മദ്യനയത്തില്‍ വെള്ളം ചേര്‍ക്കരുത്: മദ്യവിരുദ്ധ ഏകോപന സമിതി

കൊച്ചി: സര്‍ക്കാരിന്റെ പ്രഖ്യാപിത മദ്യനയത്തില്‍ വെള്ളം ചേര്‍ക്കരുതെന്ന് കേരള മദ്യവിരുദ്ധ ഏകോപനസമിതി ആവശ്യപ്പെട്ടു. യുഡിഎഫ് സര്‍ക്കാര്‍ പുതിയ ആറ് പഞ്ചനക്ഷത്ര ബാറുകള്‍ക്ക് ലൈസന്‍സ് നല്‍കിയ നടപടി നിരാശാജനകവും അപലപനീയവുമാണ്. അത് പിന്‍വലിക്കണം. പ്രഖ്യാപിത മദ്യനയത്തില്‍ വെള്ളം ചേര്‍ക്കുന്നത് ലഹരിവിമുക്ത സമൂഹ നിര്‍മിതിയെ തുരങ്കം വയ്ക്കും. ഇനി പഞ്ചനക്ഷത്ര ബാറുകള്‍ക്ക് ലൈസന്‍സ് നല്‍കില്ലെന്ന പ്രഖ്യാപനം സ്വാഗതാര്‍ഹമാണ്. മദ്യനിരോധനം നയമായി പ്രഖ്യാപിക്കുന്നവര്‍ക്കാണ് ജനം വോട്ടുചെയ്യുക. കുടുംബങ്ങളില്‍ ശാന്തിയും സമാധാനവും ആഗ്രഹിക്കുന്ന വീട്ടമ്മമാര്‍ മദ്യനിരോധനം നടപ്പാക്കണം എന്നാഗ്രഹിക്കുന്നുണ്ട്. മദ്യനയത്തിന്റെ കാര്യത്തില്‍ 'അഴകൊഴമ്പന്‍' നിലപാട് സ്വീകരിക്കുന്നവരെ ജനം അംഗീകരിക്കില്ല. മദ്യ ഉല്‍പാദനം, വിതരണം, നികുതി എന്നീ കാര്യങ്ങളില്‍ സര്‍ക്കാരിന് നയമുണ്ടാവണം. അതിന് വ്യക്തത വേണം. മദ്യം നിരോധിക്കുമെന്ന് പറയാനും അടച്ച ബാറുകള്‍ തുറക്കില്ലെന്ന് പറയാനും എല്‍ഡിഎഫ് തയ്യാറാവണമെന്നും കേരള മദ്യവിരുദ്ധ ഏകോപനസമിതി ആവശ്യപ്പെട്ടു. ഉപദേശിച്ചു മാറ്റാമെന്ന് പറയുന്നത് നയമല്ല. വ്യക്തമായ നയവും ലക്ഷ്യവും എല്‍ഡിഎഫും എന്‍ഡിഎയും പ്രഖ്യാപിക്കണം. തമിഴ്‌നാട്ടിലെ ഇലക്ഷന്‍ വാഗ്ദാനം സമ്പൂര്‍ണ മദ്യനിരോധനമാണ്. ബിഹാറില്‍ സമ്പൂര്‍ണ മദ്യനിരോധനം വാഗ്ദാനം നടത്തിയ മതേതര മുന്നണിയാണ് അധികാരത്തിലെത്തിയത്. കേരളത്തിലെ മുന്നണികളും സമ്പൂര്‍ണ മദ്യനിരോധനം നയമായി പ്രഖ്യാപിക്കണം. കേരളത്തില്‍ മദ്യദുരന്തം ഉണ്ടാവാനിടയുണ്ടെന്ന് ഇന്റലിജന്‍സ് റിപോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ സര്‍ക്കാര്‍ ജാഗ്രത പുലര്‍ത്തണമെന്നും സമിതി ആവശ്യപ്പെട്ടു. കലൂര്‍ റിന്യുവല്‍ സെന്ററില്‍ ചേര്‍ന്ന ഏകോപനസമിതി നേതൃസമ്മേളനത്തില്‍ സംസ്ഥാന ചെയര്‍മാന്‍ ജസ്റ്റിസ് പി കെ ഷംസുദ്ദീന്‍ അധ്യക്ഷത വഹിച്ചു.
Next Story

RELATED STORIES

Share it