Flash News

മദ്യനയം : വ്യാപകമായി ബാറുകള്‍ തുറക്കേണ്ടതില്ലെന്ന് സിപിഐ



തിരുവനന്തപുരം: പുതിയ മദ്യനയത്തിന്റെ ഭാഗമായി സംസ്ഥാനത്ത് വ്യാപകമായി ബാറുകള്‍ തുറന്നു കൊടുക്കേണ്ടതില്ലെന്ന് സിപിഐ. ഇന്നലെ ചേര്‍ന്ന സംസ്ഥാന എക്‌സിക്യൂട്ടീവ് യോഗത്തിലാണ് തീരുമാനം. എതിര്‍പ്പുകളുയരാത്തവിധം ബാര്‍ ലൈസന്‍സ് നല്‍കാമെങ്കിലും പൂട്ടിയ എല്ലാ ബാറുകളും തുറക്കുന്നതിനോട് യോജിക്കാനാവില്ല. എല്‍ഡിഎഫിന്റെ തിരഞ്ഞെടുപ്പു പ്രകടന പത്രികയില്‍ മദ്യനയത്തെ സംബന്ധിച്ച് വ്യക്തമാക്കിയിട്ടുള്ള സാഹചര്യത്തില്‍ ജനങ്ങള്‍ക്കു കൂടി ബോധ്യപ്പെടുന്ന രീതിയിലാവണം സര്‍ക്കാര്‍ പുതിയ മദ്യനയം രൂപീകരിക്കേണ്ടത്. പൊള്ളുന്ന വിഷയമായതിനാല്‍ മദ്യനയത്തെ സംബന്ധിച്ചു കൂടുതല്‍ ചര്‍ച്ചകള്‍ നടത്താന്‍ സര്‍ക്കാര്‍ ശ്രമിക്കണം. കള്ള്- ചെത്ത് വ്യവസായത്തിന് മുന്‍ഗണന നല്‍കിവേണം നയം രൂപീകരിക്കാന്‍. എല്ലാവരെയും തൃപ്തിപ്പെടുത്താന്‍ കഴിയില്ലെങ്കിലും ഈ മേഖലയില്‍ ജോലി ചെയ്യുന്ന തൊഴിലാളികളെ സംരക്ഷിക്കാനുള്ള നടപടികള്‍ സ്വീകരിക്കണമെന്നും യോഗത്തില്‍ അഭിപ്രായമുയര്‍ന്നു. ഈമാസം 30ന് മുമ്പ് പുതിയ മദ്യനയം രൂപീകരിക്കാനിരിക്കെയാണ് ഇതുമായി ബന്ധപ്പെട്ട ചര്‍ച്ചകള്‍ സിപിഐ യോഗത്തില്‍ നടന്നത്. യുഡിഎഫ് സര്‍ക്കാരിന്റെ മദ്യനയത്തില്‍ മാറ്റം വരുത്തണം. അതിന്റെ പേരില്‍ എല്ലാ ബാറുകളും തുറന്നുനല്‍കിയാല്‍ വലിയ വിമര്‍ശനങ്ങള്‍ക്ക് വഴിവയ്ക്കും. നിലവിലെ മദ്യനയം ടൂറിസം മേഖലയ്ക്ക് തിരിച്ചടിയുണ്ടാക്കിയെന്ന റിപോര്‍ട്ട് പരിഗണച്ച് ആ മേഖലയ്ക്ക് കൂടുതല്‍ മുന്‍ഗണന നല്‍കണമെന്നും യോഗത്തില്‍ അഭിപ്രായമുയര്‍ന്നു. വിദേശമദ്യവും കള്ളും രണ്ടായി കാണാനുള്ള ശ്രമങ്ങള്‍ സര്‍ക്കാര്‍ ആരംഭിക്കണം. ഇതിനായി പ്രത്യേക നിയമം വേണമെങ്കില്‍ കൊണ്ടുവരണം. സര്‍ക്കാര്‍ ഒരുനയം നടപ്പാക്കുമ്പോള്‍ അതു മുന്നണിയുടെ നയമായാണ് അംഗീകരിക്കപ്പെടുക. നിലവിലെ സാഹചര്യത്തി ല്‍ എല്ലാം സിപിഎം തീരുമാനിക്കുന്നുവെന്ന വിമര്‍ശനമുണ്ട്. മദ്യനയത്തിന്റെ കാര്യത്തില്‍ അങ്ങനെയൊരു സാഹചര്യം ഉണ്ടാവാന്‍ പാടില്ലെന്നും മദ്യനയം എല്‍ഡിഎഫില്‍ വിശദമായി ചര്‍ച്ചചെയ്യണമെന്നും നേതാക്കള്‍ പറഞ്ഞു. സംസ്ഥാന സര്‍ക്കാരിന്റെ നാലു സ്വപ്‌നപദ്ധതികള്‍ക്കെതിരേയും നിര്‍വാഹകസമിതിയില്‍ വിമര്‍ശനമുണ്ടായി. നിലവില്‍ സിപിഎമ്മിന്റെ ഇഷ്ടപ്രകാരമാണ് പദ്ധതികള്‍ മുന്നോട്ടുപോവുന്നത്. ഇത്തരം ജനകീയ പദ്ധതികളെ സിപിഎം ഹൈജാക്ക് ചെയ്താല്‍ ജനങ്ങള്‍ അതിനെ സ്വജനപക്ഷപാതമായി കണക്കാക്കുമെന്നും സമിതിയില്‍ ആക്ഷേപമുയര്‍ന്നു.
Next Story

RELATED STORIES

Share it