മദ്യനയത്തിന്റെ പേരില്‍ ആശയക്കുഴപ്പമുണ്ടാക്കാന്‍ ശ്രമം: മന്ത്രി

തിരുവനന്തപുരം: മദ്യനയത്തിന്റെ പേരില്‍ ജനങ്ങളില്‍ ആശയക്കുഴപ്പമുണ്ടാക്കാന്‍ ചിലര്‍ ശ്രമം നടത്തുന്നുണ്ടെന്ന് എക്‌സൈസ് മന്ത്രി ടി പി രാമകൃഷ്ണന്‍. സംസ്ഥാന ലഹരിവിരുദ്ധ ദിനാചരണ ചടങ്ങില്‍ അധ്യക്ഷത വഹിക്കുകയായിരുന്നു അദ്ദേഹം. പുതിയ മദ്യനയത്തിനെതിരേ രാഷ്ട്രീയലക്ഷ്യത്തോടെ മാത്രം നടത്തുന്ന അത്തരം പ്രചാരണങ്ങള്‍ ജനം തിരിച്ചറിയും. പ്രായോഗികതയും അനുഭവങ്ങളും മുന്‍നിര്‍ത്തിയാണ് എല്‍ഡിഎഫ് മദ്യവര്‍ജനം ഉയര്‍ത്തിപ്പിടിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.
ലഹരിവിരുദ്ധ പ്രവര്‍ത്തനങ്ങളുടെ ഭാഗമായി എല്ലാ ജില്ലാ കേന്ദ്രങ്ങളിലും ഡി-അഡിക്ഷ ന്‍ സെന്ററുകള്‍ തുടങ്ങും. ഇതോടൊപ്പം ജനങ്ങളില്‍ ബോധവല്‍ക്കരണം നടത്താന്‍ പ്രത്യേക അവയര്‍നെസ് മിഷന്‍ സ്ഥാപിക്കുമെന്നും ടി പി രാമകൃഷ്ണന്‍ പറഞ്ഞു. മിഷന്‍ നടപ്പാക്കുന്നതിന് വിപുലമായ ബോധവല്‍ക്കരണ പരിപാടികള്‍ ആവശ്യമുണ്ട്. ഇതിന് എല്ലാവരുടെയും സഹകരണം ആവശ്യമാണ്. ലഹരി ഉപയോഗിക്കുന്നവരുടെ കുറഞ്ഞപ്രായം പണ്ട് 19 ആയിരുന്നെങ്കില്‍ ഇപ്പോഴത് 14നും താഴെയായി. നമ്മുടെ കുട്ടികള്‍ നശിക്കാന്‍ പാടില്ല, അവരെ രക്ഷിക്കണം. അത് നമുക്കു സാധിക്കും. നിയമംകൊണ്ടു മാത്രം ഇതു സാധ്യമാവില്ല. മദ്യ, ലഹരി വര്‍ജനത്തിന് ശക്തമായ ബോധവല്‍ക്കരണം ആവശ്യമാണെന്നും അതില്‍ എല്ലാവരും പങ്കാളികളാവണമെന്നും മന്ത്രി അഭ്യര്‍ഥിച്ചു.
ഇന്ത്യയില്‍ മയക്കുമരുന്നുകള്‍ ഏറ്റവും കൂടുതല്‍ വിറ്റഴിക്കപ്പെടുന്ന പട്ടണങ്ങളില്‍ മൂന്നാംസ്ഥാനത്ത് കൊച്ചിയാണെന്ന് ചടങ്ങില്‍ സ്വാഗതം പറഞ്ഞ എക്‌സൈസ് കമ്മീഷണര്‍ ഋഷിരാജ് സിങ് ചൂണ്ടിക്കാട്ടി. മയക്കുമരുന്ന് വിപണനം വര്‍ധിക്കുന്നു എന്നത് അപകടകരമായ പ്രവണതയാണ്. ഇതിനെതിരേ കര്‍ശന നടപടി സ്വീകരിച്ചുതുടങ്ങിയിട്ടുണ്ട്.
ജൂലൈ 30നു മുമ്പ് 2000 ഹൈസ്‌കൂളുകളില്‍ പരാതിപ്പെട്ടികള്‍ സ്ഥാപിക്കും. ഓരോ 10 ദിവസംകൂടുമ്പോഴും ഈ പെട്ടികള്‍ പരിശോധിക്കും. 1800 സ്‌കൂളുകളില്‍ ബോധവല്‍ക്കരണ ക്ലാസുകള്‍ സംഘടിപ്പിക്കും. റസിഡന്റ്‌സ് അസോസിയേഷനുകളിലും ഇത്തരം പരാതിപ്പെട്ടികള്‍ സ്ഥാപിക്കും. അവരുടെയും സഹകരണത്തോടെ മയക്കുമരുന്ന് വിരുദ്ധ ബോധവല്‍ക്കരണ പരിപാടികള്‍ സംഘടിപ്പിക്കുമെന്നും എക്‌സൈസ് കമ്മീഷണര്‍ പറഞ്ഞു.
Next Story

RELATED STORIES

Share it