മദ്യനയത്തില്‍ പിറകോട്ടില്ല: മുഖ്യമന്ത്രി

മലപ്പുറം: മദ്യനയത്തില്‍ മുന്നോട്ടുവച്ച കാല്‍ പിന്നോട്ടില്ലെന്ന് മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി. പഞ്ചനക്ഷത്ര ഹോട്ടല്‍ പദവി അനുവദിക്കുന്നത് കേന്ദ്രസര്‍ക്കാരാണ്. ഇതിന്റെ വ്യവസ്ഥകള്‍ കര്‍ക്കശമാക്കണമെങ്കില്‍ ആക്കാമെന്നും മുഖ്യമന്ത്രി പറഞ്ഞു. മലപ്പുറം പ്രസ്‌ക്ലബ്ബിന്റെ നേതൃശബ്ദം പരിപാടിയില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.
ഇടതുപക്ഷത്ത് ആശയക്കുഴപ്പമാണ്. മദ്യവര്‍ജനം എന്നാണ് അവര്‍ പറയുന്നത്. ഇത് നയമല്ല. മദ്യനയത്തില്‍ പ്രതിഷേധിച്ച് യുഡിഎഫില്‍നിന്ന് രാജിവച്ചയാളെ ചവറയില്‍ സ്ഥാനാര്‍ഥിയാക്കിയിരിക്കുകയാണ് ഇടതുപക്ഷം. സമൂഹത്തിന്റെ നന്‍മയ്ക്കുവേണ്ടി തീരുമാനമെടുക്കുമ്പോള്‍ വോട്ടല്ല പ്രധാനമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
പഞ്ചനക്ഷത്ര ഹോട്ടലുകള്‍ക്കു കൂടുതലായി ബാര്‍ അനുവദിച്ചത് പുനപ്പരിശോധിക്കുമെന്ന വി എം സുധീരന്റെ അഭിപ്രായത്തെക്കുറിച്ച് ചോദിച്ചപ്പോള്‍ അതു അങ്ങേരോടുതന്നെ ചോദിക്കണമെന്നായിരുന്നു മറുപടി.
പ്രഖ്യാപിച്ച പദ്ധതികള്‍ നടപ്പാക്കാനായെന്ന് ഉമ്മന്‍ചാണ്ടി പറഞ്ഞു. കേന്ദ്രം ചെയ്യട്ടേ, കോടതി ചെയ്യട്ടേ എന്നു പറഞ്ഞു സര്‍ക്കാര്‍ ഒഴിഞ്ഞുമാറിയിട്ടില്ല. ന്യായമായ പ്രശ്‌നങ്ങളില്‍ ഇടപെട്ട സര്‍ക്കാരാണിത്. 150 രൂപ റബര്‍ വില ഉറപ്പാക്കിയതും വിദേശ രാജ്യങ്ങളിലെ മലയാളികളുടെ പ്രശ്‌നങ്ങളില്‍ ഇടപെട്ടതും കേന്ദ്രത്തെ കാത്തിരുന്നല്ല. മികച്ച ഭൂരിപക്ഷത്തില്‍ യുഡിഎഫ് അധികാരത്തിലെത്തും.
യുഡിഎഫ് സ്വന്തം സ്ഥാനാര്‍ഥികളെ അവരവരുടെ പാര്‍ട്ടി ചിഹ്നത്തില്‍ മല്‍സരിപ്പിക്കുമ്പോള്‍ ഇടതുപക്ഷത്തിന് സ്വതന്ത്രന്‍മാരാണ് പലയിടത്തും.തനിക്കെതിരേയുള്ള ആരോപണങ്ങളില്‍ ഒരു ശതമാനം ശരിയുണ്ടെങ്കില്‍ മുഖ്യമന്ത്രി പദത്തില്‍നിന്നും പൊതുപ്രവര്‍ത്തനത്തില്‍നിന്നും മാറിനില്‍ക്കുമെന്നും ഉമ്മന്‍ചാണ്ടി പറഞ്ഞു. കേരളത്തില്‍ ബിജെപി ഉയര്‍ത്തുന്ന ആശയങ്ങള്‍ക്ക് അംഗീകാരം കിട്ടില്ല. കേരളീയ മനസ്സ് ബിജെപിയോട് ഒരിക്കലും പൊരുത്തപ്പെടില്ല. സഹിഷ്ണുതയോടെയും മതസൗഹാര്‍ദ്ദത്തോടെയുമുള്ള ജീവിതമാണ് സംസ്ഥാനത്തെ ജനങ്ങള്‍ ആഗ്രഹിക്കുന്നത്. വര്‍ഗീയത വളര്‍ത്തുകയാണ് ബിജെപി.
ഒരിഞ്ചു ഭൂമിപോലും ആര്‍ക്കും ദാനം ചെയ്തിട്ടില്ലെന്ന് ചോദ്യത്തിന് മറുപടിയായി അദ്ദേഹം പറഞ്ഞു. തന്റെ ഒന്നാംഘട്ട തിരഞ്ഞെടുപ്പ് പ്രചാരണം ഇന്നു പൂര്‍ത്തിയാക്കും. മെയ് ഒന്നു മുതല്‍ 14 വരെ എ കെ ആന്റണി പ്രചാരണത്തിനെത്തും. സോണിയാഗാന്ധിയും രാഹുല്‍ഗാന്ധിയും പ്രചാരണത്തിനെത്തും. കോണ്‍ഗ്രസ്സില്‍ എല്ലാ തീരുമാനവും പതിവില്‍നിന്നു വിപരീതമായി നേരത്തേയെടുക്കാന്‍ കഴിഞ്ഞു. കോണ്‍ഗ്രസ്സിലെയും യുഡിഎഫിലെയും ഐക്യമാണ് ഏറ്റവും വലിയ ആത്മവിശ്വാസമെന്നും ഉമ്മന്‍ചാണ്ടി പറഞ്ഞു.
Next Story

RELATED STORIES

Share it