മദ്യത്തിനെതിരേ ബോധവല്‍ക്കരണത്തിന് അവയര്‍നസ് മിഷന്‍

തിരുവനന്തപുരം: യുഡിഎഫിന്റെ മദ്യനയം ഫലംകണ്ടില്ലെന്ന വിലയിരുത്തലില്‍ പുതിയ പദ്ധതികളുമായി ഗവര്‍ണറുടെ നയപ്രഖ്യാപനം. മദ്യം, മയക്കുമരുന്ന് വിരുദ്ധപ്രവര്‍ത്തനങ്ങള്‍ സംബന്ധിച്ച് അവബോധം ശക്തിപ്പെടുത്തുന്നതിന് അവയര്‍നസ് മിഷന്‍ രൂപീകരിക്കുമെന്ന് പ്രഖ്യാപനം.
സ്റ്റുഡന്റ് പോലിസ് കാഡറ്റ്, സ്‌കൂളുകളിലെയും കോളജുകളിലെയും മയക്കുമരുന്ന് വിരുദ്ധ ക്ലബ്ബുകള്‍, എന്‍എസ്എസ്, കുടുംബശ്രീ, സംസ്ഥാന ലൈബ്രറി കൗണ്‍സില്‍, മദ്യവര്‍ജന സമിതി ഉള്‍പ്പെടെയുള്ള വിവിധ എന്‍ജിഒകള്‍, വിദ്യാര്‍ഥി- യുവജന സംഘടനകള്‍ എന്നിവയുടെ പ്രവര്‍ത്തനം മിഷന്‍ ഏകോപിപ്പിക്കും. മദ്യത്തിന്റെ ഉപഭോഗം, ലഹരിപദാര്‍ഥങ്ങളുടെ വ്യാപകമായ ലഭ്യത എന്നിവയില്‍നിന്നുണ്ടാവുന്ന സാമൂഹിക- സാമ്പത്തിക- ആരോഗ്യ പ്രശ്‌നങ്ങള്‍ എന്നിവ സംബന്ധിച്ച് വിശദമായ ശാസ്ത്രീയ പഠനം നടത്തും. മദ്യ ഉപഭോഗത്തില്‍ ഏര്‍പ്പെടുത്തിയ നിയന്ത്രണത്തിന് ഉദ്ദേശിച്ച ഫലം ലഭിച്ചില്ലെന്നാണ് സര്‍ക്കാരിന്റെ കാഴ്ചപ്പാടെന്ന് നയപ്രഖ്യാപനം പറയുന്നു. [related]
സംസ്ഥാനത്ത് മയക്കുമരുന്നിന്റെ ഉപയോഗത്തിലും ലഭ്യതയിലുമുള്ള വര്‍ധന അസ്വസ്ഥതയുളവാക്കുന്നു. നയപരമായ നിലപാട് രൂപീകരിക്കുന്നതിനു മുമ്പ് സമൂഹത്തിലെ എല്ലാവിഭാഗം ആളുകളുടെയും അഭിപ്രായം കണക്കിലെടുക്കും.
മയക്കുമരുന്ന് ഉപയോഗത്തെ പ്രതിരോധിക്കാന്‍ ആധുനിക സൗകര്യങ്ങളോടുകൂടിയ ലബോറട്ടറി സ്ഥാപിക്കും. എല്ലാ ജില്ലാ കേന്ദ്രത്തിലും ഡീ അഡിക്ഷന്‍ കേന്ദ്രങ്ങള്‍ രൂപീകരിക്കും.
മലപ്പുറം ജില്ലയിലെ നിലമ്പൂര്‍, ഇടുക്കി ജില്ലയിലെ ദേവികുളം എന്നിവിടങ്ങളില്‍ ജനമൈത്രി എക്‌സൈസ് ഓഫിസുകള്‍ സ്ഥാപിക്കും. തൃശൂരിലെ എക്‌സൈസ് അക്കാദമി ആന്റ് റിസര്‍ച് സെന്റര്‍ നാഷനല്‍ അക്കാദമിയായി ഉയര്‍ത്തുമെന്നും നയപ്രഖ്യാപനത്തില്‍ പറയുന്നു.
Next Story

RELATED STORIES

Share it