Flash News

മദ്യനയത്തെ സ്വാഗതം ചെയ്ത് പി സി ജോര്‍ജ്

മദ്യനയത്തെ സ്വാഗതം ചെയ്ത് പി സി ജോര്‍ജ്
X

കോട്ടയം: എല്‍ഡിഎഫ് സര്‍ക്കാരിന്റെ പുതിയ മദ്യനയത്തെ സ്വാഗതം ചെയ്ത് കേരള ജനപക്ഷം നേതാവ് പി സി ജോര്‍ജ് എംഎല്‍എ. പുതിയ മദ്യനയത്തെ ഊതിപ്പെരുപ്പിച്ച് പരാതിപ്പെടുന്നതില്‍ അര്‍ഥമില്ല. ജനങ്ങള്‍ക്ക് ഉപദ്രവം ചെയ്യാത്തതാണ് മദ്യനയം. ഫൈവ് സ്റ്റാര്‍ ബാറുകളില്‍ കള്ള് കൊടുക്കുന്നതില്‍ തെറ്റില്ല. അതേസമയം, 922 കള്ളുഷാപ്പുകള്‍ അടയ്ക്കുന്നത് വലിയ തൊഴില്‍പ്രശ്‌നത്തിന് കാരണമാവുമെന്നും പി സി ജോര്‍ജ് വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു. ആവശ്യത്തിന് മദ്യം നല്‍കിയില്ലെങ്കില്‍ കള്ളച്ചാരായത്തില്‍ കേരളം മുങ്ങും. കഞ്ചാവും പെത്തഡിന്‍ മാഫിയയും മയക്കുമരുന്നും വ്യാപകമാവുന്നത് ഗുരുതരമായ പ്രശ്‌നങ്ങള്‍ക്കിടയാക്കും. പെണ്‍കുട്ടികള്‍വരെ പെത്തഡിന് ഇരകളായിക്കൊണ്ടിരിക്കുകയാണ്. അതുകൊണ്ട് സര്‍ക്കാരിന്റെ മദ്യനയം പുനപ്പരിശോധിക്കേണ്ടതില്ല. മദ്യനിരോധനമല്ല, മദ്യവര്‍ജനമാണ് ലക്ഷ്യം. അതിനായി ശക്തമായ പ്രചാരണപ്രവര്‍ത്തനങ്ങള്‍ നടത്തണം.
മദ്യനിരോധനം നടപ്പാക്കിയ ഗുജറാത്ത് ഉള്‍പ്പടെയുള്ള സംസ്ഥാനങ്ങളില്‍ പെട്ടിക്കടകളില്‍വരെ ചാരായങ്ങള്‍ ലഭിക്കുന്ന സ്ഥിതിയാണ്. പുതിയ മദ്യനയത്തിന്റെ കാര്യത്തില്‍ തനിക്കും സഭാ നേതാക്കന്‍മാര്‍ക്കും ഒരേ നിലപാടാണ്. വളരെ മാന്യമായ തീരുമാനമെന്നാണ് സഭയുടെ ഇക്കാര്യത്തിലുള്ള നിലപാട്. അതുകൊണ്ടാണ് അവര്‍ സമരവുമായി മുന്നോട്ടുപോവാത്തത്. കെസിബിസിയുടെ എതിര്‍പ്പിനെക്കുറിച്ച് ചോദിച്ചപ്പോള്‍, അവരുടെ എതിര്‍പ്പ് വാചകത്തിലാണെന്നും പ്രവര്‍ത്തിയിലില്ലെന്നും പി സി ജോര്‍ജ് മറുപടി നല്‍കി. സര്‍ക്കാരിന്റെ മദ്യനയത്തിന്റെ ഭാഗമായി ബാര്‍ ഹോട്ടലുകള്‍ തുറന്നതില്‍ സര്‍ക്കാര്‍ ബാറുടമകളുമായി കച്ചവടം നടന്നിട്ടില്ലെന്നാണ് താന്‍ മനസ്സിലാക്കുന്നതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. കേരള ജനപക്ഷം ഹൈപവര്‍ കമ്മിറ്റി അംഗം മാലേത്ത് പ്രതാപചന്ദ്രനും വാര്‍ത്താസമ്മേളനത്തില്‍ പങ്കെടുത്തു.
Next Story

RELATED STORIES

Share it