മദ്യനയം അട്ടിമറിക്കാന്‍ അണിയറ ഒരുക്കങ്ങള്‍ നടക്കുന്നു: മന്ത്രി കെ ബാബു

കൊച്ചി: മദ്യനയം അട്ടിമറിക്കാ ന്‍ ചില അണിയറ ഒരുക്കങ്ങള്‍ നടക്കുന്നതായി മന്ത്രി കെ ബാബു. എറണാകുളം ടൗണ്‍ഹാളില്‍ സംസ്ഥാനത്തെ രണ്ടാമത്തെ എക്‌സൈസ് മൊബൈല്‍ ടെസ്റ്റിങ് ലബോറട്ടറിയുടെ ഫഌഗ് ഓഫ് ചടങ്ങ് ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. സര്‍ക്കാരിന്റെ മദ്യനയം പരാജയമാണെന്ന് വരുത്തി തീര്‍ക്കാന്‍ ചിലര്‍ ബോധപൂര്‍വം ശ്രമിക്കുന്നതായും മന്ത്രി ആരോപിച്ചു. ചില ഒറ്റപ്പെട്ട മദ്യമുതലാളിമാരുടെ നഷ്ടം സര്‍ക്കാര്‍ നോക്കിയിട്ടില്ല. മദ്യ മുതലാളിമാരും ചില രാഷ്ട്രീയ പാര്‍ട്ടികളും നടത്തുന്ന ഗൂഢാലോചനയുടെ ഫലമായാണ് തനിക്കെതിരേ ചില ആരോപണങ്ങള്‍ ഉയരുന്നത്.
തിരഞ്ഞെടുപ്പിന് മുമ്പ് രാഷ്ട്രീയപ്പാര്‍ട്ടികള്‍ മദ്യനയം വ്യക്തമാക്കണമെന്ന് കെസിബിസി മദ്യവിരുദ്ധ സമിതിയുടെ നിലപാടിനെ മന്ത്രി കെ ബാബു സ്വാഗതം ചെയ്തു. കേരളത്തില്‍ കഴിഞ്ഞ അഞ്ചു വര്‍ഷം ഒരൊറ്റ മദ്യദുരന്തം പോലുമുണ്ടായില്ല എന്നത് അഭിമാനകരമായ നേട്ടമാണ്. സുബോധം പദ്ധതിക്കായി തൊഴിലാളികളില്‍ നിന്നു സ്വരൂപിച്ച പണം തൊഴിലാളി ക്ഷേമ പ്രവര്‍ത്തനങ്ങള്‍ക്കായി ചെലവഴിച്ചില്ലെന്ന ആരോപണം തെറ്റാണ്. വ്യവസ്ഥാപിതമായി വരുന്ന ക്ഷേമനിധി തൊഴിലാളികളുടെ പൂര്‍ണ ഉത്തരവാദിത്തം സര്‍ക്കാര്‍ ഏറ്റെടുക്കുമെന്നും കെ ബാബു പറഞ്ഞു. സംസ്ഥാനത്ത് മദ്യത്തിന്റെ ഗുണനിലവാരം ഉറപ്പുവരുത്തുന്നതിനായി മധ്യമേഖലയായ എറണാകുളം കേന്ദ്രമാക്കി പ്രവര്‍ത്തിക്കേണ്ട രണ്ടാമത്തെ സഞ്ചരിക്കുന്ന ലബോറട്ടറിയാണ് ഇന്നലെ ഉദ്ഘാടനം ചെയ്തത്. 40 ലക്ഷം രൂപയാണ് ഒരു മൊബൈല്‍ ലബോറട്ടറിയുടെ ചെലവ്. മൂന്നാമത്തെ സഞ്ചരിക്കുന്ന ലബോറട്ടറി കോഴിക്കോട് ഉടന്‍ ഉദ്ഘാടനം ചെയ്യുമെന്നും മന്ത്രി പറഞ്ഞു.
അടുത്ത തിരഞ്ഞെടുപ്പില്‍ ആരധികാരത്തില്‍ വന്നാലും ഉമ്മന്‍ചാണ്ടി സര്‍ക്കാരിന്റെ മദ്യനയത്തില്‍ നിന്ന് പിറകോട്ടു പോവാന്‍ കഴിയില്ലെന്ന് ചടങ്ങില്‍ പങ്കെടുത്ത പ്രഫ. കെ വി തോമസ് എംപി പറഞ്ഞു. എക്‌സൈസ് വകുപ്പ് ലഹരി വിരുദ്ധ ക്യാംപയിനിന്റെ ഭാഗമായി ഹയര്‍ സെക്കന്‍ഡറി-കോളജ് വിദ്യാര്‍ഥികള്‍ക്കായി സംഘടിപ്പിച്ച മോക്ഷ ലഹരിവിരുദ്ധ ക്വിസ് മല്‍സരത്തിലെ വിജയികള്‍ക്ക് മന്ത്രി കെ ബാബു കാഷ് പ്രൈസ് വിതരണം ചെയ്തു. കോഴിക്കോട് എന്‍ഐടിയിലെ യു ആര്‍ ആരൂദ്, മുഹമ്മദ് അമീന്‍ മമ്മൂട്ടി എന്നിവര്‍ ഒന്നാംസ്ഥാനം നേടി. അമ്പതിനായിരം രൂപയാണ് ഒന്നാം സമ്മാനം. പരിയാരം മെഡിക്കല്‍ കോളജിലെ പി സരിന്‍, സായൂജ് മനോഹര്‍ എന്നിവര്‍ക്കാണ് രണ്ടാം സ്ഥാനം. ബാര്‍ട്ടണ്‍ഹില്‍ ഗവണ്‍മെന്റ് എന്‍ജിനീയറിങ് കോളജിലെ സൂര്യ ഗിരീഷ്, ജോസഫ് പോള്‍ മൂന്നാം സ്ഥാനം നേടി. ഹൈബി ഈഡന്‍ എംഎല്‍എ ചടങ്ങില്‍ അധ്യക്ഷത വഹിച്ചു.
കൊച്ചി മേയര്‍ സൗമിനി ജെയിന്‍, എംഎല്‍എമാരായ ഡൊമിനിക് പ്രസന്റേഷന്‍, ബെന്നി ബഹനാന്‍, ലൂഡി ലൂയിസ്, ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ആശ സനില്‍, എക്‌സൈസ് കമ്മീഷണര്‍ എക്‌സ് അനില്‍, അഡീ. എക്‌സൈസ് കമ്മീഷണര്‍ (അഡ്മിനിസ്‌ട്രേഷന്‍) ജീവന്‍ ബാബു, അഡീ. എക്‌സൈസ് കമ്മീഷണര്‍ (എന്‍ഫോഴ്‌സ്‌മെന്റ്) എ വിജയന്‍, മധ്യമേഖല ജോയിന്റ് എക്‌സൈസ് കമ്മീഷണര്‍ ഡി സന്തോഷ്, ജോയിന്റ് എക്‌സൈസ് കമ്മീഷണര്‍ വി അജിത്‌ലാല്‍, കെഎസ്ഇഎസ്എ സെക്രട്ടറി പി പി മുഹമ്മദ് സംബന്ധിച്ചു.
Next Story

RELATED STORIES

Share it