മദ്യനയം : ബാര്‍ ഉടമകള്‍ റിവിഷന്‍ ഹരജി നല്‍കില്ല

തിരുവനന്തപുരം: ബാര്‍ കേസിലെ സുപ്രിംകോടതി വിധിക്കെതിരേ റിവിഷന്‍ ഹരജി നല്‍കേണ്ടതില്ലെന്ന് ബാര്‍ ഉടമകളുടെ തീരുമാനം. സര്‍ക്കാര്‍ നയം മാറ്റാതെ റിവിഷന്‍ ഹരജി നല്‍കിയിട്ട് കാര്യമില്ലെന്നു നിയമോപദേശം ലഭിച്ചതിനെത്തുടര്‍ന്നാണ് കോടതിയെ സമീപിക്കാനുള്ള നീക്കത്തില്‍ നിന്നു പിന്‍മാറിയത്.
സാധാരണ റിവിഷന്‍ ഹരജി നല്‍കണമെങ്കില്‍ വിധിയില്‍ എന്തെങ്കിലും പിഴവു കണ്ടെത്തണം. എന്നാല്‍, വിധിയുടെ പൂര്‍ണരൂപം പരിശോധിച്ചപ്പോള്‍ ബാര്‍ കേസില്‍ പലയിടത്തും സര്‍ക്കാരിനെതിരേ വിമര്‍ശനമുണ്ടെങ്കിലും മദ്യനയം രൂപീകരിക്കാനുള്ള സര്‍ക്കാരിന്റെ അധികാരത്തെ കോടതി അംഗീകരിച്ചിരിക്കുകയാണെന്നു വ്യക്തമായി. പഞ്ചനക്ഷത്ര ഹോട്ടലുകളില്‍ ബാര്‍ പ്രവര്‍ത്തിക്കുന്നതും സംസ്ഥാന സര്‍ക്കാര്‍ നേരിട്ടു മദ്യം വില്‍ക്കുന്നതും ചൂണ്ടിക്കാട്ടി ഭരണഘടന നല്‍കുന്ന തുല്യനീതി സര്‍ക്കാര്‍ ലംഘിച്ചതായാണ് ബാര്‍ ഉടമകള്‍ സുപ്രിംകോടതിയില്‍ വാദിച്ചത്. എന്നാല്‍, അതെല്ലാം തള്ളി പഴുതടച്ച വിധിയാണ് സുപ്രിംകോടതിയില്‍ നിന്നുണ്ടായതെന്നു ബാര്‍ ഉടമകളുടെ അഭിഭാഷകരും പറയുന്നു.
റിവിഷന്‍ ഹരജി നല്‍കിയാല്‍ തന്നെ ഈ വിധി പുറപ്പെടുവിച്ച അതേ ബെഞ്ചിലാണ് നല്‍കേണ്ടത്. ഹരജിക്കാരുടെ വാദമെല്ലാം ഒരുവട്ടം കേട്ടുകഴിഞ്ഞ ഈ ബെഞ്ച് ഇനി അതു സ്വീകരിക്കുമെന്ന് ഉറപ്പില്ല. അതിനാല്‍, കോടതിയില്‍ പോകുന്നതുകൊണ്ട് കാര്യമായ പ്രയോജനം കിട്ടില്ലെന്നാണ് വിലയിരുത്തല്‍.
അതേസമയം, ബാര്‍ കോഴ വിഷയത്തില്‍ മുന്‍ ധനമന്ത്രി കെ എം മാണിക്കും എക്‌സൈസ് മന്ത്രി കെ ബാബുവിനുമെതിരായ നടപടികള്‍ ചര്‍ച്ച ചെയ്യാന്‍ വിളിച്ച ബാര്‍ ഉടമകളുടെ യോഗം ഉടനെ നടക്കില്ലെന്ന് സൂചന. കേസില്‍ കൂട്ടായ തീരുമാനം എടുക്കുമെന്നാണ് ബാര്‍ ഉടമകള്‍ പറയുന്നത്. കേസില്‍ മുന്‍ നിലപാടുകളോട് ഒരു വിഭാഗം ബാര്‍ ഉടമകള്‍ എതിര്‍പ്പ് പ്രകടിപ്പിച്ച പശ്ചാത്തലത്തിലാണ് ഒരുമിച്ചു മുന്നോട്ടുപോവാനുള്ള തീരുമാനം.
Next Story

RELATED STORIES

Share it