയ്തു. ഇതെല്ലാം ആരോ വീഡിയോ പകര്‍ത്തി യൂട്യൂബില്‍ പോസ്റ്റ് ചെയ്തു. സലിം മദ്യപിച്ചിരുന്നില്ലെന്ന് ഡല്‍ഹി പോലിസ് നടത്തിയ അന്വേഷണത്തില്‍ കണ്ടെത്തി. മാപ്പുപറഞ്ഞ പോലിസ് ഡിപ്പാര്‍ട്ട്‌മെന്റ് സസ്‌പെന്‍ഷന്‍ കാലാവധി ഡ്യൂട്ടിയായി പരിഗണിച്ച് ആനുകൂല്യങ്ങള്‍ നല്‍കുകയും തിരിച്ചെടുക്കുകയും ചെയ്തു. ഇപ്പോള്‍ രോഗം മൂര്‍ച്ഛിച്ച് മെഡിക്കല്‍ ലീവില്‍ നാട്ടിലാണ് സലിം ഉള്ളത്. സര്‍വീസില്‍ തിരിച്ചെടുത്തെങ്കിലും വീഡിയോ മൂലം സലിമിനും കുടുംബത്തിനും ഉണ്ടായ അപമാനം നീങ്ങിക്കിട്ടിയിട്ടില്ല.
വീഡിയോ യൂട്യൂബില്‍ നിന്ന് നീക്കം ചെയ്തിരുന്നില്ല. ഇതേത്തുടര്‍ന്നാണ് സലിം കോടതിയെ സമീപിച്ചത്. എന്നാല്‍ മദ്യപനെന്ന പേരില്‍ നേത്തെ സലീമിന്റെ വീഡിയോ പ്രചരിപ്പിച്ച ചില വെബ്‌സൈറ്റുകള്‍ സത്യാവസ്ഥ അറിഞ്ഞതിനു ശേഷം കുറ്റസമ്മതം നടത്തിയിരുന്നു.
Next Story

RELATED STORIES

Share it