മദ്യനയം: സഭാ നേതൃത്വവുമായി ചര്‍ച്ചയ്ക്കു തയ്യാറെന്നു മന്ത്രി

കോഴിക്കോട്: മദ്യനയവുമായി ബന്ധപ്പെട്ട് സഭാ നേതൃത്വവുമായി ചര്‍ച്ചയ്ക്കു തയ്യാറാണെന്ന് എക്‌സൈസ് മന്ത്രി ടി പി രാമകൃഷ്ണന്‍. ഇക്കാര്യത്തില്‍ സഭാ നേതൃത്വത്തെ അങ്ങോട്ട് സമീപിക്കുന്ന കാര്യവും ആലോചിക്കും.
മദ്യനയത്തില്‍ ആശങ്കയുണ്ടെന്ന് കാണിച്ച് ഇതു വരെ ആരും സര്‍ക്കാരിനെ സമീപിച്ചിട്ടില്ല. ആര്‍ക്കെങ്കിലും ആശങ്കയുണ്ടെങ്കില്‍ അവരുമായി ചര്‍ച്ചയ്ക്കു സര്‍ക്കാര്‍ തയ്യാറാണ്. സഭാ നേതൃത്വവുമായി സര്‍ക്കാരിനു തര്‍ക്കമോ, പ്രശ്‌നമോ ഇല്ല. മദ്യനയത്തില്‍ ചര്‍ച്ചയാവാമെന്ന് പറഞ്ഞിട്ടും അവര്‍ എന്തുകൊണ്ടാണു സര്‍ക്കാരിനെ സമീപിക്കാത്തതെന്നും മന്ത്രി ചോദിച്ചു. സഭാ നേതൃത്വത്തെ അങ്ങേയറ്റം ആദരവോടെ സമീപിക്കുന്ന നയമാണു സര്‍ക്കാരിന്റേത്. മദ്യനയത്തില്‍ സര്‍ക്കാരിന് ഒന്നും ഒളിച്ചുവയ്‌ക്കേണ്ട കാര്യമില്ല. യുഡിഎഫ് സര്‍ക്കാരിന്റെ കാലത്തുള്ളതിനേക്കാള്‍ മദ്യഷാപ്പുകള്‍ കുറവാണിപ്പോള്‍. മദ്യനയത്തെക്കുറിച്ച് യുഡിഎഫ് പുറത്തു പറയുന്ന ആരോപണങ്ങളൊന്നും നിയമസഭയില്‍ പറഞ്ഞിട്ടില്ല. വിമുക്തി പദ്ധതി നടത്തിപ്പില്‍ എന്തെങ്കിലും അപാകതയുണ്ടെങ്കില്‍ പരിശോധിക്കും. സംസ്ഥാനത്ത് 10 ഡീ അഡിക്ഷന്‍ സെന്ററുകള്‍ തുടങ്ങാന്‍ നടപടിയായിട്ടുണ്ട്.
അതിന്റെ മോഡല്‍ സെന്റര്‍ കോഴിക്കോട് കിനാലൂരില്‍ ആരംഭിക്കും. ഒരുതരത്തിലുള്ള ഭൂമി കൈയേറ്റവും അനുവദിക്കില്ല. എന്നാല്‍, ഉദ്യോഗസ്ഥര്‍ എല്ലാവരും സര്‍ക്കാര്‍ നയമനുസരിച്ച് പാകപ്പെട്ടിട്ടില്ലെന്നും മന്ത്രി പറഞ്ഞു. മയക്കുമരുന്ന് കേസുകള്‍ കൂടിയിട്ടുണ്ട്. അത് എന്‍ഫോഴ്‌സ്‌മെന്റ് ഉദ്യോഗസ്ഥരുടെ ജാഗ്രത കൊണ്ടാണ്. ഇതര സംസ്ഥാന തൊഴിലാളികള്‍ക്ക് നേരെ നടക്കുന്ന അക്രമങ്ങളെക്കുറിച്ച് പരിശോധിക്കുമെന്നും അദ്ദേഹം പറഞ്ഞു.
Next Story

RELATED STORIES

Share it