മദ്യനയം: പ്രതിപക്ഷം നിലപാട് വ്യക്തമാക്കണമെന്ന് മുഖ്യമന്ത്രി

തിരുവനന്തപുരം: മദ്യനയം സുപ്രിംകോടതി അംഗീകരിച്ച സാഹചര്യത്തില്‍ പ്രതിപക്ഷം നിലപാട് വ്യക്തമാക്കണമെന്ന് മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി. എന്നെങ്കിലും അധികാരം കിട്ടിയാല്‍ പ്രതിപക്ഷം ഈ നയത്തോട് എന്തു നിലപാട് സ്വീകരിക്കുമെന്നറിയാന്‍ ജനങ്ങള്‍ക്ക് ആഗ്രഹമുണ്ടെന്നും മുഖ്യമന്ത്രി പറഞ്ഞു.
അവര്‍ ഈ നയത്തോട് യോജിക്കുന്നുണ്ടോ. പെട്ടെന്ന് എടുത്ത തീരുമാനമാണെന്നും ആത്മാര്‍ഥതയില്ലെന്നും മറ്റാരെയോ സഹായിക്കാനുമാണെന്നൊക്കെയാണ് അവര്‍ തട്ടിവിട്ടത്. മദ്യനയം ഒരുദിവസം കൊണ്ട് എടുത്ത തീരുമാനമല്ല. ഏറെ ആലോചിച്ചെടുത്ത തീരുമാനമാണ്. കെ കരുണാകരന്‍ മുഖ്യമന്ത്രിയായിരുന്ന കാലം മുതല്‍ മദ്യനയം സംബന്ധിച്ച് യുഡിഎഫിന്റെ നിലപാടുകളില്‍ മാറ്റമില്ല. എ കെ ആന്റണിയും പിന്നീട് താനും നടപ്പാക്കിയ നയവും ഒന്നുതന്നെയായിരുന്നു. അതിന്റെ തുടര്‍ച്ചയാണിത്. മദ്യലഭ്യത കുറച്ചുകൊണ്ട് ഉപയോഗം പൂര്‍ണമായും ഇല്ലാതാക്കുകയാണ് ലക്ഷ്യം. ഇതിനോട് എല്ലാവരും സഹകരിക്കണം. ആരോടും എതിര്‍പ്പും വിദ്വേഷവും ഇല്ല. എതിര്‍പ്പ് സാമൂഹിക തിന്മയോടും മദ്യമെന്ന പിശാചിനോടും മാത്രമാണ്. കോടതി വിധി തങ്ങളില്‍ ആര്‍ക്കെങ്കിലും എതിരാണെന്ന് മദ്യ ഉടമകള്‍ക്കും തൊഴിലാളികള്‍ക്കും തോന്നിയിട്ടുണ്ടെങ്കില്‍ അത് മാറ്റണം. സാമൂഹിക നന്മയ്ക്കായി തീരുമാനം എടുക്കുമ്പോള്‍ അതിന് വേണ്ടി ത്യാഗം സഹിക്കുന്നവരെ പരിഗണിക്കേണ്ടതുണ്ട്. ഇക്കാര്യത്തില്‍ സര്‍ക്കാരിന് തുറന്ന സമീപനമാണുള്ളത്.
ബിവറേജസ് ഔട്ട്‌ലെറ്റുകള്‍ 10 ശതമാനം വീതം പൂട്ടിവരുന്നു. അപ്പോള്‍ ഫൈവ് സ്റ്റാര്‍ ബാറുകളുടെ കാര്യത്തില്‍ വിവേചനമല്ലേയെന്ന ചോദ്യത്തിന്, എല്ലായിടത്തും മദ്യം ലഭിക്കുന്നതും പഞ്ചനക്ഷത്ര ഹോട്ടലുകളിലും വിനോദ സഞ്ചാരികള്‍ക്കും മാത്രം മദ്യം വിളമ്പുന്നതും തമ്മില്‍ വ്യത്യാസമുണ്ടെന്നായിരുന്നു പ്രതികരണം.
വീര്യംകുറഞ്ഞ മദ്യത്തിന്റെ ലഭ്യതക്കായാണ് ബിയര്‍ ആന്‍ഡ് വൈന്‍ പാര്‍ലറുകള്‍ അനുവദിച്ചതെന്നും മുഖ്യമന്ത്രി വ്യക്തമാക്കി. ഉപ്പുതിന്നവന്‍ വെള്ളം കുടിക്കുമെന്നും വരും ദിവസങ്ങളില്‍ ഈ വിഷയത്തില്‍ സ്‌ഫോടനം ഉണ്ടാവുമെന്നുമുള്ള ചില ബാറുടകമളുടെ അഭിപ്രായം ചൂണ്ടിക്കാണിച്ചപ്പോള്‍ വരട്ടെ, നമ്മള്‍ ഇവിടെയൊക്കെത്തന്നെയുണ്ടല്ലോ, കാണാം എന്നായിരുന്നു മുഖ്യമന്ത്രിയുടെ മറുപടി.
Next Story

RELATED STORIES

Share it