മദ്യനയം ഹൈക്കോടതി അംഗീകരിച്ചതില്‍ സന്തോഷമെന്ന് മന്ത്രി ബാബു

കൊച്ചി: സംസ്ഥാന സര്‍ക്കാരിന്റെ മദ്യനയം സുപ്രിംകോടതി അംഗീകരിച്ചതില്‍ വളരെ സന്തോഷമുണ്ടെന്ന് എക്‌സൈസ് മന്ത്രി കെ ബാബു. സമൂഹ്യനന്മ ലക്ഷ്യമിട്ടാണ് മദ്യ നയം നടപ്പിലാക്കിയത്. കേരളത്തില്‍ വര്‍ധിച്ചു വന്ന മദ്യപാന ശീലം മാറ്റാന്‍ കോടതി വിധിയിലൂടെ സാധിക്കും. മദ്യത്തിനെതിരേ ബോധവല്‍ക്കരണ നടപടികളുമായി മുന്നോട്ടു പോവാനാണ് സര്‍ക്കാരിന്റെ തീരുമാനം.സമൂഹത്തിലെ എല്ലാ വിഭാഗം ജനങ്ങളും സര്‍ക്കാരുമായി സഹകരിക്കണമെന്നും അല്ലെങ്കില്‍ ലക്ഷ്യം കൈവരിക്കാനാവില്ലെന്നും മന്ത്രി പറഞ്ഞു.

സാമൂഹിക പ്രതിബദ്ധത ഉയര്‍ത്തിപ്പിടിക്കുന്ന വിധി: ചെന്നിത്തല

തിരുവനന്തപുരം: സുപ്രിംകോടതി വിധി സാമൂഹിക പ്രതിബദ്ധത ഉയര്‍ത്തിപ്പിടിക്കുന്നതാണെന്ന് ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തല പറഞ്ഞു. വിധിയെ സര്‍വാ
ത്മനാ സ്വാഗതം ചെയ്യുന്നു. കേരളത്തിലെ പൊതുസമൂഹം ആഗ്രഹിച്ച വിധിയാണ് സുപ്രിംകോടതിയില്‍ നിന്ന് ഉണ്ടായതെന്നും അദ്ദേഹം പറഞ്ഞു.

വിധി സര്‍ക്കാരിന് പൊന്‍തൂവല്‍: യൂത്ത് ലീഗ്
കോഴിക്കോട്: സുപ്രിംകോടതി വിധി യുഡിഎഫ് സര്‍ക്കാരിന് പൊന്‍തൂവലാണെന്ന് മുസ്‌ലിം യൂത്ത് ലീഗ് സംസ്ഥാന പ്രസിഡന്റ് പി എം സാദിഖലി. ഘട്ടം ഘട്ടമായി മദ്യം നിരോധിക്കുമെന്നുള്ള യുഡിഎഫ് പ്രകടന പത്രികയിലെ വാഗ്ദാനം നടപ്പിലാക്കാനായതില്‍ സര്‍ക്കാരിന് അഭിമാനിക്കാം. മദ്യനയം തീരുമാനിക്കാനുള്ള പൂര്‍ണാവകാശം സര്‍ക്കാരിനാണെന്ന സുപ്രിംകോടതി വിധി ജനാധിപത്യത്തില്‍ എക്‌സിക്യൂട്ടീവിനുള്ള അധികാരത്തിന് അടിവരയിടുന്നതാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

ജനതാല്‍പര്യം സംരക്ഷിക്കുന്ന വിധി: കെപിഎ മജീദ്
കോഴിക്കോട്: സുപ്രിംകോടതി വിധി ജനതാല്‍പര്യം സംരക്ഷിക്കുന്നതും സമൂഹത്തിന്റെ നന്മ കൊതിക്കുന്നവര്‍ ആഗ്രഹിച്ചതുമാണെന്ന് മുസ്‌ലിം ലീഗ് സംസ്ഥാന ജനറല്‍ സെക്രട്ടറി കെപിഎ മജീദ്. മദ്യത്തിന്റെ വിഷയത്തില്‍ സംസ്ഥാന സര്‍ക്കാരിന്റെയും ലീഗിന്റെയും നയം ശരിവയ്ക്കുന്നതാണ് വിധിയെന്നും അദ്ദേഹം പറഞ്ഞു.

വിധി കോടതിയോടുള്ള ആദരവ് വര്‍ധിപ്പിക്കും: മാര്‍ ജോര്‍ജ് ആലഞ്ചേരി
കൊച്ചി: നീതിന്യായ വ്യവസ്ഥയോടുള്ള ജനങ്ങളുടെ ആദരവ് വര്‍ധിപ്പിക്കുന്നതാണ് കോടതിവിധിയെന്നും അത് സ്വാഗതം ചെയ്യുന്നതായും സീറോ മലബാര്‍ സഭ മേജര്‍ ആര്‍ച്ച് ബിഷപ്പ് കര്‍ദ്ദിനാള്‍ മാര്‍ ജോര്‍ജ് ആലഞ്ചേരി. എന്നാല്‍ ഈ തീരുമാനം വഴി തൊഴില്‍രഹിതരായവരുടെ കാര്യത്തില്‍ നീതിപൂര്‍വമായ സമീപനം സര്‍ക്കാരിന്റെ ഭാഗത്തുനിന്നും ഉണ്ടാകണം. മദ്യത്തിന്റെ ലഭ്യത കുറയുന്നതുവഴി മറ്റുലഹരിവസ്തുക്കളുടെ ഉപയോഗം വര്‍ധിക്കാനുള്ള സാധ്യതക്കെതിരെയും സര്‍ക്കാര്‍ പ്രത്യേക ജാഗ്രത പുലര്‍ത്തണമെന്നും അദ്ദേഹം പറഞ്ഞു.

വിധി സ്വാഗതാര്‍ഹം: സൂസെപാക്യം
തിരുവനന്തപുരം: മദ്യനയം അംഗീകരിച്ചുള്ള സിപ്രിംകോടതി വിധി സ്വാഗതാര്‍ഹമാണെന്ന് ആര്‍ച്ച്ബിഷപ്പ് ഡോ. സൂസെപാക്യം അഭിപ്രായപ്പെട്ടു.
സംസ്ഥാന സര്‍ക്കാരിന്റെ മദ്യനയം പുനപ്പരിശോധിക്കേണ്ടെന്ന തീരുമാനം ഏറെ പ്രതീക്ഷ നല്‍കുന്നു. സര്‍ക്കാര്‍ പ്രഖ്യാപിത മദ്യനയത്തില്‍നിന്നു തെല്ലിട പിന്നോട്ടു പോവില്ലെന്ന് പ്രതീക്ഷിക്കുന്നതായും അദ്ദേഹം പറഞ്ഞു. സര്‍ക്കാര്‍ ഉടമസ്ഥതയിലുള്ള മദ്യവില്‍പന കേന്ദ്രങ്ങള്‍ ഘട്ടംഘട്ടമായി അടച്ച് പൂട്ടുമെന്ന പ്രഖ്യാപനം അടിയന്തരമായി നടപ്പിലാക്കണമെന്നും സൂസെപാക്യം ആവശ്യപ്പെട്ടു.

നിയമപരവും ധാര്‍മികവുമായ വിധി: കേരള മദ്യവിരുദ്ധ സമിതി
കൊച്ചി: കേരളസര്‍ക്കാരിന്റെ മദ്യനയം അംഗീകരിച്ചു കൊണ്ടുള്ള സുപ്രിംകോടതി വിധി നിയമപരവും ധാര്‍മികവുമായ വിധിയാണെന്നും ഇത് ജനാഭിലാഷത്തിന്റെ വിജയമാണെന്നും കേരള മദ്യവിരുദ്ധ ഏകോപനസമിതി സംസ്ഥാന സെക്രട്ടേറിയറ്റ് യോഗം വിലയിരുത്തി.
Next Story

RELATED STORIES

Share it