palakkad local

മദ്യത്തിനെതിരേ ആദിവാസി അമ്മമാര്‍ നടത്തുന്ന രാപ്പകല്‍ സമരം പത്താം ദിവസത്തിലേക്ക്

ജെസി എം ജോയ്

മണ്ണാര്‍ക്കാട്: മദ്യത്തിനെതിരേ ആദിവാസി അമ്മമാര്‍ നടത്തുന്ന രാപ്പകല്‍ സമരം പത്താം ദിവസത്തിലേക്ക് കടന്നു. മദ്യ വിപത്തിന്റെ പടുകുഴിയില്‍ നിന്നും മക്കളെയും ഭത്താക്കന്മരെയും കൈപിടിച്ച് ഉയര്‍ത്തുന്നതിന് വേണ്ടി പത്ത് ദിനരാത്രങ്ങളായി അമ്മമാര്‍ ഈ പോരാട്ടം തുടങ്ങിയിട്ട്.
അട്ടപ്പാടിയിലെ നട്ടക്കല്ലില്‍ മദ്യ വിപത്തിനെതിരെ രൂപം കൊണ്ട തായ്ക്കുലസംഘമാണ് സമരത്തിന്റെ മുന്‍ നിരയിലുള്ളത്. വര്‍ഷങ്ങള്‍ക്ക് മുന്‍പ് അട്ടപ്പാടിയില്‍ നിന്ന് മദ്യശാലകള്‍ ഒഴിവാക്കിയെങ്കിലും മദ്യ വിപത്തുകള്‍ ആദിവാസികളെ നിഴല്‍ പോലെ പിന്തുടരുന്ന സാഹചര്യത്തിലാണ് അമ്മമാരുടെ ഈ പോരാട്ടം. മദ്യം ഊരുകളില്‍ ഉണ്ടാക്കുന്ന കണ്ണ് നീരില്‍ നിന്ന് നാമ്പെടുത്ത സമരവീര്യം വിജയത്തിലെത്തിക്കാനുള്ള ദൃഢ പ്രതിജ്ഞയിലാണ് ഈ അമ്മമാര്‍. അട്ടപ്പാടിയില്‍ മദ്യം നിരോധിച്ചു എങ്കിലും തമിഴ്‌നാട് അതിര്‍ത്തിയായ അട്ടപ്പാടിയിലേക്ക് മദ്യം പല വഴി ഒഴുകി എത്തും. കഴിഞ്ഞ രണ്ട് മാസത്തിനുള്ളില്‍ 12 ആദിവാസികളാണ് മദ്യ ദുരന്തത്തില്‍ മരിച്ചത്. കഴിഞ്ഞ രണ്ടു വര്‍ഷത്തെ കണക്ക് പ്രകാരം 116 പേര്‍ മരിച്ചതായി റിപ്പോര്‍ട്ടുളളത്. സമരം തുടങ്ങിയതിന് ശേഷം നാലു പേര്‍ മരിച്ചു.
ആനക്കട്ടി അതിര്‍ത്തിയിലെ തമിഴ്‌നാട് സര്‍ക്കാരിന്റെ മദ്യശാലയിലെ നിലവാരമില്ലാത്ത മദ്യം കഴിച്ചവരാണ് ഇവരെല്ലാം. അട്ടപ്പാടിയിലെ ആദിവാസികളെ മാത്രം ലക്ഷ്യമാക്കി അതിര്‍ത്തിയിലെ തമിഴ്‌നാട് മദ്യശാല അടച്ചുപൂട്ടണമെന്നാണ് ലക്ഷ്യമെന്ന് തായ്ക്കുലസംഘത്തിന്റെ ലക്ഷ്യമെന്ന് തായ്ക്കുലസംഘം പ്രസിഡണ്ട് ഭഗവതി സെക്രട്ടറി മരുതി എന്നിവര്‍ തേജസിനോട് പറഞ്ഞു. അട്ടപ്പാടിയിലെ പോലെ തന്നെ തമിഴ് നാട് അതിര്‍ത്തിയുടെ പ്രാന്തപ്രദേശങ്ങളിലും മദ്യനിരോധനം നടപ്പാക്കണമെന്നാണ് തങ്ങളുടെ ആവശ്യം. കൈക്കുഞ്ഞുങ്ങളുമായാണ് ആദിവാസി അമ്മമാര്‍ സമരപ്പന്തലിലേക്കെത്തുന്നത്. ഇപ്പോള്‍ നടക്കുന്നത് സൂചനാ സമരമാണ് ഇപ്പോള്‍ നടക്കുന്നത്. 29 മുതല്‍ നിരാഹാര സമരം ആരംഭിക്കും.ലക്ഷ്യം കാണാതെ പിന്‍തിരിയില്ല.
മക്കളെയും ഭര്‍ത്താക്കന്മാരെയും നഷ്ടപ്പെട്ടുകൊണ്ടിരിക്കുന്ന അട്ടപ്പാടിയിലെ ആദിവാസി അമ്മമാരുടെ സമുഹത്തോടുള്ള യാചനയാണ് തായ്ക്കുലസംഘത്തിന്റെ സമരം. തുടിയലൂര്‍ പോലിസ് നല്‍കിയ റിപ്പോര്‍ട്ടിന് മേല്‍ കോയമ്പത്തൂര്‍ ഡിഎഫ്ഒ സമരപ്പന്തലില്‍ എത്തി സ്ഥിതി ഗതികള്‍ വിലയിരുത്തി. കൊഴിഞ്ഞാമ്പാറ ഭാരത് മാത കോളേജ് വിദ്യാര്‍ഥികള്‍ കഴിഞ്ഞ ദിവസം സമരപ്പന്തലില്‍ തെരുവ് നാടകം അവതരിപ്പിച്ചു.
അഗളി, പുത്തൂര്‍ ഷോളയൂര്‍ പഞ്ചായത്തുകളിലെ എസ്ടി പ്രമോട്ടര്‍മാര്‍ സമരത്തില്‍ പങ്കെടുക്കുന്നുണ്ട്. ആദിവാസി സ്‌പെഷ്യല്‍ കുടുംബശ്രീയിലെ ഊര് സമിതി എഡിഎസും പഞ്ചായത്ത് സിഡിഎസും സമരത്തിന് ഐക്യദാര്‍ഡ്യം പ്രഖ്യാപിച്ചിട്ടുണ്ട്.
Next Story

RELATED STORIES

Share it