Most commented

മദ്യദുരന്തത്തിനു സാധ്യതയെന്ന് ഇന്റലിജന്‍സ് മുന്നറിയിപ്പ്

തിരുവനന്തപുരം: സംസ്ഥാനത്ത് വ്യാജമദ്യദുരന്തമുണ്ടാക്കാ ന്‍ അബ്കാരികള്‍ ശ്രമിക്കുമെന്ന് ഇന്റലിജന്‍സിന്റെ മുന്നറിയിപ്പ്. പൂട്ടിയ ബാറുകള്‍ തുറക്കില്ലെന്ന് പ്രതിപക്ഷവും നയം വ്യക്തമാക്കിയ സാഹചര്യത്തില്‍ അട്ടിമറി സാധ്യത വര്‍ധിച്ചിരിക്കുകയാണെന്ന് ചൂണ്ടിക്കാട്ടി ഇന്റലിജന്‍സ് ഡിജിപി എ ഹേമചന്ദ്രന്‍ സര്‍ക്കാരിന് റിപോര്‍ട്ട് നല്‍കി. ഇതിന്റെ അടിസ്ഥാനത്തില്‍ എക്‌സൈസ് ഉദ്യോഗസ്ഥര്‍ക്ക് പോലിസ് അതീവ ജാഗ്രതാനിര്‍ദേശം നല്‍കി. തിങ്കളാഴ്ചയാണ് ഇന്റലിജന്‍സ് ഡിജിപി സര്‍ക്കാരിന് റിപോര്‍ട്ട് കൈമാറിയത്. സര്‍ക്കാരിന്റ മദ്യനയം മൂലം കോടികളുടെ നഷ്ടം സംഭവിച്ച അബ്കാരി ബിസിനസുകാര്‍ വിലപേശാനും സര്‍ക്കാരിനെ മുള്‍മുനയില്‍ നിര്‍ത്താനും ശ്രമിക്കുമെന്ന് റിപോര്‍ട്ടില്‍ വ്യക്തമാക്കുന്നു. തിരഞ്ഞെടുപ്പ് കഴിയുമ്പോള്‍ ബാറുകള്‍ തുറക്കുമെന്നായിരുന്നു മദ്യലോബിയുടെ പ്രതീക്ഷ. എന്നാല്‍, പൂട്ടിയ ബാറുകള്‍ തുറക്കാന്‍ പ്രതിപക്ഷ പാര്‍ട്ടികളും സഹായിക്കില്ലെന്ന് അവരുടെ പ്രഖ്യാപനത്തില്‍ വ്യക്തമാക്കി. ഈ സാഹചര്യത്തില്‍ വ്യാജമദ്യമൊഴുക്കാനും അതുവഴിയുള്ള ദുരന്തത്തിനും സാധ്യതയേറിയിരിക്കുകയാണ്. വ്യാജ മദ്യദുരന്തമുണ്ടാക്കി സര്‍ക്കാരിന്റെ നയം തെറ്റാണെന്ന് സ്ഥാപിക്കുകയാവും അബ്കാരികളുടെ ലക്ഷ്യം. ഇതിന് എക്‌സൈസിലെയും പോലിസിലെയും അഴിമതിക്കാരായ ഉദ്യോഗസ്ഥരുടെ സഹായവും ലഭിക്കും. റിപോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ അവധിയില്‍ കഴിയുന്ന ഉദ്യോഗസ്ഥരോട് ഉടന്‍ ജോലിക്ക് ഹാജരാവാന്‍ എക്‌സൈസ് കമ്മീഷണര്‍ നിര്‍ദ്ദേശം നല്‍കി. തിരഞ്ഞെടുപ്പ് കഴിയുന്നവരെ അവധി അനുവദിക്കില്ലെന്നും വ്യക്തമാക്കിയിട്ടുണ്ട്. ഉല്‍സവസ്ഥലങ്ങളും ടൂറിസ്റ്റ് കേന്ദ്രങ്ങളിലുമാണ് വ്യാജമദ്യ വിതരണത്തിന് സാധ്യതയുള്ളത്. അതിനാല്‍, ഉന്നത ഉദ്യോഗസ്ഥരുടെ നേരിട്ടുള്ള നിയന്ത്രണത്തില്‍ ജാഗ്രത പാലിക്കണം. അതിര്‍ത്തി കടന്ന് വ്യാജമദ്യവും സ്പിരിറ്റും എത്താനുള്ള സാധ്യത തടയാനായി പ്രത്യേകം പരിശോധനകള്‍ ആവശ്യമാണെന്നും സര്‍ക്കാരിന് നല്‍കിയ റിപോര്‍ട്ടില്‍ പറയുന്നു. ഇപ്പോള്‍ പ്രവര്‍ത്തിക്കുന്ന കള്ളുഷാപ്പുകളില്‍നിന്നുള്ള സാമ്പിള്‍ ശേഖരണവും പരിശോധനയും കര്‍ശനമാക്കണം. മദ്യവ്യവസായംകൊണ്ട് ലാഭമുണ്ടാക്കുന്നത് മദ്യലോബികള്‍ മാത്രമല്ല, സംസ്ഥാനത്തെ ഒരുവിഭാഗം ഉദ്യോഗസ്ഥരും  ഇതിലുണ്ടെന്ന് ഇന്റലിജന്‍സ് ഡിജിപി പറഞ്ഞു. അവര്‍ക്കും വന്‍തോതിലുള്ള നഷ്ടമുണ്ടായ പശ്ചാത്തലത്തില്‍ കള്ളുഷാപ്പുകള്‍ കേന്ദ്രീകരിച്ചും അതിര്‍ത്തി കേന്ദ്രീകരിച്ചും നടക്കുന്ന പരിശോധനകളില്‍ പോലിസിന്റെയും എക്‌സൈസിന്റെയും ഭാഗത്തുനിന്ന് മെല്ലെപ്പോക്കുണ്ടാവും. മദ്യലോബികള്‍ക്കും സ്ഥാപിത താല്‍പ്പര്യക്കാര്‍ക്കും വ്യാജമദ്യമൊഴുക്കാന്‍ അത് സഹായകരമാവും. അതിനാല്‍, അത്തരമൊരു സാഹചര്യമൊഴിവാക്കുന്നതിന് ശക്തമായ പരിശോധന നടത്തണമെന്നാണ് സര്‍ക്കാരിന് നല്‍കിയ റിപോര്‍ട്ടില്‍ ആവശ്യപ്പെട്ടത്.
Next Story

RELATED STORIES

Share it