മദ്യനയം: സര്‍ക്കാരും സഭയും ഏറ്റുമുട്ടലിലേക്ക്

തിരുവനന്തപുരം: മദ്യം സുലഭമായി ലഭ്യമാക്കാനുള്ള ഇടതു സര്‍ക്കാരിന്റെ നയത്തിനെതിരേ രൂക്ഷവിമര്‍ശനവുമായി കെസിബിസി രംഗത്ത്. മദ്യനയത്തിലൂടെ ഇടതു സര്‍ക്കാര്‍ സ്വയം അപഹാസ്യരാകാന്‍ ശ്രമിക്കരുതെന്ന് കെസിബിസി പ്രസിഡന്റ് ആര്‍ച്ച് ബിഷപ് ഡോ. സൂസെപാക്യം പറഞ്ഞു. കോടതിവിധിയെ കൂട്ടുപിടിച്ച് പഞ്ചായത്തുതലം മുതല്‍ മദ്യലഭ്യത വര്‍ധിപ്പിക്കാനുള്ള സര്‍ക്കാര്‍ നീക്കം ജനങ്ങളോടുള്ള വെല്ലുവിളിയാണെന്നും കെസിബിസി പ്രസിഡന്റ് പറഞ്ഞു.
തെറ്റായ മദ്യനയത്തിന്റെ പേരില്‍ കേരള ജനതയെ തെരുവിലിറക്കാന്‍ സംസ്ഥാന സര്‍ക്കാര്‍ ശ്രമിക്കരുത്. സംസ്ഥാനത്ത് പുതുതായി ഒരൊറ്റ മദ്യശാല പോലും അനുവദിക്കില്ലെന്നും മദ്യവര്‍ജനം പ്രോത്സാഹിപ്പിക്കുമെന്നും പ്രകടനപത്രികയിലൂടെ വാഗ്ദാനം നല്‍കി അധികാരത്തിലെത്തിയ ഇടതുപക്ഷ സര്‍ക്കാര്‍ മദ്യത്തിനും മദ്യലോബികള്‍ക്കും അടിമകളാവുകയാണ്. സുപ്രിംകോടതി ഉത്തരവിന്റെ മറപിടിച്ച് പൂട്ടിയ ബാറുകളും കള്ളുഷാപ്പുകളുമെല്ലാം തുറക്കാനൊരുങ്ങുകയാണ് സര്‍ക്കാര്‍. ഈ നില തുടര്‍ന്നാല്‍ പണ്ട് അടച്ചുപൂട്ടിയ ചാരായഷാപ്പുകള്‍ കൂടി ഇടതുപക്ഷ സര്‍ക്കാര്‍ തുറക്കില്ലെന്ന് എങ്ങനെ പറയാനാവുമെന്നും ആര്‍ച്ച് ബിഷപ് ചോദിച്ചു. കത്തോലിക്കാ സഭ മെത്രാന്‍ സമിതി ഇത് ചെങ്ങന്നൂരില്‍ മുഖ്യ പ്രചാരണ വിഷയമാക്കുമെന്ന് പ്രഖ്യാപിച്ചു.
എന്നാല്‍, മദ്യപിക്കുന്നവരെ പള്ളിയില്‍ കയറ്റില്ലെന്ന് പറയാന്‍ സഭ ധൈര്യം കാണിക്കണമെന്ന് സിപിഎം നേതാവ് ആനത്തലവട്ടം ആനന്ദന്‍ ഇതിനോട് പ്രതികരിച്ചു. ചെങ്ങന്നൂരില്‍ പുതിയ മദ്യനയത്തിനെതിരേയുള്ള ജനവിധിയുണ്ടാവുമെന്ന കത്തോലിക്കാ സഭയുടെ വെല്ലുവിളി ഏറ്റെടുക്കുന്നതായും അദ്ദേഹം പറഞ്ഞു. മദ്യനിരോധനത്തെ ഏതെങ്കിലും വൈദികര്‍ എതിര്‍ക്കുന്നുണ്ടോ. അങ്ങനെയെങ്കില്‍ അവരുടെ പള്ളിയിലുള്ള മദ്യം നിര്‍ത്താന്‍ സഭ തയ്യാറാവണമെന്നും ആനത്തലവട്ടം പറഞ്ഞു.
Next Story

RELATED STORIES

Share it