മദ്യനയം: സിപിഎം നിലപാട് വ്യക്തമാക്കണമെന്ന് സുധീരന്‍

തിരുവനന്തപുരം: സംസ്ഥാന സര്‍ക്കാരിന്റെ മദ്യനയം സുപ്രിംകോടതി ശരിവച്ച സാഹചര്യത്തില്‍ മദ്യനിരോധന വിഷയത്തില്‍ സിപിഎം നിലപാട് വ്യക്തമാക്കണമെന്ന് കെപിസിസി പ്രസിഡന്റ് വിഎം സുധീരന്‍. ഇന്ദിരാഭവനില്‍ ഗാന്ധി ഹരിത സമൃദ്ധി സെല്‍ സംസ്ഥാന നേതൃയോഗം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
പാവപ്പെട്ടവരുടെയും തൊഴിലാളികളുടെയും പേരില്‍ പ്രവര്‍ത്തിക്കുന്ന കമ്മ്യൂണിസ്റ്റ് പ്രസ്ഥാനങ്ങള്‍ ജനോപകാരപ്രദമായ തീരുമാനത്തില്‍ മൗനം പാലിക്കുന്നത് ശരിയല്ലെന്നും അദ്ദേഹം പറഞ്ഞു. സര്‍ക്കാരിന്റെ മദ്യനയത്തെ തുടക്കത്തില്‍ പിണറായി വിജയന്‍ പിന്തുണച്ചിരുന്നു. എന്നാല്‍, പിന്നീട് നിലപാട് മാറ്റുന്നതായാണ് തോന്നിയത്. മദ്യനയം എല്ലാ വിഭാഗം ജനങ്ങളും അംഗീകരിച്ചപ്പോള്‍ ബാറുടമകളെ കൂട്ടു പിടിച്ച് സര്‍ക്കാരിനെ ദുര്‍ബലപ്പെടുത്താനാണ് സിപിഎം ശ്രമിച്ചതെന്നും അദ്ദേഹം പറഞ്ഞു.
കേരളത്തിന്റെ മദ്യനയം മറ്റു സംസ്ഥാനങ്ങള്‍പോലും മാതൃകയാക്കുകയാണ്. ഇത്തരമൊരു നയം സ്വീകരിച്ചപ്പോള്‍ മദ്യദുരന്തമുണ്ടാകുമോ എന്നു പോലും ചിലര്‍ ഭയന്നു. എന്നാല്‍, അതൊക്കെ വെറുതെയായിരുന്നുവെന്ന് തെളിഞ്ഞു. ഇതുമൂലം സമൂഹത്തില്‍ ഗുണപരമായ നിരവധി മാറ്റങ്ങള്‍ ഉണ്ടായി. ഗാര്‍ഹിക പീഡനങ്ങളുടെ എണ്ണം കുറഞ്ഞു. ഇത്തരം ഗുണഫലങ്ങള്‍ മറന്നാണ് ചിലര്‍ മദ്യനയത്തെ കുറ്റപ്പെടുത്തുന്നത്. കഴിഞ്ഞതവണ താന്‍ നയിച്ച ജനപക്ഷയാത്രയിലെ പ്രധാന മുദ്രാവാക്യങ്ങളായിരുന്നു ലഹരി വിമുക്ത കേരളവും വിഷലിപ്ത പച്ചക്കറി കൃഷിയും. ഇതിന് കേരളീയ സമൂഹത്തില്‍ ലഭിച്ച അംഗീകാരം ഏറെ സന്തോഷം നല്‍കി.
മദ്യത്തിനു പുറമെ മറ്റ് ലഹരി മരുന്നുകള്‍ക്കെതിരായ പോരാട്ടവും ശക്തമാക്കും. ലഹരിപോലെ തന്നെ എതിര്‍ക്കപ്പെടേണ്ടതാണ് പച്ചക്കറികളില്‍ വിഷം ചേര്‍ക്കുന്നത്. അന്യസംസ്ഥാനങ്ങളില്‍നിന്ന് ഇങ്ങനെയെത്തുന്ന പച്ചക്കറികള്‍ നിയന്ത്രിക്കാനുള്ള ഏക മാര്‍ഗം ചെറുതായെങ്കിലും സ്വന്തമായി കൃഷി തുടങ്ങുക എന്നത് മാത്രമാണ്. ഇത്തവണത്തെ ജനരക്ഷാ യാത്രയിലും ഈ സന്ദേശം പ്രചരിപ്പിക്കുമെന്നും സുധീരന്‍ പറഞ്ഞു.
Next Story

RELATED STORIES

Share it